pinarayi

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇനിമുതൽ ഭക്ഷ്യവസ്‌തുക്കൾകക് പകരം ഭക്ഷ്യക്കൂപ്പൺവിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ അദ്ധ്യയന വർഷം സ്‌കൂളുകൾ പൂർണമായി തുറന്നു പ്രവർത്തിക്കുന്നതു വരെ ഭക്ഷ്യകിറ്റുകൾക്ക് പകരം ഭക്ഷ്യ കൂപ്പണുകൾ ആയിരിക്കും നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രൈമറി വിഭാഗത്തിലെ കുട്ടികൾക്ക് 300 രൂപയുടേയും, യു.പി.വിഭാഗത്തിലെ കുട്ടികൾക്ക് 500 രൂപയുടേയും കൂപ്പണുകളാണ് നൽകുന്നത്. ഇതുപയോഗിച്ച് സപ്ലൈകോ വിൽപ്പന കേന്ദ്രങ്ങളിൽ നിന്നും ഭക്ഷ്യ വസ്‌തുക്കൾ വാങ്ങാം. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'കൊവിഡ് പ്രതിസന്ധി ഭക്ഷ്യക്ഷാമം സൃഷ്‌ടിക്കാതിരിക്കാൻ ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചത്. വിവിധ ഭക്ഷ്യ വിതരണ പദ്ധതികളും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും നടപ്പിലാക്കി. അതിന്റെ ഭാഗമായി കൊവിഡ് കാലത്ത് പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവസ്‌തുക്കൾ വിതരണം ചെയ്യുന്നത് ഇനിയുള്ള മാസങ്ങളിലും തുടരും. ഈ അദ്ധ്യയന വർഷം സ്‌കൂളുകൾ പൂർണ്ണമായി തുറന്നു പ്രവർത്തിക്കുന്നതു വരെ ഭക്ഷ്യകിറ്റുകൾക്ക് പകരം ഭക്ഷ്യ കൂപ്പണുകൾ ആയിരിക്കും നൽകുന്നത്. കൊവിഡ്19 സർവൈവൽ കിറ്റുകളുടെ തയ്യാറാക്കലും വിതരണവും സപ്ലൈകോ ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ കൂപ്പൺ നൽകാൻ തീരുമാനിച്ചത്. പ്രൈമറി വിഭാഗത്തിലെ കുട്ടികൾക്ക് 300 രൂപയുടേയും, യു.പി.വിഭാഗത്തിലെ കുട്ടികൾക്ക് 500 രൂപയുടേയും കൂപ്പണുകളാണ് നൽകുന്നത്. കൂപ്പണുകൾ ഉപയോഗിച്ച് സപ്ലൈകോ വിൽപ്പന കേന്ദ്രങ്ങളിൽ നിന്നും ഭക്ഷ്യ വസ്തുക്കൾ വാങ്ങാവുന്നതാണ്'.