
കേരളത്തിന്റെ മഹിമ ലോകരാജ്യങ്ങൾക്കു മുന്നിൽ ഉയർത്തിപ്പിടിച്ച വിഖ്യാത സംവിധായകൻ ജി. അരവിന്ദൻ വീടുവയ്ക്കാനായി ചെറുതുരുത്തിയിൽ കുറച്ചു സ്ഥലം വാങ്ങി. പണ്ട് നിലമായി രേഖപ്പെടുത്തിയിരുന്ന ആ പ്രദേശത്ത് ധാരാളം വീടുകളും റോഡുകളും വന്നു. സ്ഥലം വാങ്ങി മൂന്നു വർഷമായപ്പോഴേക്കും ജി.അരവിന്ദൻ അന്തരിച്ചു. നാലുവർഷം കഴിഞ്ഞ് 1995 - ൽ സഹധർമ്മിണി കൗമുദി അമ്മ ആ മണ്ണ് കരഭൂമിയാക്കിക്കിട്ടാൻ അപേക്ഷ നൽകി. ഓഫീസുകളിൽ പലതവണ കയറിയിറങ്ങി. കാൽനൂറ്റാണ്ടിലേറെ അലച്ചിൽ തുടർന്നു. മതിൽകെട്ടി സംരക്ഷിച്ചിരുന്ന സ്ഥലം കാടായി. ജി. അരവിന്ദനെ ഓർത്തെങ്കിലും ആ വൃദ്ധമാതാവിനോട് കനിവുകാട്ടാൻ ഒരു ഉദ്യോഗസ്ഥനും മനസുവന്നില്ല. കഴിഞ്ഞദിവസം കുന്നംകുളം ടൗൺഹാളിൽ നടന്ന സാന്ത്വനസ്പർശം അദാലത്തിൽ വീണ്ടും അപേക്ഷ നൽകി. അത് പരിശോധിച്ച മന്ത്രി സി.രവീന്ദ്രനാഥ് കരഭൂമിയാക്കി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് 15 ദിവസത്തിനകം നൽകാൻ തൃശൂർ ആർ.ഡി.ഒയ്ക്ക് ഉത്തരവു നൽകി. ചതുപ്പുകളും തോടും വിശാലമായ പാടങ്ങളും കാടും മാത്രമല്ല, പുഴയും കായലും കടലും വരെ നഗരഭൂമിയാക്കിയ കേരളത്തിലാണ് കൗമുദി അമ്മയ്ക്ക് ഈ ദുരനുഭവം. കൈക്കൂലി കിട്ടാത്ത ഫയലുകൾ നീക്കാൻ സർക്കാർ ജീവനക്കാർക്ക് ഇപ്പോഴും പ്രയാസം തന്നെ. 'സർക്കാർ കാര്യം മുറപോലെ ' എന്ന ചൊല്ലിന്റെ അർത്ഥം ഇത്ര ഭീകരമാണ് എന്ന് മനസിലാക്കിയത് തിരുവനന്തപുരം നഗരസഭയിൽ ചെന്നപ്പോഴാണ്. മക്കളുടെ ജനന സെർട്ടിഫിക്കറ്റിൽ നഗരസഭ വരുത്തിയ ഒരു അക്ഷരത്തെറ്റ് തിരുത്താനാണ് ചെന്നത്. ഒപ്പം ഒരു ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കുകയും വേണം. പതിനൊന്നര മണിക്ക് ടോക്കൺ എടുത്തു കാത്തിരുന്നു .ഒരു മണിയായപ്പോൾ സീറ്റിൽ ഉണ്ടായിരുന്നവർ എണീറ്റു പോയി. രണ്ടേകാലായിട്ടും അവരെ കാണാതായപ്പോൾ മറ്റൊരു വിഭാഗത്തിൽ ഉണ്ടായിരുന്ന മാഡത്തോട് ചോദിച്ചു.
"ഇനി ഈ ടോക്കൺ എപ്പോഴാണ് വിളിക്കുക?" അവർക്ക് ചോദ്യം ഇഷ്ടപ്പെട്ടില്ല.
"ഇവിടെ ഉള്ളവർക്ക് ആഹാരം കഴിക്കുകയൊന്നും വേണ്ടേ?അവരൊക്കെ കഴിച്ചിട്ട് വന്നോളും."
വിനീതനായി ഞാൻ പറഞ്ഞു,"അത് മാന്യമായി പറഞ്ഞാൽ പോരെ? ക്ഷോഭിക്കുന്നത് എന്തിന്?." അതവർക്ക് തീരെ ഇഷ്ടപ്പെട്ടില്ല . കലിപൂണ്ട് അടുത്തിരുന്ന ആളോട് എന്തൊക്കെയോ പറഞ്ഞു. ആ മനുഷ്യൻ എഴുന്നേറ്റു പോയി. രണ്ടര മണിയായപ്പോൾ ഓരോരുത്തരായി വന്നുതുടങ്ങി. നമ്പർ വിളിച്ചപ്പോൾ ചെന്നു. അവിടെയിരുന്ന പുരുഷരത്നം ഓരോന്ന് നോക്കിയിട്ടു പറഞ്ഞു,
"കുട്ടികളുടെ മാതാവിന്റെ എസ്.എസ്. എൽ.സി ബുക്ക് വേണം. ആധാറും പാസ്‌പോർട്ടും റേഷൻകാർഡും കുട്ടികളുടെ പത്താംക്ലാസ് പരീക്ഷയുടെ സർട്ടിക്കറ്റും പോരാ."
