
ദുബായ്: ദുബായിൽ സൈക്കിളുകൾക്ക് വേഗപരിധി നിശ്ചയിച്ച് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിട്ടി.. മണിക്കൂറിൽ 30 കിലോമീറ്ററും 20 കിലോമീറ്ററും വേഗത്തിലാണ് വേഗത നിയന്ത്രിച്ചിരിക്കുന്നത്. വേഗതാനിയന്ത്രണത്തിന് ദുബായ് പൊലീസുമായി സഹകരിച്ച് സൈക്ലിസ്റ്റുകളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ആർ.ടി.ഒ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സി.ഇ.ഒ മെയ്താ ബിൻ അദായ് പറഞ്ഞു.വേഗതയെ കുറിച്ച് വിശദമായ പഠനം നടത്തിയ ശേഷമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ട്രാക്കുകൾ, എൻട്രി- എക്സിറ്റ് പോയിന്റുകൾ, ട്രാക്കിന്റെ നീളംളം, വീതി, ഡിസൈൻ, തൊട്ടടുത്ത റോഡ് തുടങ്ങിയവയെല്ലാം പഠിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. നിലവാരമുള്ള ഹെൽമെറ്റ് ധരിക്കുക, റിഫ്ലക്ടിവ് ജാക്കറ്റ് ധരിക്കുക, തെളിച്ചമുള്ള ലൈറ്റുകൾ സൈക്കിളിന് മുന്നിൽ ഘടിപ്പിക്കുക, ബ്രേക്കുകൾ ഉറപ്പുവരുത്തുക തുടങ്ങിയവയും കർശനമാക്കും. ദുബൈയിൽ നിലവിൽ 425 കിലോമീറ്റർ സൈക്കിൾ ട്രാക്കാണുള്ളത്. 2025ഓടെ ഇത് 668 കിലോമീറ്ററായി ഉയർത്താനാണ് തീരുമാനം. ലോകത്തിലെ ഏറ്റവും മികച്ച സൈക്കിൾ സൗഹൃദ നഗരമായി ദുബൈയെ മാറ്റാനും പദ്ധതിയുണ്ട്.