blasters

മഡ്ഗാവ് : കഴിഞ്ഞ മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാനോട് രണ്ടു ഗോളിന് മുന്നിൽ നിന്നിട്ടും തോറ്റുപോയ കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് ഐ.എസ്.എൽ പോയിന്റ് പട്ടികയിലെ മുമ്പന്മാരായ മുംബയ് സിറ്റി എഫ്.സിയെ നേരിടാനിറങ്ങുന്നു. രാത്രി ഏഴരയ്ക്ക് ഗോവയിലെ ജി.എം.സി സ്റ്റേഡിയത്തിലാണ് മത്സരം.

15 മത്സരങ്ങൾ പിന്നിട്ടപ്പോൾ 15 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് കേരള ബ്ളാസ്റ്റേഴ്സ്.മൂന്ന് മത്സരങ്ങളിൽ മാത്രമാണ് കിബു വികുനയുട‌െ ശിഷ്യർക്ക് വിജയിക്കാൻ കഴിഞ്ഞത്. ആറെണ്ണത്തിൽ വീതം തോൽക്കുകയും സമനിലയിലാവുകയും ചെയ്തു.മുംബയ് സിറ്റിക്കെതിരെ കഴിഞ്ഞമാസം നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽക്കുകയായിരുന്നു ബ്ളാസ്റ്റേഴ്സ്.

14 മത്സരങ്ങളിൽ ഒൻപതും ജയിച്ചവരാണ് മുംബയ് സിറ്റി.മൂന്നെണ്ണം സമനിലയിലായപ്പോൾ രണ്ട് മത്സരങ്ങൾ മാത്രമാണ് തോറ്റത്. സീസണിലെ ആദ്യ മത്സരത്തിലും കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടായിരുന്നു രണ്ട് തോൽവികളും.30 പോയിന്റുമായാണ് മുംബയ് പട്ടികയിൽ ഒന്നാമതുള്ളത്.

ബ്ളാസ്റ്റേഴ്സിന് ഇന്നത്തേതുൾപ്പടെ അഞ്ചുമത്സരങ്ങളാണ് ശേഷിക്കുന്നത്. ഇതെല്ലാം ജയിച്ച് സെമിയിലേക്ക് എത്താൻ ഇക്കുറി സാധിക്കുമെന്ന് കടുത്ത ആരാധകർ പോലും വിശ്വസിക്കുന്നില്ല.

മുംബയ് സിറ്റി ടൂർണമെന്റിൽ മുന്നിൽ നിൽക്കുന്നവരാണ്. അവർ മികച്ച ടീമാണ്.മികച്ച പരിശീലകനുമുണ്ട്. കഴിഞ്ഞ മത്സരത്തിലെ തോൽവിയിൽ നിന്ന് മാനസികമായി കരകയറി മുംബയ്‌യെ തോൽപ്പിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ അത് അസാദ്ധ്യമൊന്നുമല്ല.മൂന്ന് പോയിന്റുകൾ സ്വന്തമാക്കാനുറച്ചുതന്നെയാണ് മുംബയ്‌യെ നേരിടാൻ ഇറങ്ങുന്നത്.

- കിബു വികുന ,

കേരള ബ്ളാസ്റ്റേഴ്സ് കോച്ച്

ബ്ളാസ്റ്റേഴ്സ് കഴിഞ്ഞ കുറച്ചുമത്സരങ്ങളായി മെച്ചപ്പെട്ടുവരുന്ന ടീമാണ്. ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം കഴിഞ്ഞ കളിയിൽ മാത്രമാണ് ഞങ്ങൾ തോറ്റത്. ഐ.എസ്.എൽ പോലൊരു നീണ്ട ലീഗിൽ ഒറ്റ മത്സരം പോലും തോൽക്കാതിരിക്കുക അസാദ്ധ്യമാണ്.പക്ഷേ ഇനിയുള്ള മത്സരങ്ങളിൽ തോൽക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.

