
കൊച്ചി: ബാങ്കിംഗ് മേഖലയ്ക്ക് ആശ്വാസം പകർന്ന് കിട്ടാക്കടം വൻതോതിൽ കുറയുന്നു. കേന്ദ്ര ധനസഹമന്ത്രി അനുരാഗ് താക്കൂർ ഇന്നലെ രാജ്യസഭയിൽ സമർപ്പിച്ച കണക്കുപ്രകാരം ബാങ്കുകളുടെ കിട്ടാക്കടം (മൊത്തം നിഷ്‌ക്രിയ ആസ്‌തി) 2018 മാർച്ചിലെ 10.36 ലക്ഷം കോടി രൂപയിൽ നിന്ന് 2020 സെപ്‌തംബറിൽ 8.08 ലക്ഷം കോടി രൂപയായി കുറഞ്ഞു.
ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകളുടെ കിട്ടാക്കടം 2015 മാർച്ച് 31ലെ കണക്കനുസരിച്ച് 3.23 ലക്ഷം കോടി രൂപയായിരുന്നു. ഇതാണ്, 2018ൽ 10 ലക്ഷം കോടി കടന്നത്. എന്നാൽ സർക്കാർ മുൻകൈ എടുത്ത് നടപ്പാക്കിയ കിട്ടാക്കടം അതിവേഗം തിരിച്ചറിയൽ, പരിഹാരമാർഗങ്ങൾ, ബാങ്കുകൾക്ക് മൂലധന സഹായം, ബാങ്കിംഗ് പരിഷ്കാരങ്ങൾ എന്നിവയാണ് പിന്നീട് കിട്ടാക്കടത്തിൽ രണ്ടുലക്ഷം കോടിയോളം രൂപയുടെ കുറവുവരാൻ സഹായിച്ചതെന്നും ധനസഹമന്ത്രി പറഞ്ഞു.
റിസർവ് ബാങ്കിൽ നിന്ന്
ഇക്കുറി ചെറിയ ലാഭവിഹിതം
നികുതിവരുമാനക്കുറവ് നികത്താൻ റിസർവ് ബാങ്കിന്റെ കീശയിൽ മുൻവർഷങ്ങളിൽ കണ്ണുനട്ട കേന്ദ്രസർക്കാർ, ഈവർഷം പ്രതീക്ഷിക്കുന്നത് കുറഞ്ഞ ലാഭവിഹിതം. ജൂലായ്-ജൂൺ സാമ്പത്തികവർഷം പിന്തുടർന്നിരുന്ന റിസർവ് ബാങ്ക് 2020ൽ 57,132 കോടി രൂപയുടെ സർപ്ളസ് (അധികവരുമാനം) നേടിയിരുന്നു. ഇതിലെ 57,128 കോടി രൂപയും സർക്കാരിന് നൽകി.
സർക്കാരിന്റെ നടപടിക്രമങ്ങളുമായി ഒത്തുപോകാൻ റിസർവ് ബാങ്കും ഇനി ഏപ്രിൽ-മാർച്ച് സാമ്പത്തിക വർഷം പിന്തുടരും. റിസർവ് ബാങ്ക്, പൊതുമേഖലാ ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് 2021-22ൽ സർക്കാർ പ്രതീക്ഷിക്കുന്ന ലാഭവിഹിതം 53,511 കോടി രൂപ മാത്രമാണ്. അതായത്, റിസർവ് ബാങ്കിൽ നിന്നുള്ള ലാഭവിഹിതം മുൻവർഷത്തേക്കാൾ കുറവായിരിക്കും.
'നിഷ്‌ക്രിയ" ബാങ്ക്
രണ്ടുമാസത്തികം
ബാങ്കുകളുടെ കിട്ടാക്കട പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം മുൻകൈയെടുത്ത് രൂപീകരിക്കുന്ന അസറ്റ് റീകൺസ്‌ട്രക്‌ഷൻ കമ്പനി അഥവാ 'നിഷ്‌ക്രിയ" ബാങ്ക് (ബാഡ് ബാങ്ക്) ഒന്നോ രണ്ടോ മാസത്തിനകം യാഥാർത്ഥ്യമാകും. പൊതു-സ്വകാര്യ ബാങ്കുകളുടെ പങ്കാളിത്തത്തോടെയാണ് ബാഡ് ബാങ്ക് രൂപീകരിക്കുക.