പ്രശ്നമെന്താണ് ? കുട്ടികളു
' ശരി,നാളെ കൊണ്ടുവരാം.' പിറ്റേദിവസം രാവിലെ 10 മണിക്കെത്തി ടോക്കൺ എടുത്ത് കാത്തിരുന്നു. പത്തരയായിട്ടും ആരും വന്നില്ല. വാർഡ് കൗൺസിലർ പി.കെ.ഗോപകുമാറിനോട് വിവരം പറഞ്ഞു. കുറച്ചു കഴിഞ്ഞ് ഓരോരുത്തരായി വന്നു. ഇന്നലത്തെ പുരുഷരത്നം അപ്പോഴും എത്തിയിട്ടില്ല. എന്റെ നാലാം നമ്പർ ടോക്കൺ പതിനൊന്നര മണിക്ക് വിളിച്ചു. സീറ്റിൽ ഒരു യുവതിയാണ്. ഓരോ രേഖകൾ പരിശോധിച്ചു വന്നപ്പോൾ മൂത്തമകന്റെ ജനന സർട്ടിഫിക്കറ്റിൽ എന്റെ പേര് സി. ഇന്ദ്രബാബു എന്നും ഇളയ മകന്റെ ജനന സെർട്ടിഫിക്കറ്റിൽ ഇന്ദ്രബാബു സി. എന്നും രേഖപ്പെടുത്തിയിരിക്കുന്നു. രണ്ടും തിരുവനന്തപുരം നഗരസഭ തന്നതുതന്നെ.രണ്ടു സർട്ടിഫിക്കറ്റിലും ഒരുപോലെ വേണമെന്ന് ഉദ്യോഗസ്ഥ. അതിന് അച്ഛന്റെ എസ്.എസ്.എൽ.സി ബുക്ക് തന്നെ വേണം. ആധാറും പാസ്‌പോർട്ടും അക്രഡിറ്റേഷൻ കാർഡും ഉൾപ്പെടെ എല്ലാം കാണിച്ചിട്ടും ഇൻഷ്യൽ യഥാസ്ഥാനത്താക്കുന്നില്ല. കുട്ടികളുടെ പത്താംക്ലാസ് സർട്ടിഫിക്കറ്റുകളിൽ എല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒടുവിൽ എസ്.എസ്.എൽ.സി ബുക്ക് എത്തിച്ചു പകർപ്പുനൽകി. വീണ്ടും കുഴപ്പം. അതിൽ ഇന്ദ്രബാബു എന്ന് ഇംഗ്ലീഷിൽ രേഖപ്പെടുത്തിയിടത്ത് INDRA കഴിഞ്ഞ് ഒരല്പം സ്പെയ്സ് കിടക്കുന്നു. മലയാളം പേരിൽ പ്രശ്നമില്ല. മാഡം അതിൽ പിടിമുറുക്കി. ഇന്ദ്രബാബു എന്നത് ഒറ്റവാക്കാണെന്ന് സകല രേഖകളും കാണിച്ചിട്ടും മാഡം വഴങ്ങിയില്ല. ഇംഗ്ലീഷിൽ രേഖപ്പെടുത്തിയിട്ടുള്ളപോലെ അകലമിട്ടേ പേര് രേഖപ്പെടുത്തൂ. എന്ത് ചെയ്യാൻ, ആരോട് പറയാൻ? പരാതിപറയാൻ നഗരസഭയ്ക്ക് ഇപ്പോൾ സെക്രട്ടറിയുമില്ല. മാഡത്തിന്റെ ശാഠ്യംതന്നെ ജയിച്ചു.
