
കീർത്തിചക്ര എന്ന സിനിമയുണ്ടാക്കാൻ തനിക്ക് നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്യേണ്ടിവന്നിരുന്നെന്ന് മേജർ രവി. സൈന്യത്തിൽ നിന്ന് സ്വയം വിരമിച്ചശേഷമാണ് സിനിമയിലേക്ക് കടന്നതെന്നും, എന്നാൽ മലയാള സിനിമയിൽ നിന്ന് ധാരാളം അവഗണന നേരിടേണ്ടിവന്നുവെന്ന് മേജർ പറയുന്നു.
പ്രിയദർശന്റെ അസിസ്‌റ്റിന്റ് ആയിട്ട് നൂറിലധികം പരസ്യചിത്രങ്ങൾ ചെയ‌്തു. അവിടെ നിന്നാണ് സിനിമയുടെ രീതികൾ കൂടുതൽ അറിഞ്ഞത്. പിന്നീട് ഷാജി എം കരുണിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ട് കീർത്തിചക്രയുടെ കഥ തയ്യാറാക്കുകയായിരുന്നു. കീർത്തിചക്രയുടെ കഥ ആദ്യം പറഞ്ഞത് ബോളിവഡ് നടൻ സുനിൽ ഷെട്ടിയോട് ആയിരുന്നുവെന്ന് മേജർ പറയുന്നു. സുനിൽ ചെയ്യാമെന്നേറ്റെങ്കിലും നിർമ്മാണ കമ്പനി പിന്മാറിയതിനെ തുടർന്ന് പ്രോജക്‌ട് നിന്നു. പിന്നീട് ബിജു മേനോനെ നായകനാക്കാനുള്ള തയ്യാറെടുപ്പും പാതിവഴിയിൽ അവസാനിച്ചു.
ഒടുവിൽ മോഹൻലാലിലേക്ക് എത്തിയപ്പോഴാണ് സിനിമയ‌്ക്ക് ജീവൻവച്ചതെങ്കിലും, ചിലയിടങ്ങളിൽ നിന്ന് ധാരാളം അവഗണനയും പരിഹാസവും നേരിട്ടു. മോഹൻലാൽ എന്തിനാണ് ഈ പട്ടാളക്കാരനൊക്കെ ഡേറ്റ് കൊടുത്തതെന്ന് ചിലർ പറഞ്ഞുനടന്നു. അത് തന്നെ മാനസികമായി തളർത്തി. ചില ദിവസങ്ങളിൽ രാത്രി ഒറ്റയ‌്ക്കിരുന്ന് കരയേണ്ട അവസ്ഥ വന്നിട്ടുണ്ടെന്ന് മേജർ രവി പറയുന്നു. ചിത്രം റിലീസ് ചെയ‌്ത് വൻവിജയമായതോടെയാണ് ജീവിതം തന്നെ മാറിമറിഞ്ഞത്. പുതിയൊരു മേജർ രവി അവിടെ ജനിക്കുകയായിരുന്നെന്നും, അതിന് കാരണമായവർ മോഹൻലാൽ, പ്രിയദർശൻ, നിർമ്മാതാവ് ആർ ബി ചൗധരി, ഷാജി എൻ കരുൺ എന്നിവരാണെന്ന് മേജർ വ്യക്തമാക്കുന്നു.