
യാംഗോൺ: വർഷങ്ങളായി റാഖൈനിലും രാജ്യത്തിന് പുറത്തും നരക ജീവിതം നയിക്കുന്ന റോഹിംഗ്യൻ മുസ്ലീംങ്ങളെ മ്യാൻമറിലെ സൈനിക അട്ടിമറി കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുമെന്ന് ഐക്യരാഷ്ട്ര സഭ. ഒരു ദശലക്ഷത്തോളം റോഹിംഗ്യകൾ വർഷങ്ങളായി ബംഗ്ലദേശിലുൾപ്പടെ അഭയാർഥികളായി കഴിയുന്നുണ്ട്. മ്യാൻമറിൽ അവശേഷിക്കുന്നത് ആറു ലക്ഷത്തോളം പേരാണ്. പട്ടാളഭരണം ഇവരുടെ ജീവിതത്തെയും ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. വിഷയം ചർച്ച ചെയ്യാൻ യു.എൻ രക്ഷാ സമിതി അടിയന്തര സമ്മേളനം ചേരുന്നുണ്ട്.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിച്ച് പട്ടാളം വീണ്ടും അധികാരം പിടിച്ചെടുത്തു. ഇതിന്റെ ഭാഗമായി ഓങ് സാൻ സൂചി ഉൾപെടെയുള്ള എൻ.എൽ.ഡിയുടെ പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു.
സൈന്യം വംശഹത്യയാണ് റാഖൈനിൽ നടത്തിയതെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസും പാശ്ചാത്യ രാജ്യങ്ങളും  കുറ്റപ്പെടുത്തിയിരുന്നു. നടപടിക്കെതിരെ അന്താരാഷ്ട്ര കോടതിയിൽ കേസ് വിചാരണ പുരോഗമിക്കുകയാണ്. ഇതിനിടെയിലാണ് പട്ടാളം വീണ്ടും ഭരണം അട്ടിമറിയിലൂടെ നേടിയെടുത്തത്.
അതേസമയം ചൊവ്വാഴ്ച ചേരുന്ന 15 അംഗ യു.എൻ രക്ഷാ സമിതി യോഗം മ്യാൻമർ പ്രശ്നം അടിയന്തരമായി ചർച്ച ചെയ്യും. സൈനിക അട്ടിമറി അവസാനിച്ചില്ലെങ്കിൽ ഉപരോധം പ്രഖ്യാപിക്കുമെന്ന് യു.എസ് മുന്നറിയിപ്പ് നൽകിയിരുന്നു.
രാജ്യത്ത് ഭരണത്തോടൊപ്പം സാമ്പത്തിക രംഗവും നിയന്ത്രിക്കുന്നതാണ് സൈന്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നത്. മ്യാൻമറിൽ ബാങ്ക്, ടെലികോം, രത്നം, ടെക്സ്റ്റൈൽ, ലോഹ മേഖലകളിലുൾപ്പടെ സമ്പൂർണ നിയന്ത്രണമുള്ള രണ്ട് മുൻനിര കമ്പനികളായ മ്യാൻമർ എക്കണോമിക് ഹോൾഡിംഗ്സ് ലിമിറ്റഡ്, മ്യാൻമർ എക്കണോമിക് കോർപറേഷൻ എന്നിവ പട്ടാളത്തിന്റെ നിയന്ത്രണത്തിലാണ്.  രണ്ടു സ്ഥാപനങ്ങളിലും സൈനിക പങ്കാളിത്തം ശക്തമായതിനാൽ ബാഹ്യ ഇടപെടലുകൾക്ക് എത്രത്തോളം മാറ്റം വരുത്താനാകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഈ സ്ഥാപനങ്ങൾക്കെതിരെ നേരത്തെ യു.എസ് ഉപരോധം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.