ഇനിയൊരു പഴയ കഥ പറയാം. കരകുളം കാവുവിള പുത്തൻവീട്ടിൽ അപ്പുക്കുട്ടൻനായരുടെയും ഗീതാകുമാരിയുടെയും മൂത്ത മകനാണ് ശ്രീകണ്ഠൻ. നഗരസഭ നൽകിയ ജനനസർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് പെൺകുട്ടിയെന്ന്. ശ്രീകണ്ഠൻ 11 വയസുള്ള 'നല്ല ആൺകുട്ടി'യാണെന്ന് നേരിൽ ഹാജരാക്കിയിട്ടും പലതവണ നഗരസഭയിൽ കയറിയിറങ്ങിയിട്ടും തെറ്റുതിരുത്താൻ തയ്യാറായില്ല. 1996 ജൂലായ് 13ന് തൈക്കാട് ആശുപത്രിയിൽ ജനിച്ച ശ്രീകണ്ഠന്റെ ഡിസ്‌ചാർജ് സർട്ടിഫിക്കറ്റിൽ ആൺകുഞ്ഞ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതൊന്നും തിരുവനന്തപുരം നഗരസഭയ്ക്ക് തെളിവല്ല. 'ആദ്യത്തെ കൺമണി പെണ്ണായിരിക്കണ'മെന്ന ശാഠ്യത്തിൽ ഉദ്യോഗസ്ഥർ ഉറച്ചുനിന്നു. ഇതു സംബന്ധിച്ച് കേരളകൗമുദിയിൽ പേരൂർക്കട ലേഖകൻ എസ്. രാജേന്ദ്രൻ ഒരു റിപ്പോർട്ടെഴുതി. 'തീർപ്പാവാത്ത മേശപ്പുറത്ത്, തിരുത്തുന്നതും കാത്ത് ' എന്ന റിപ്പോർട്ട് അന്നത്തെ മേയറായിരുന്ന സി.ജയൻബാബു വായിച്ചു. കാപ്പികുടി പൂർത്തിയാവും മുമ്പ് അദ്ദേഹം ജനനമരണവിഭാഗം രജിസ്ട്രാർ ശ്രീകുമാറിനെ വിളിച്ചു. 10 മണിക്കുമുമ്പ് അതു സംബന്ധിച്ച റിപ്പോർട്ട് കിട്ടണമെന്നറിയിച്ചു. 'അതൊരു ഉത്തരവായിരുന്നു' എന്നാണ് വാർത്ത കൈകാര്യം ചെയ്ത അന്നത്തെ ന്യൂസ് എഡിറ്റർ പദ്മനാഭൻ നമ്പൂതിരി ഫേസ് ബുക്കിൽ കുറിച്ചത്. ആ പ്രഭാതത്തിൽത്തന്നെ ശ്രീകണ്ഠന്റെ ഫയൽ പൊടിതട്ടി എഴുന്നേറ്റു. അന്നുവൈകിട്ട് അഞ്ചുമണിക്കു മുമ്പ് അപ്പുക്കുട്ടൻനായരുടെ കരകുളത്തെ വീട്ടിൽ 'ശ്രീകണ്ഠൻ ആൺകുട്ടിതന്നെ' എന്ന് പ്രഖ്യാപിക്കുന്ന തിരുത്തിയ ജനനസർട്ടിഫിക്കറ്റ് നഗരസഭ ജീവനക്കാർ തന്നെ എത്തിച്ചു. അതാണ് കഴിവുറ്റ, നിർഭയനായ ഭരണാധികാരി മുകളിലുണ്ടായാലുള്ള ഗുണം.
ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന്റെ പൊരുളും അതുതന്നെ. പക്ഷേ, സാധാരണക്കാരൻ ഒരു സർക്കാർ ഓഫീസിൽ എത്തിയാൽ ആ ജീവിതം എടുത്തിട്ട് അലക്കുന്നതാണ് ഇപ്പോഴത്തെയും അവസ്ഥ. എന്താ പ്രതിവിധി? വെറുതേ നൂലാമാലകളുണ്ടാക്കി ജനങ്ങളെ വലയ്ക്കുന്ന 10 ജീവനക്കാരെ പിരിച്ചുവിട്ടു നോക്കൂ. കരയിലും വെള്ളത്തിലുമല്ലാത്തവിധം കുറെപ്പേരെ സസ്പെൻഡും ചെയ്തുനോക്കൂ. എല്ലാം ശരിയാവും. ഒരു യൂണിയൻ വക്കാലത്തും പരിഗണിക്കില്ലെന്ന ചങ്കൂറ്റം ഭരണാധികാരികൾക്ക് ഉണ്ടായാലേ അത് നടപ്പിലാകൂ. അല്ലെങ്കിൽ അടുത്തിടെ ഒരു നവമാദ്ധ്യമപ്പോരിൽ ഇര പ്രതിയെ കഴുത്തിന് കുത്തിപ്പിടിച്ച് കന്നത്തൊന്ന് കൊടുത്തതുപോലെ ജനങ്ങൾ അത്തരം ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യേണ്ടിവരും.
രാജഭരണത്തിന്റെ ദുഷ്ടുകൾ എല്ലാം അടിഞ്ഞുകൂടിയ ഒരിടമാണ് ഇന്നും തിരുവനന്തപുരം നഗരസഭ. രാജഭരണത്തിന്റെ നന്മകളെല്ലാം ഒഴുകിപ്പോവുകയും ചെയ്തു. ആശ്രിതരും അതിലൂടെ ഉണ്ടാവുന്ന പണവും മതി അവർക്ക്. പ്രഗത്ഭമതികൾ ഭരിച്ചിട്ടും ആർക്കും അതിനെ ശരിയായി തിരുത്താൻ കഴിയുന്നില്ല. ഇന്ന് അതിന്റെ തലപ്പത്ത് ഒരു പെൺകുട്ടിയാണ്. ഭരിക്കാൻ അറിവ് വേണം, കഴിവും പ്രവർത്തനപരിചയവും വേണം. എല്ലാം ശരിയായി മാറേണ്ടതാണ്. മാറട്ടെ എന്ന് ആശിക്കുന്നു.