
ന്യൂഡൽഹി: ഗുജറാത്തിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദര പുത്രി. മോദിയുടെ സഹോദരൻ പ്രഹ്ലാദിന്റെ മകളായ സോണലിന് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ ബോഡക്‌ദേവ് വാർഡിൽ നിന്ന് ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് ആഗ്രഹം.
സോണലിനെ കൂടാതെ മറ്റ് ചില ബി ജെ പി നേതാക്കളുടെ അടുത്ത ബന്ധുക്കളും ബിജെപി ടിക്കറ്റിനായി ക്യൂവിലാണ്. സ്ഥാനാർത്ഥികളുടെ പട്ടിക ഇതുവരെ തയ്യാറായിട്ടില്ലെങ്കിലും പാർട്ടി നേതാക്കളുടെ ബന്ധുക്കളെ മത്സരിപ്പിക്കില്ലെന്ന് പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് സി ആർ പാട്ടിൽ അറിയിച്ചു.
ഫെബ്രുവരി 21, ഫെബ്രുവരി 28 തീയതികളിലായിട്ടാണ് സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് ഫെബ്രുവരി 21 നും, മുനിസിപ്പാലിറ്റികൾ, ജില്ലാ പഞ്ചായത്തുകൾ, താലൂക്ക് പഞ്ചായത്തുകൾ എന്നിവയിലേക്കുള്ള പോളിംഗ് ഫെബ്രുവരി 28 നും നടക്കും. ആദ്യ ഘട്ടത്തിലെ ഫലങ്ങൾ ഫെബ്രുവരി 23 നും രണ്ടാം ഘട്ടത്തിലേത് മാർച്ച് 2 നും പ്രഖ്യാപിക്കും.
അതേസമയം കോൺഗ്രസ് 142 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഇന്നലെ പുറത്തുവിട്ടു. ആം ആദ്മി പാർട്ടിയും സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അസദുദ്ദീൻ ഒവൈസിയുടെ അഖിലേന്ത്യാ മജ്‌ലിസ്ഇഇറ്റെഹാദുൽ മുസ്‌ലിമീനും അറിയിച്ചിട്ടുണ്ട്.