tech

തിരുവനന്തപുരം: പള്ളിപ്പുറത്തെ ടെക്‌നോസിറ്റിയിൽ പണിത കെട്ടിടസമുച്ചയമായ കബനി നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പുതിയ സമുച്ചയത്തിൽ ഓഫീസ് തുടങ്ങാൻ 23 ഐ.ടി കമ്പനികൾ താത്പര്യം അറിയിച്ചിട്ടുണ്ട്.

ടെക്‌നോപാർക്കിന്റെ നാലാം ഘട്ട വികസനത്തിന്റെ ഭാഗമായുള്ള ടെക്‌നോസിറ്റിയിൽ 11 കമ്പനികളാണ് ആദ്യം പ്രവർത്തിക്കുക. 2017 ഒക്ടോബർ 27നാണ് ഐടി കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. മൂന്നു നിലകളാണുള്ളത്. ഓരോ നിലയുടെയും വിസ്തീർണം 50,000 ചതുരശ്രയടി വരും. കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് കേരളത്തിലെ ഐ.ടി പാർക്കുകളിൽ 3.05 ലക്ഷം ചതുരശ്രയടി സ്ഥലം കമ്പനികൾ തിരികെ നൽകുന്നതിനിടെയാണ് 2 ലക്ഷം ചതുരശ്ര അടിയുടെ കെട്ടിടം യാഥാർത്ഥ്യമാകുന്നത്.

പ്ലഗ് ആൻഡ് പ്ലേ സൗകര്യം

ചെറിയ സംരംഭകർക്ക് മറ്റ് നിർമ്മാണപ്രവർത്തനങ്ങൾ നടത്താതെ നേരിട്ട് വന്ന് ഉപയോഗിക്കാൻ കഴിയുന്ന ഫർണിഷ്ഡ് പ്ലഗ് ആൻഡ് പ്ലേ സൗകര്യമാണ് കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോറിലുള്ളത്. 10 സീറ്റ് മുതൽ 35 സീറ്റ് വരെ അടങ്ങുന്ന 29 സ്മാർട്ട് ബിസിനസ് സെന്റർ (എസ്.ബി.സി) മൊഡ്യൂളുകളാണ് ഇതിൽ സജ്ജീകരിച്ചിട്ടുള്ളത്. സംരംഭകർക്ക് അവരുടെ കംപ്യൂട്ടറുകൾ കൊണ്ടുവന്ന് പ്ലഗ് ചെയ്ത് അപ്പോൾ തന്നെ പ്രവർത്തിച്ചു തുടങ്ങാമെന്നതാണ് ഇതിന്റെ ഗുണം. ഓരോ മൊഡ്യൂളിലും മാനേജർ ക്യാബിൻ, അഞ്ച് പേർക്കിരിക്കാവുന്ന ഡിസ്‌കഷൻ റൂം, സെർവർ റൂം അടക്കമുള്ളവ ഉണ്ടാകും. 10 സീറ്റുള്ള ഒരു മൊഡ്യൂളിന് 680 ചതുരശ്രയടി വലുപ്പവും 27 സീറ്റുള്ളതിന് 1335 ചതുരശ്രയടിയുമുണ്ടാകും. ബേസ്‌മെന്റിൽ 74 കാറുകളും 147 ബൈക്കുകളും പാർക്ക് ചെയ്യാനുള്ള സൗകര്യം ഏ‍ർപ്പെടുത്തിയിട്ടുണ്ട്. കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെ.എസ്‌.ഐ.ടി.ഐ.എൽ) ആണ് കെട്ടിടം നിർമ്മിക്കുന്നത്.

നിലവിൽ നൂറുലക്ഷം ചതുരശ്രയടി സ്ഥലമുള്ള ടെക്‌നോപാർക്കിന് രണ്ടുലക്ഷം ചതുരശ്ര അടി സ്ഥലംകൂടി ഇതോടെ കിട്ടും. മൂന്നു നിലകളുള്ള പുതിയ സമുച്ചയത്തിന്റെ താഴത്തെ നിലയിൽ ചെറുതും ഇടത്തരവുമായ സ്മാർട്ട് ബിസിനസ് സെന്ററുകൾ പ്രവർത്തിക്കും. അണ്ടർഗ്രൗണ്ടിൽ 74 കാറുകൾക്കും 228 ബൈക്കുകൾക്കും പാർക്ക് ചെയ്യാം. സൺടെക്കിന്റെ കാമ്പസ് ഇതിനകം പ്രവർത്തിച്ചുതുടങ്ങി. താമസിയാതെ ടി.സി.എസും ബ്രിഗേഡ് വേൾഡ് ട്രേഡ് സെന്ററും തുടങ്ങും. ബഹിരാകാശദൗത്യങ്ങളുമായി ബന്ധപ്പെട്ട വ്യവസായത്തിനും സ്റ്റാർട്ടപ്പുകൾക്കുമുള്ള സ്‌പേസ് പാർക്ക് പദ്ധതിയും ടെക്‌നോസിറ്റിയിൽ ഭാവിയിൽ വരും.