
യാംഗോൺ: മ്യാൻമറിൽ അട്ടിമറിയിലൂടെ പട്ടാളം ഭരണം ഏറ്റെടുത്തതിനെതിരെ നടപടിയെടുക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. സന്യം തങ്ങളുടെ നടപടി ഉടൻ തന്നെ പിൻവലിക്കണമെന്നും അല്ലെങ്കിൽ യു.എസ്. വീണ്ടും ഉപരോധം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യമൂല്യങ്ങളെ അട്ടിമറിക്കുന്ന നടപടി അനുവദിക്കില്ല. മ്യാൻമരിനുമോൽ ഏർപ്പെടുത്തിയിരുന്ന ഉപരോധം പിൻവലിച്ചത് രാജ്യം ജനാധിപത്യ വ്യവസ്ഥയിൽ പ്രവത്തുന്നുണ്ടെന്ന് ബോധ്യപ്പെടതുകൊണ്ടാണ്. ഈ നടപടിയുമായി സൈന്യം മുന്നോട്ടുപോകുകയാണെങ്കിൽ രാജ്യത്തിനുമേൽ വീണ്ടും ഉപരോധം ഏർപ്പെടുത്തുമെന്നും ബൈഡൻ അറിയിച്ചു. മ്യാൻമറിന്റെ ഭരണാധികാരിയും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂചിയ്ക്ക് പിൻതുണ പ്രഖ്യാപിക്കുന്നതായും മ്യാൻമറിലെ സൈനിക നടപടിക്കെതിരെ രാജ്യാന്തര സമൂഹം മുന്നോട്ടുവരണമെന്നും ബൈഡൻ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാനുള്ള ഒരു നീക്കത്തെയും പിന്തുണക്കില്ല. മ്യാൻമറിന്‍റെ ജനാധിപത്യപരമായ മാറ്റമാണ് ആഗ്രഹിക്കുന്നതെന്നും വൈറ്റ് ഹൗസ് വക്താവ് ജെൻ പാകി വ്യക്തമാക്കിയിരുന്നു.
അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത പട്ടാളം ഓങ് സാൻ സൂചിയും പ്രസിഡന്‍റ് യുവിൻ മിന്‍റ് അടക്കമുള്ളവരെ തടങ്കലിലാക്കി. കമാൻഡർ ഇൻ ചീഫ് മിൻ ആങ് ഹേലിങ്ങിന് അധികാരം കൈമാറുകയാണെന്നും സൈന്യം പ്രഖ്യാപിച്ചു.