
സംഭവബഹുലമായ ഒരു കാലഘട്ടത്തിൽ പല മേഖലകളിൽ ഒരേ സമയം വ്യാപരിച്ച ധിഷണാശാലിയായിരുന്നു സി.വി. കുഞ്ഞുരാമൻ. ജാതിമേധാവിത്വവും നാടുവാഴിത്തവും കൊടികുത്തി വാണിരുന്ന കാലത്തായിരുന്നു ജനനം. വൈദിക സമൂഹം ജാതിവ്യവസ്ഥ അടിച്ചേല്പിക്കുന്നതിനു മുമ്പ് നിലനിന്നിരുന്ന ബൗദ്ധ സ്വാധീനം പൂർണമായും തുടച്ചുമാറ്റപ്പെട്ടിട്ടില്ലാത്ത ചില പ്രദേശങ്ങൾ അന്നും അവശേഷിക്കുന്നുണ്ടായിരുന്നു.
അങ്ങനെയൊരിടത്ത് ജനിച്ചതുകൊണ്ട് സാമാന്യ വിദ്യാഭ്യാസം നേടാനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചു. ആ അവസരം നല്ലപോലെ പ്രയോജനപ്പെടുത്തിയ ഒരാളായിരുന്നു അദ്ദേഹം. കുഞ്ഞുരാമന് 17 വയസുള്ളപ്പോഴാണ് അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിക്കൊണ്ട് മുപ്പത്തിമൂന്നുകാരനായ ശ്രീനാരായണ ഗുരു ജാതിവ്യവസ്ഥയ്ക്കെതിരായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ജീവിതകാലം മുഴുവനും അദ്ദേഹം ഒരു വിധത്തിലല്ലെങ്കിൽ മറ്റൊന്നിൽ ആ പ്രവർത്തനങ്ങളുടെ ഭാഗമായി.
അദ്ധ്യാപകനാകാൻ പഠിച്ച് കുഞ്ഞുരാമൻ അദ്ധ്യാപനവൃത്തിയിലേർപ്പെട്ടു. വക്കീലാകാൻ പഠിച്ച് വക്കീലായി പ്രവർത്തിച്ചു. പിന്നീട് പത്രപ്രവർത്തകനുമായി. ഇതിനെല്ലാമിടയിൽ നിരവധി പുസ്തകങ്ങളെഴുതുകയും ചെയ്തു. കവിതയും കഥകളും അക്കൂട്ടത്തിലുണ്ട്. അത്യപൂർവമായ പത്രപ്രവർത്തന ജീവിതമായിരുന്നു സി.വിയുടേത്. പല പത്രങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവർത്തിക്കുകയും ഒടുവിൽ സ്വന്തം പത്രം തുടങ്ങുകയും ചെയ്തു.
മലയാളരാജ്യം പത്രത്തിൽ എഴുതുന്നതിനു കടകവിരുദ്ധമായി അദ്ദേഹം സ്വന്തം പത്രമായ കേരളകൗമുദിയിൽ എഴുതിയിരുന്നത്രെ. മലയാളരാജ്യത്തിൽ എഴുതിയതിനെ ആ പത്രത്തിന്റെ അഭിപ്രായമായും കേരളകൗമുദിയിൽ എഴുതിയതിനെ സ്വന്തം അഭിപ്രായമായും കാണാനായാൽ തീരുന്ന പ്രശ്നമേ അതിലുള്ളു. 'അഭിപ്രായം ഇരുമ്പുലക്കയല്ല' എന്നത് സി.വിയുടെ ഏറെ ഉദ്ധരിക്കപ്പെട്ടിട്ടുള്ള പ്രസ്താവമാണ്.
പുതിയ വസ്തുതകളുടെയും സംഭവവികാസങ്ങളുടെയും വെളിച്ചത്തിൽ അഭിപ്രായം പുനഃപരിശോധിക്കാനുള്ള അവകാശം ഏതൊരാൾക്കുമുണ്ട്. നിരന്തരം പ്രശ്നങ്ങൾക്ക് ഉത്തരം തേടുന്ന മനസ്സായിരുന്നു സി.വി. കുഞ്ഞുരാമന്റേത്. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനമായിരുന്നു പത്രപ്രവർത്തകനെന്ന നിലയിൽ അദ്ദേഹം ഏറ്റെടുത്ത പ്രധാന ദൗത്യം. ആ ലക്ഷ്യം മുൻനിർത്തി പ്രവർത്തിച്ചിരുന്നവർക്കിടയിൽ മാർഗത്തെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിന്നിരുന്നു. വ്യത്യസ്ത അഭിപ്രായങ്ങളുള്ളവർക്ക് ഒന്നിച്ചു പ്രവർത്തിക്കാനായത് ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ശക്തിയായിരുന്നു.
പത്രഭാഷ പാണ്ഡിത്യ പ്രകടനമായിരുന്ന കാലത്ത് ലളിതമായ ഭാഷയിൽ എഴുതിയ പത്രാധിപരായിരുന്നു സിവി. കുഞ്ഞുരാമൻ. ആ ലാളിത്യം അദ്ദേഹത്തിന്റെ സാഹിത്യ രചനകളിലും കാണാം. കേരളകൗമുദി വാരികയായി തുടങ്ങുമ്പോൾ സി.വിയ്ക്ക് വയസ് 40. കെ.സുകുമാരന്റെ സാരഥ്യത്തിൽ അത് ദിനപത്രമായി വളരുന്നത് കണ്ടുകൊണ്ടാണ് 1949 ൽ 'ഫിനിഷ്ഡ്' (finished) എന്ന് ശാന്തമായി ഉരുവിട്ടുകൊണ്ട് അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്. വലിയ മാറ്റങ്ങൾ കണ്ട കാലമായിരുന്നു അദ്ദേഹത്തിന്റേത്. ആ മാറ്റങ്ങൾ സാദ്ധ്യമാക്കുന്നതിന് പത്രപ്രവർത്തകനെന്ന നിലയിൽ അദ്ദേഹത്തിന്റെ സംഭാവന ചെറുതല്ല.