ബാങ്കുകളുടെ കിട്ടാക്കടത്തിൽ നിന്ന് 2.25 ലക്ഷം കോടി രൂപ പ്രാഥമികമായി ബാഡ് ബാങ്കിന് കൈമാറും. 500 കോടി രൂപയ്ക്കുമേൽ കിട്ടാക്കടമുള്ള 70ഓളം അക്കൗണ്ടുകളാണ് ബാഡ് ബാങ്കിലേക്ക് മാറുക. റിസർവ് ബാങ്കുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ബാഡ് ബാങ്ക് രൂപീകരിക്കാനുള്ള നീക്കം. ബാഡ് ബാങ്കിൽ സർക്കാർ നിക്ഷേപിക്കുകയോ നിയന്ത്രണം ഏറ്റെടുക്കുകയോ ചെയ്യില്ല.
കയറ്റുമതിയിൽ ഉണർവ്;
വ്യാപാരക്കമ്മി കീഴോട്ട്
സമ്പദ്‌മേഖലയ്ക്ക് ആശ്വാസവുമായി ജനുവരിയിൽ കയറ്റുമതി 5.37 ശതമാനം വർദ്ധിച്ച് 2,274 കോടി ഡോളറിലെത്തി. മരുന്ന് (16.4 ശതമാനം), എൻജിനിയറിംഗ് ഉത്‌പന്നങ്ങൾ (19 ശതമാനം), ഓയിൽ മീൽസ് (253 ശതമാനം), ഇരുമ്പയിര് (108 ശതമാനം) തുടങ്ങിയവയുടെ വളർച്ചയാണ് കരുത്തായത്.
ഇറക്കുമതി കഴിഞ്ഞമാസം രണ്ടു ശതമാനം വർദ്ധിച്ച് 4,200 കോടി ഡോളറായി. ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി 1,530 കോടി ഡോളറിൽ നിന്ന് 1,475 കോടി ഡോളറിലേക്കും കുറഞ്ഞു.
ഓഹരികളിൽ
ആഹ്ളാദക്കുതിപ്പ്
കേന്ദ്ര ബഡ്‌ജറ്റിന് പിന്തുണയുമായി ഇന്ത്യൻ ഓഹരി സൂചികകൾ കാഴ്‌ചവയ്ക്കുന്ന ആഹ്ളാദക്കുതിപ്പ് രണ്ടാംനാളിലും തുടർന്നു. തിങ്കളാഴ്‌ച 2,000 പോയിന്റിനുമേൽ മുന്നേറിയ സെൻസെക്‌സ് ഇന്നലെ 1,197 പോയിന്റുയർന്ന് 49,798ലാണ് വ്യാപാരം അവസാനിപ്പിച്ചത്. റെക്കാഡ് ക്ളോസിംഗ് പോയിന്റാണിത്.
കഴിഞ്ഞമാസം സെൻസെക്‌സ് 50,000 പോയിന്റുകൾ ഭേദിച്ചെങ്കിലും ആ നേട്ടത്തിൽ വ്യാപാരം പൂർത്തിയാക്കിയിരുന്നില്ല. നിഫ്‌റ്റി 367 പോയിന്റ് നേട്ടവുമായി 14,648ലാണ് ഇപ്പോഴുള്ളത്.
₹4.14 ലക്ഷം കോടി
ഇന്നലെ സെൻസെക്‌സിന്റെ മൂല്യം 4.14 ലക്ഷം കോടി രൂപയുടെ വർദ്ധനയുമായി 196.60 ലക്ഷം കോടി രൂപയിലെത്തി. രണ്ടുദിവസത്തിനിടെ വർദ്ധന 10.48 ലക്ഷം കോടി രൂപയാണ്.
വീണ്ടും കുറഞ്ഞ്
സ്വർണവില
ബഡ്‌ജറ്റിൽ ഇറക്കുമതി തീരുവ 12.5 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറച്ചതിനാൽ സ്വർണവില തുടർച്ചയായ രണ്ടാംനാളിലും കുറഞ്ഞു. ഗ്രാം വില 4,550 രൂപയിൽ നിന്ന് 35 രൂപ കുറഞ്ഞ് 4,515 രൂപയായി. 280 രൂപ കുറഞ്ഞ് 36,120 രൂപയാണ് പവൻവില. രണ്ടുദിവസത്തിനിടെ പവന് 680 രൂപയും ഗ്രാമിന് 85 രൂപയുമാണ് കുറഞ്ഞത്.