
തിരുവനന്തപുരം: കേരള സംസ്ഥാന ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) സഹകരണത്തോടെ ഐസിറ്റി അക്കാദമിയും കേരള ബ്ലോക്ക് ചെയിൻ അക്കാദമിയും നടത്തുന്ന ബ്ലോക്ക് ചെയിൻ, ഫുൾസ്റ്റാക് ഡെവലപ്‌മെന്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 8ലേക്ക് നീട്ടി.
പ്രൊഫഷണൽ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ലിങ്ക്ഡ് ഇൻ നടത്തിയ സർവെയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽ സാദ്ധ്യതയുള്ള മേഖലകളിൽ മുൻനിരയിലാണ് ബ്ലോക് ചെയിൻ,ഫുൾസ്റ്റാക്ക് ഇവ. ഈ രംഗങ്ങളിൽ മികച്ച കരിയർ ആഗ്രഹിക്കുന്നവർക്ക് abcd.kdisc.kerala.gov.inലൂടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
ഫെബ്രുവരി പത്തിന് നടക്കുന്ന ഓൺലൈൻ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക. എൻജിനീയറിംഗ്, സയൻസ് ബിരുദധാരികൾക്കും മൂന്നു വർഷ ഡിപ്ലോമക്കാർക്കും വർക്കിംഗ് പ്രൊഫഷണലുകൾക്കും ബ്ലോക്ക് ചെയിൻ, ഫുൾസ്റ്റാക്ക് ഡെവലപ്‌മെന്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
ഫുൾസ്റ്റാക് കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ടിസിഎസ് അയോണിൽ (TCS ion) ഇന്റേൺഷിപ്പും ലഭിക്കും. അസോസിയേറ്റ്, ഡെവലപ്പർ, ആർക്കിടെക്ച്ചർ എന്നിങ്ങനെ ത്രീ ലെവൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമാണ് ബ്ലോക് ചെയിൻ കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചി പ്രകാരം കോഴ്സ് തെരഞ്ഞെടുക്കാം.
ന്യൂമറിക്കൽ എബിലിറ്റി, ലോജിക്കൽ റീസൺ, കംപ്യൂട്ടർ സയൻസ് ബേസിക്‌സ് തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും പരീക്ഷ. രജിസ്‌ട്രേഷൻ ഫീസ് 250 രൂപയാണ്. കൂടാതെ കോഴ്സ് അഡ്വാൻസ് തുകയായി 1000 രൂപയും വിദ്യാർത്ഥികൾ അടയ്ക്കണം.
തിരഞ്ഞെടുക്കപ്പെടാത്ത വിദ്യാർഥികൾക്ക് അഡ്വാൻസ് തുക തിരികെ ലഭിക്കും.
പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കുന്ന വനിതകൾക്ക് നൂറു ശതമാനവും മറ്റുള്ളവർക്ക് 70 ശതമാനവും സ്‌കോളർഷിപ്പിന് അർഹതയുണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04712700813, 8078102119.