
തിരുവനന്തപുരം: കൊടി സ്ഥാപിക്കുന്നതിനെചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ ബി.ജെ.പി എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷം. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ നാളെ തലസ്ഥാനത്ത് എത്തുന്നതോട് അനുബന്ധിച്ച് കൊടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം,
കൊടി സ്ഥാപിക്കാനുള്ള ബി.ജെ.പി പ്രവർത്തകരുടെ ശ്രമം യൂണിവേഴ്സിറ്റി കോളേജിന് സമീപത്തുണ്ടായിരുന്ന .എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞു. ഇതാണ് നേരിയ സംഘർഷത്തിലേക്ക് നയിച്ചത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തിയതിനാൽ സംഘർഷം അക്രമത്തിലേക്ക് നീങ്ങുന്നത് തടയാനായി. ബി.ജെ.പി, എസ്.എഫ്..ഐ പ്രവർത്തകരെ പൊലീസ് സംഭവ സ്ഥലത്തുനിന്ന് നീക്കി. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് സംഭവ സ്ഥലം സന്ദർശിച്ചു. സംഭവ സമയത്ത് പൊലീസ് സാന്നിധ്യം ഉണ്ടായിട്ടും അക്രമികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്ന് ബി.ജെ.പി ആരോപിച്ചു.