stamp-peper-

കേരള സർക്കാർ വളരെയേറെ ജനോപകാര പദ്ധതികൾ ചെയ്യുന്നു എന്നത് നാം പത്രമാദ്ധ്യമങ്ങളിലൂടെ അറിയുന്നുണ്ട്. അതിൽ ഏറ്റവും ഒടുവിലായി പിറവം ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി സ്വകാര്യ വ്യക്തികളുടെ കൈവശമെത്താതെ വീണ്ടെടുത്തു എന്നതാണ്. ഇതിനിടെയാണ് മുദ്രപ്പത്രങ്ങളും സ്റ്റാമ്പുകളും സർക്കാരിൽ നിന്നും വാങ്ങി ചെറിയ കമ്മിഷൻ മാത്രം കൈപ്പറ്റി വില്പന ചെയ്ത് ജീവനം നടത്തിപ്പോരുന്ന വെണ്ടർമാരും അവരെ ആശ്രയിച്ച് ജീവിക്കുന്ന പതിനായിരങ്ങൾക്കും ജീവനോപാധി നഷ്ടപ്പെടുത്തുന്നവിധം E - Stamping എന്ന ഒരു ചെപ്പടിവിദ്യ ധനകാര്യ വകുപ്പ് കൈക്കൊള്ളുന്നത്. വെണ്ടർമാരുടെ വയറ്റത്തടിക്കുന്ന ഇൗ നടപടി ഗവൺമെന്റിന് ഭൂഷണമാണോ എന്ന കാര്യം ചിന്തിക്കേണ്ടതാണ്.

സർക്കാർ വക ലക്ഷക്കണക്കിന് വിലയുള്ള ഭൂമി ചില വ്യക്തികളും സംഘടനകളും കറക്കുകമ്പനികളും കൈപ്പിടിയിലൊതുക്കി ധനാഢ്യരാകുന്നത് ഒരു യാഥാർത്ഥ്യമല്ലേ. സെന്റിന് ഒരു കോടി രൂപയ്ക്കുമേൽ വില വരുന്ന സ്ഥലങ്ങളും ഇക്കൂട്ടത്തിൽ ഉള്ളതാണ്. ഇൗ സ്ഥലങ്ങൾ കൈവശമിരിക്കുന്നവരിൽനിന്ന് കമ്പോളവിലയുടെ ഒന്നോ രണ്ടോ ശതമാനം റോയൽറ്റിയായോ പാട്ടത്തുകയായോ പിരിച്ചെടുക്കാൻ സർക്കാർ ആർജ്ജവം കാണിച്ചാൽ പ്രതിവർഷം എത്ര ആയിരം കോടിരൂപ ഖജനാവിൽ എത്തിച്ചേരുമെന്നുള്ളത് ഒരു യാഥാർത്ഥ്യമല്ലേ.

കെ. തങ്കപ്പൻ

തിരുവനന്തപുരം

ഇപ്പോഴെങ്കിലും ഒരാൾ ഉണ്ടായല്ലോ

വർഷങ്ങളായി തുടർന്ന് പോരുന്ന കെ.എസ്.ആർ.ടി.സിയിലെ കെടുകാര്യസ്ഥതയെക്കുറിച്ച് സംസാരിക്കാൻ ഇപ്പോഴെങ്കിലും ഒരു മാനേജിംഗ് ഡയറക്ടർ ഉണ്ടായല്ലോ! കെ.എസ്.ആർ.ടി.സിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവയ്ക്കാൻ പുതുതായി ചുമതലയേറ്റെടുത്ത എ.ഡി കാട്ടിയ ആർജ്ജവത്തെയാണ് അഭിനന്ദിക്കേണ്ടത്. ഒരു സ്ഥാപനത്തെ നിയന്ത്രിക്കേണ്ട മേലധികാരി എങ്ങനെ ആയിരിക്കണമെന്ന സന്ദേശമാണ് അദ്ദേഹം സമൂഹത്തിന് നൽകിയത്.

കെ.എസ്.ആർ.ടി.സിയുടെ അമരത്ത് ചുരുങ്ങിയ കാലഘട്ടത്തിനിടയിൽ എത്ര എത്ര സാരഥികൾ വന്നു, ആരും അധികകാലം ആ കസേരയിൽ വാണില്ല. ബസ് ഡ്രൈവറും, കണ്ടക്ടറും മാത്രം നന്നായാൽ പോര, ഓഫീസിനകത്തുള്ള ഉപജാപക സംഘമാണ് സ്ഥാപനത്തെ തകർക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന പ്രധാന കണ്ണികളെന്ന അപ്രിയ സത്യം എം.ഡി തുറന്നുപറയുമ്പോൾ ഇടനാഴികളിരുന്നു സുഖിക്കുന്ന ചില ഉദ്യോഗസ്ഥ മേധാവികൾക്കും യൂണിയനുകൾക്കും തലപ്പത്തുള്ള നേതാക്കൾക്കും ദഹിക്കുകയില്ല.

എം. രവീന്ദ്രൻ

മണമ്പൂർ