
ലക്നൗ: കഴിഞ്ഞ മാസം കാണാതായ പ്രായപൂർത്തിയാകാത്ത മകളെ കണ്ടെത്തുന്നതിനായി 15000 രൂപയ്ക്ക് യു.പി പൊലീസ് വികലാംഗയായ വൃദ്ധയെക്കൊണ്ട് ഡീസൽ അടിപ്പിച്ചു.ഉത്തർപ്രദേശിലെ കാൺപുർ ജില്ലയിലാണ് സംഭവം.
പൊലീസുകാരുടെ നിയമവിരുദ്ധ നടപടിക്കെതിരെ വൃദ്ധ പരാതി നൽകിയതോടെയാണ് വിവരം പുറത്തായത്. ക്രച്ചസിൽ താങ്ങിയാണ് ഗുഡിയ എന്ന സ്ത്രീ മകൾക്കു വേണ്ടി പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങുന്നത്. കഴിഞ്ഞ മാസമാണ് മകളെ കാണാനില്ലെന്ന് കാട്ടി പരാതി നൽകിയതെന്നും പൊലീസ് സഹായിക്കുന്നില്ലെന്നും ഗുഡിയ പ്രാദേശിക മാദ്ധ്യമങ്ങളോടു പറഞ്ഞു. ഞങ്ങൾ നോക്കുന്നുണ്ടെന്നാണ് പൊലീസുകാർ പറയുന്നത്. ചിലനേരത്ത് അവരെന്നെ തള്ളിമാറ്റാറുണ്ട്. മകളുടെ സ്വഭാവത്തെക്കുറിച്ച് മോശമായ രീതിയിൽ സംസാരിക്കുകയും തെറ്റുകാരിയാണെന്ന് ആവർത്തിക്കുകയും ചെയ്യാറുണ്ട്. 
വണ്ടിയിൽ ഡീസൽ അടിച്ചു തന്നാൽ മാത്രമേ അന്വേഷണം നടത്താൻ സാധിക്കൂവെന്നും അവർ പറഞ്ഞുവെന്നും ഗുഡിയ പറയുന്നു.ചില സമയത്ത് ഇവിടെനിന്നും പോകൂവെന്ന് പൊലീസ് ആക്രോശിക്കാറുണ്ട്. ഞാൻ പൊലീസുകാർക്ക് കൈക്കൂലി കൊടുത്തിട്ടില്ല, കള്ളം പറയുന്നതല്ല. പക്ഷേ, അവരുടെ വാഹനങ്ങളിൽ ഡീസലടിച്ചു നൽകിയിട്ടുണ്ട്. മൂന്നോ നാലോ ട്രിപ്പിനുള്ളത് നൽകിയിട്ടുണ്ട്. രണ്ടു പൊലീസുകാരാണ് ഇവിടെയുണ്ടായിരുന്നത്. 
അതിലൊരാൾ തന്നെ സഹായിക്കുകയും മറ്റേയാൾ ഉപദ്രവിക്കുകയുമായിരുന്നു.
ബന്ധുക്കളിൽനിന്നും പണം കടം വാങ്ങിയാണ് ഡീസലിന്റെ കാശ് അടച്ചത്. ഇതുപോലെ എങ്ങനെയാണ് മുന്നോട്ടുപോകാൻ സാധിക്കുകയെന്നും അവർ മാദ്ധ്യമങ്ങളോടു ചോദിക്കുന്നു.മകളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.