death

കോട്ടയം: ആറ്റുനോറ്റുവളർത്തിയ പൊന്നോമന മകന് പിറന്നാൾ ദിനത്തിൽ ഒരു സർപ്രൈസ് സമ്മാനം നൽകണമെന്നായിരുന്നു അച്ഛന്റെയും അമ്മയുടെയും ആഗ്രഹം. അതിനായി അവർ ഒരു പുത്തൻ ബൈക്കും വാങ്ങിയിരുന്നു. മകന്റെ ഇരുപത്തൊന്നാം പിറന്നാൾ ദിനത്തിൽ രാവിലെ ബൈക്കിന്റെ താക്കോൽ മകന്റെ കൈകളിൽ ഏൽപ്പിക്കാനിയിരുന്നു അച്ഛൻ വിജയനും അമ്മ സതിയും തീരുമാനിച്ചിരുന്നത്. പക്ഷേ ജന്മദിനത്തിന് മണിക്കൂറുകൾക്കു മുൻപ് അവർക്ക് കേൾക്കേണ്ടിവന്നത് മകന്റെ മരണവാർത്ത.

പിറവം കാരൂർക്കാവ് –വെട്ടിക്കൽ റോഡിൽ പാമ്പ്ര പുളിഞ്ചോട് ജംക്‌ഷന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു മേലരീക്കര കണ്ണുകുഴയ്ക്കൽ വിഷ്ണു(21)വിന്റെ മരണം. കൊച്ചിയിലെ ഒരു സ്ഥാപനത്തിൽ ജോലിക്കുപോകുമ്പോൾ റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് നടക്കും.

വിഷ്ണുവിന്റെ അച്ഛൻ വിജയൻ ചെത്തുതൊഴിലാളിയാണ്. അമ്മ സതി വനിതകളുടെ കൂട്ടായ്മകളിലെ അംഗമായി കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നു. ബൈക്കുകൾ വിഷ്ണുവിന് ഏറെ ഇഷ്ടമായിരുന്നു. ഇത് നന്നായി അറിയാവുന്ന രക്ഷിതാക്കൾ മകന് സർപ്രൈസ് സമ്മാനമായി ബൈക്ക് നൽകാൻതന്നെ തീരുമാനിച്ചു. ഇതിനായി ഏറ്റവും പുതിയ മോഡൽ ബൈക്ക് ബുക്കുചെയ്യുകയും ചെയ്തു. പക്ഷേ, വിധി മറ്റൊന്നായിരുന്നു.

ഐടിസി പഠനത്തിന് ശേഷം അടുത്തിടെയാണ് കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ വിഷ്ണു ജോലിക്കു ചേർന്നത്. വിഷ്ണുവിന്റെ സഹോദരി അയനയുടെ വിവാഹം ഏതാനും ആഴ്ചകൾക്കു മുൻപായിരുന്നു.