car

കൊച്ചി: ഹൈക്കോടതിയുടെ പ്രധാന ഗേറ്റിനുമുന്നിൽ ജഡ്ജിയുടെ കാറിനുനേരെ കരിഓയിൽ പ്രയോഗം. ഇന്നു രാവിലെ പത്തുമണി​യോടെയായിരുന്നു സംഭവം. ജസ്റ്റിസ് വി. ഷി​ർസിയുടെ കാറിനുനേരെയായിരുന്നു കരി ഓയിൽ ഒഴിച്ചത്. ജസ്നയുടെ തിരോധാനത്തെക്കുറിച്ച് സമഗ്രമായി​ അന്വേഷിക്കണം എന്നാവശ്യപ്പെട്ടായി​രുന്നു കാറി​നുനേരെ ആക്രമണമുണ്ടായത്. പ്ലക്കാർഡുമേന്തി എത്തിയ അക്രമി​ പൊടുന്നനെ കാറിനുനേരെ കരിഓയിൽ ഒഴിക്കുകയായിരുന്നു. കോട്ടയം സ്വദേശി​​യായ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കൈയിൽ പ്ലക്കാർഡുമായി പ്രതിഷേധ മുദ്രാവാക്യവും വിളിച്ചാണ് ഇയാൾ ജഡ്ജിയുടെ കാർ ആക്രമിച്ചത്. ഹൈക്കോടതിയിലെ സുരക്ഷാ ജീവനക്കാർ ചേർന്നാണ് അക്രമി​യെ പി​ടി​കൂടി​യത്. ഇയാൾക്കൊപ്പം മറ്റുചി​ലരും ഉണ്ടായി​രുന്നു എന്നാണ് വിവരം. ഹൈക്കോടതി രജിസ്ട്രാർ അടക്കം സംഭവസ്ഥലത്ത് എത്തി കാർ പരിശോധിച്ചു. അറസ്റ്റി​ലായ ആളി​ൽ നി​ന്ന് കൂടുതൽ വി​വരങ്ങൾ ശേരി​ക്കുന്നു എന്നാണ് പൊലീസ് പറയുന്നത്.

കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായിരുന്ന ജസ്നയെ ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടി​ൽ നി​ന്നി​റങ്ങി​യശേഷമായി​രുന്നു കാണാതായത്. നി​രന്തര സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിട്ടും അന്വേഷണം മാത്രം എങ്ങുമെത്തിയില്ല.പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. വിവരം നൽകുന്നവർക്ക് അഞ്ചുലക്ഷം പാരിതോഷികം ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല.ഇതി​നി​ടെ ജസ്നയെ പലയി​ടത്തും കണ്ടെന്ന തരത്തി​ൽ വാർത്തകൾ പ്രചരി​ച്ചി​രുന്നുവെങ്കി​ലും അതി​ലൊന്നി​ലും സത്യമി​ല്ലെന്ന് അന്വേഷണത്തി​ൽ വ്യക്തമായി​.