
കൊച്ചി: സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ നടത്തിയിരുന്നയാൾ അറസ്റ്റിൽ. തൊടുപുഴ വണ്ണപ്പുറം സ്വദേശി റസൽ മുഹമ്മദാണ് അറസ്റ്റിലായത്. കേസിൽ തൃക്കാക്കര സ്വദേശി നജീബിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തൃക്കാക്കരയ്ക്ക് സമീപം ജഡ്ജി മുക്കിലെ വാടക കെട്ടിടത്തിലും, കൊച്ചി നഗരത്തിലെ ഫ്‌ളാറ്റിലുമാണ് ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ പ്രവർത്തിച്ചിരുന്നത്. രണ്ടിടത്തും പൊലീസ് പരിശോധന നടത്തി. പരിശോധനയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു.
വിദേശ കോളുകൾ ടെലികോം വകുപ്പ് അറിയാതെ റൂട്ടിംഗ് ഉപയോഗിച്ച് നിരക്ക് കുറച്ചു നൽകിയായിരുന്നു ടെലിഫോൺ എക്‌സ്‌ചേഞ്ച് പ്രവർത്തിച്ചിരുന്നത്. ഏത് രാജ്യത്ത് നിന്നുള്ള വിളിയാണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്തതിനാൽ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കും കള്ളക്കടത്തിനും ഉപയോഗിച്ചാൽ പോലും കണ്ടെത്താൻ സാധിക്കില്ല.