
ഫരീദാബാദ്: ക്വട്ടേഷൻ കൊടുത്ത് ഭർത്താവിനെ കൊന്നുതളളിയ യുവതിയും അതിന് കൂട്ടുനിന്ന കാമുകനും കൂട്ടുകാരും പിടിയിൽ. ഫരീദാബാദിന് സമീപം സൈനിക് കോളനിയിലായിരുന്നു സംഭവം. അറസ്റ്റിലായ യുവതിയുടെ പേരുവിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. യുവതിയുടെ കാമുകൻ നിതിൻ, ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയ ഹർജീത് സിംഗ്, ക്വട്ടേഷൻ സംഘത്തിലുൾപ്പെട്ടവരും നിതിന്റെ കൂട്ടുകാരുമായ രണ്ടുപേർ എന്നിവരാണ് പിടിയിലായത്. ദിനേഷ് എന്നയാളാണ് കൊല്ലപ്പെട്ടത്. ദിനേഷിന്റെ അഴുകിയ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്നുളള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.ചോദ്യംചെയ്യലിൽ യുവതിയുടെ വെളിപ്പെടുത്തലുകൾ കേട്ട് പൊലീസുകാർപോലും ഞെട്ടിപ്പോയി.
നിതിനുമായി യുവതിക്ക് ഏറെ നാളായി അടുപ്പമുണ്ടായിരുന്നു. ഇക്കാര്യം ദിനേഷിനും അറിയാമായിരുന്നു. ഇതിന്റെ പേരിൽ കുടുംബത്തിൽ പ്രശ്നങ്ങളും ഉടലെടുത്തിരുന്നു. കാമുകനൊപ്പം ജീവിക്കാൻ ഭർത്താവ് തടസമാണെന്ന് വ്യക്തമായതോടെയാണ് അയാളെ കൊലപ്പെടുത്താൻ യുവതി ആലോചിച്ചത്. നിതിനെ ഇക്കാര്യം അറിയിച്ചപ്പോൾ എല്ലാ സഹായങ്ങളും വാഗ്ദ്ധാനം ചെയ്തു. അങ്കിൾ എന്ന് വിളിക്കുന്ന ഹർജീത് സിംഗാണ് ക്വട്ടേഷനുളള ആൾക്കാരെ കണ്ടെത്തിക്കൊടുത്തത്. സംഘത്തിൽ നിതിന്റെ രണ്ട് കൂട്ടുകാരും ഉണ്ടായിരുന്നു. ഇവരെയാണ് ഓപ്പറേഷൻ ഏൽപ്പിച്ചത്. 41,000രൂപയായിരുന്നു പ്രതിഫലം.
കഴിഞ്ഞമാസം 12നായിരുന്നു കൊലപാതകം.ദിനേഷിന്റെ തലയ്ക്കടിച്ചശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയശേഷം മൃതദേഹം ചാക്കിൽക്കെട്ടി യുവതി താമസിക്കുന്ന വീട്ടിന്റെ കുളിമുറിയിൽ സൂക്ഷിച്ചു. ആരും അറിയാതെ ഉപേക്ഷിക്കാനായിരുന്നു പദ്ധതി. എന്നാൽ വിചാരിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല. ഒരാഴ്ചയോളം മൃതദേഹം വീട്ടിൽത്തന്നെ സൂക്ഷിച്ചു. ഒടുവിൽ ദുർഗന്ധം വമിച്ചതോടെ ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്നവർ തന്നെ മൃതദേഹം കുറച്ചകലെയുളള ഓടയിൽ ഉപേക്ഷിച്ചു.
അഴുകിയ മൃതദേഹം കണ്ടെത്തിയത്തിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ദിനേഷിന്റെ മൃതദേഹമാണ് ഇതെന്ന് വ്യക്തമായി. കൂടുതൽ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.