- സെർജിയോ ലൊബേറ

മുംബയ് സിറ്റി കോച്ച്

ഫയറിംഗ് മൊത്തം റഫറിയിംഗിന്

റഫറിയിംഗ് : ഫിഫയ്ക്ക് മെയിലയച്ച് മഞ്ഞപ്പട

ഐ.എസ്.എല്ലിലെ മോശം റഫറിയിംഗിനെക്കുറിച്ച് അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷന് പരാതി അയച്ച് കേരള ബ്ളാസ്റ്റേഴ്സിന്റെ ഔദ്യോഗിക ആരാധക സംഘമായ മഞ്ഞപ്പട . ഐ.എസ്.എൽ സംഘാടകർക്കും ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനും പരാതി നൽകിയിട്ടും ഫലമില്ലാതായതോടെയാണ് ഫിഫയെത്തന്നെ സമീപിച്ചത്.

ഫുട്ബാളിന്റെ സൗന്ദര്യം നഷ്ടമാക്കുന്ന രീതിയിലേക്ക് റഫറയിംഗ് അധപ്പതിച്ചതായി പരാതിയിൽ പറയുന്നു. ജംഷഡ്പൂർ എഫ്.സിയെതിരായ മത്സരത്തിൽ ഗാരി ഹൂപ്പറിന്റെ ഷോട്ട് ക്രോസ്ബാറിൽ തട്ടി ഗോൾവര കടന്നിട്ടും റഫറി അനുവദിക്കാതിരുന്നതും ബഗാന് എതിരായ മത്സരത്തിൽ അവർക്ക് അനുകൂലമായി അനാവശ്യപെനാൽറ്റി വിധിച്ചതും ചൂണ്ടിക്കാട്ടിയാണ് മഞ്ഞപ്പടയുടെ പരാതി.

അതേസമയം ഇന്നലെ മുംബയ് സിറ്റിക്കെതിരായ മത്സരത്തിന് മുന്നോടിയായി മാദ്ധ്യമപ്രവർത്തകരുമായി സംസാരിച്ച ബ്ളാസ്റ്റേഴ്സ് കോച്ച് കിബു വികുന റഫറിയിംഗിനെ വിമർശിക്കാൻ വിസമ്മതിച്ചു. റഫറിമാരോട് ബഹുമാനമുണ്ടെന്നും കളിയെക്കുറിച്ചുമാത്രമാണ് തനിക്ക് സംസാരിക്കാനുള്ളതെന്നും വികുന പറഞ്ഞു.

റഫറിയിംഗിനെതിരെ അനാവശ്യ പരാമർശം ; ഒഡിഷ കോച്ച് തെറിച്ചു

ഐ.എസ്.എല്ലിലെ മോശം റഫറിയിംഗിനെക്കുറിച്ച് അതിലും മോശമായ ഭാഷയിൽ പ്രതികരിച്ച പരിശീലകനെ ഒഡിഷ എഫ്.സി കയ്യോടെ പുറത്താക്കി. ജംഷഡ്പൂർ എഫ്.സിക്കെതിരായ മത്സരത്തിലെ തോൽവിക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഒഡിഷ കോച്ച് സ്റ്റുവാർട്ട് ബാക്സ്റ്റർ അനാവശ്യ പരാമർശനം നടത്തിയത്. മത്സരത്തിൽ ഒഡിഷയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിക്കാൻ റഫറി തയ്യാറായിരുന്നില്ല. റഫറി പെനാൽറ്റി വിധിക്കാൻ കളിക്കളത്തിൽ ബലാൽസംഗം ചെയ്യുകയോ ചെയ്യപ്പെടുകയോ വേണമെന്ന ബാക്സ്റ്ററിന്റെ പരാമർശമാണ് വിവാദമായത്.

ഫൗളറെ വിലക്കിയേക്കും

റഫറിയുടെ മോശം തീരുമാനങ്ങൾക്കെതിരെ വംശീയമായ പരാമർശം ന‌ടത്തിയ ഈസ്റ്റ് ബംഗാളിന്റെ ഇംഗ്ളീഷ് കോച്ച് റോബീ ഫൗളറെ ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ക‌ടുത്ത നടപടി സ്വീകരിച്ചേക്കും. എഫ്.സി ഗോവയ്ക്ക് എതിരായ മത്സരത്തിന് ശേഷമാണ് ഫൗളർ റഫറിയെ വംശീയമായി ആക്ഷേപിച്ചത്. ആറ് മത്സരങ്ങളിൽ നിന്നുള്ള വിലക്കും ആറു ലക്ഷം രൂപ പിഴയും ഫൗളർക്ക് ലഭിക്കുമെന്നാണ് സൂചന.