
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി നാൽപത്തിമൂന്ന് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 4.40 ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 22,62,004 പേർ മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി അറുപത്തിരണ്ട് ലക്ഷം കടന്നു.
വൈറസ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. യുസിൽ രണ്ട് കോടി എഴുപത് ലക്ഷം പേർക്കാണ് കൊവിഡ് ബാധിച്ചത്. ഒരു ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 4.57 ലക്ഷമായി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി അറുപത്തിയേഴ് ലക്ഷം പിന്നിട്ടു.
രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ 1,07,78,206 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 11,000ത്തിലധികം ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്.നിലവിൽ 1.57 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.1.54 ലക്ഷം പേർ മരിച്ചു.
രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്.രാജ്യത്ത് തൊണ്ണൂറ്റി രണ്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 2.26ലക്ഷം പേർ മരിച്ചു. എൺപത്തിയൊന്ന് ലക്ഷം പേർ സുഖം പ്രാപിച്ചു. റഷ്യയിലും ബ്രിട്ടനിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇരു രാജ്യങ്ങളിലും മുപ്പത്തിയെട്ട് ലക്ഷം പേർക്കുവീതമാണ് രോഗം ബാധിച്ചത്. ബ്രിട്ടനിൽ 16,000ത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആയിരത്തിലധികം പേരാണ് കഴിഞ്ഞദിവസം മരിച്ചത്. ഇതോടെ ആകെ മരണം 1,08,013 ആയി ഉയർന്നു.