
ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുളള നന്ദി പ്രമേയ ചർച്ചയിൽ കാർഷിക വിഷയങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷത്തിന് സമയം നൽകാൻ തീരുമാനം. അഞ്ച് മണിക്കൂർ സമയമാണ് പ്രതിപക്ഷത്തിന് കാർഷിക വിഷയങ്ങൾ ഉന്നയിക്കാനായി രാജ്യസഭയിൽ അനുവദിച്ചത്. പത്ത് മണിക്കൂർ നിശ്ചയിച്ച ചർച്ച പതിനഞ്ച് മണിക്കൂറാക്കി നീട്ടുകയായിരുന്നു. ചർച്ച പാർലമെന്റിൽ തുടരുകയാണ്. കർഷകരുടെ ജീവിതം മെച്ചപ്പെടാനാണ് കാർഷിക നിയമം എന്നാണ് ബി ജെ പി അംഗങ്ങൾ സഭയിൽ പറയുന്നത്.
ശശി തരൂരിനും മാദ്ധ്യമ പ്രവർത്തകർക്കും എതിരെ കേസെടുത്തതിൽ രാജ്യസഭയിൽ പ്രതിഷേധം അരങ്ങേറി. നടപടി മാദ്ധ്യമ സ്വാതന്ത്ര്യത്തിന് എതിരെന്ന് ദ്വിഗ് വിജയ് സിംഗ് ആരോപിച്ചു. പ്രതിഷേധത്തിന് പിന്നാലെ രാജ്യസഭയിൽ എം പിമാർക്കെതിരെ നടപടിയെടുത്തു. എ എ പി എംപിമാരെ സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. നടുത്തളത്തിൽ നിന്ന് മുദ്രാവാക്യം മുഴക്കിയതിനാണ് നടപടി. മൂന്ന് എ എ പി എം പിമാരെയാണ് ഒരു ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്‌തത്
അതിനിടെ, കർഷക സമരം സഭ നടപടി നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ എം പി ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ചർച്ചയ്‌ക്ക് അനുമതി നിഷേധിച്ചതിനെ തുടർന്ന് ഇന്നലെ ഇരുസഭകളും പ്രക്ഷുബ്‌ധമായിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പ്രേമചന്ദ്രന്റെ നീക്കം.