
വാഷിംഗ്ടൺ: യു.എസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ആക്ടിംഗ് ചീഫ് ഒഫ് സ്റ്റാഫായി ഇന്ത്യൻ വംശജ ഭവ്യ ലാലിനെ നിയമിച്ചു. ജോ ബൈഡന്റെ പ്രസിഡൻഷ്യൽ ട്രാൻസിഷൻ ഏജൻസി അവലോകന സംഘാംഗമായി പ്രവർത്തിച്ചിരുന്നു. ബഹിരാകാശ സാങ്കേതിക വിദ്യയിലും എൻജിനീയറിങ്ങിലും അഗാത പണ്ഡിത്യമുള്ള വനിതയാണ് ഭവ്യ ലാലെന്ന് നാസ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിഫൻസ് അനാലിസിസ് സയൻസ് ആൻഡ് ടെക്നോളജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിൽ (എസ്.ടി.പി.ഐ) 2005 മുതൽ 2020 വരെ ഗവേഷണ സ്റ്റാഫ് അംഗമായും ഇന്തോ-അമേരിക്കൻ വനിതയായ ഭവ്യ ലാൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വൈറ്റ് ഹൗസിന്റെ ശാസ്ത്ര സാങ്കേതിക വിദ്യനയം, നാഷണൽ സ്പേസ് കൗൺസിൽ, കൂടാതെ നാസ, പ്രതിരോധ വകുപ്പ്, രഹസ്യാന്വേഷണ വിഭാഗം എന്നിവയുൾപ്പെടെയുള്ള ഫെഡറൽ ബഹിരാകാശാധിഷ്ഠിത ഓർഗനൈസേഷനുകൾക്കായുള്ള ബഹിരാകാശ സാങ്കേതികവിദ്യ, തന്ത്രം, നയം എന്നിവയുടെ വിശകലനത്തിന് ഭവ്യ ലാൽ നേതൃത്വം നൽകിയിട്ടുണ്ട്.