pm-modi-

ന്യൂഡൽഹി: കൊവിഡ് കാലത്തെ അതിജീവിക്കാാനാവശ്യമായ പാക്കേജുകളെക്കുറിച്ചുള്ള പ്രഖ്യാപനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ച ആത്മനിർഭർതാ എന്ന വാക്കിനെ 2020ലെ ഓക്സ്‌ഫോഡ് ലാംഗ്വേജസിന്റെ ഹിന്ദി വാക്കായി തിരഞ്ഞെടുത്തു. ഇന്ത്യയിൽ കഴിഞ്ഞ വർഷം ഏറ്റവുമധികം പ്രമുഖർ ഉപയോഗിച്ച വാക്കും ആത്മനിർഭർതയാണ്. മഹാമാരിക്ക് മുമ്പിൽ രാജ്യത്തെ ധൈര്യപൂർവം നിർത്തിയ വാക്കാണ് ആത്മനിർഭർതാ എന്നും ഓക്സ്‌ഫോർഡ് ലാംഗ്വേജസ് പറഞ്ഞു. കൃതിക അഗർവാൾ, പൂനം നിഗം സഹയ്, ഇമോഗൻ ഫോക്സൽ എന്നിവരടങ്ങുന്ന പാനലാണ് ആത്മനിർഭർതയെ 2020 വർഷത്തെ ഹിന്ദി വാക്കായി പ്രഖ്യാപിച്ചത്.

ഒരു വർഷത്തിലെ സംഭവവികാസങ്ങളെയും മാറ്റങ്ങളെയും എല്ലാം പ്രതിനിധീകരിക്കുന്ന വാക്കാണ് ആ വർഷത്തെ ഹിന്ദി വാക്കായി പാനൽ തിരഞ്ഞെടുക്കുക. ഈ പദത്തിന് രാജ്യത്തെ സംസ്‌കാരമായും ഇഴയടുപ്പമുണ്ടാകണം എന്നതും നിർബന്ധമാണ്. രാജ്യത്തെ സമ്പദ്വ്യവസ്ഥയേയും വ്യവസായ മേഖലയേയും തിരിച്ചുകൊണ്ടുവരാൻ സ്വയം പര്യാപ്തതയാണ് വേണ്ടത് എന്ന ആഹ്വാനത്തിൽ നിന്നാണ് ആത്മനിർഭർതാ തരംഗമാകുന്നത്.

പിന്നീട് പല വേദികളിൽ പലരും ഈ വാക്ക് ഉപയോഗിച്ചു. വാക്കിനെ വാക്കിലൊതുക്കുക മാത്രമല്ല, രാജ്യത്തെ വീണ്ടും പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാൻ ആത്മനിർഭർതാ സഹായിച്ചു. മറ്റ് രാജ്യങ്ങളെ ആശ്രയിക്കാതെ കോവിഡ് വാക്സിനുകൾ വികസിപ്പിക്കാൻ ഈ ആശയത്തിലൂടെ സാധിച്ചു.

2019ൽ സംവിധാൻ ആയിരുന്നു പാനൽ തിരഞ്ഞെടുത്ത ഹിന്ദി വാക്ക്. 2018ൽ ശക്തിയും 2017ൽ ആധാറുമായിരുന്നു ഓക്സ്‌ഫോർഡ് ഹിന്ദി വാക്കുകൾ.