farmers-protest

ന്യൂഡൽഹി: രാജ്യത്ത് നടന്നുവരുന്ന കർഷകസമരത്തിന് അന്താരാഷ്‌ട്ര പിന്തുണയേറുന്നു. പോപ് സംഗീതജ്ഞ റിഹാന കഴിഞ്ഞ ദിവസം സമരത്തിന് തന്റെ പിന്തുണ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ പ്രമുഖ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രേ‌റ്റ തുൻബെർഗും തന്റെ പിന്തുണ കർഷകർക്ക് ട്വി‌റ്റർ വഴി അറിയിച്ചിരിക്കുകയാണ്. 2018ൽ അന്താരാഷ്‌ട്ര പ്രശസ്‌തമായ 'ഫ്രൈഡേയ്‌സ് ഫോർ ഫ്യൂച്ചർ' പ്രക്ഷോഭത്തിലൂടെ പ്രശസ്‌തയാണ് ഗ്രേ‌റ്റ.

We stand in solidarity with the #FarmersProtest in India.
https://t.co/tqvR0oHgo0

— Greta Thunberg (@GretaThunberg) February 2, 2021

ഡൽഹിയിൽ ഇന്റർനെ‌റ്റ് നിരോധിച്ചു എന്ന വാർത്തയും കർഷക പ്രക്ഷോഭത്തിന്റെ ചിത്രവും സഹിതം 'ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തിന് ഞങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു' എന്ന് ട്വി‌റ്ററിൽ ഗ്രേ‌റ്റ കുറിച്ചു. 'നാം ഇതെക്കുറിച്ച് എന്തുകൊണ്ട് സംസാരിക്കുന്നില്ല' എന്നായിരുന്നു കർഷക പ്രക്ഷോഭത്തെ സൂചിപ്പിക്കുന്ന ട്വീ‌റ്റിലൂടെ റിഹാന കുറിച്ചത്.

why aren’t we talking about this?! #FarmersProtest https://t.co/obmIlXhK9S

— Rihanna (@rihanna) February 2, 2021

മുൻപ് കൊവി‌ഡ് നിയന്ത്രണങ്ങളുള‌ള സമയത്ത് നീ‌റ്റ്, ജെ ഇ ഇ പരീക്ഷകൾ നടത്താൻ തീരുമാനിച്ച തീരുമാനത്തിനെതിരെയും ഗ്രേ‌റ്റ ശക്തമായി പ്രതിഷേധിച്ചിരുന്നു. 'കൊവിഡ് മഹാമാരിക്കിടയിലും ഇന്ത്യയിലെ വിദ്യാർത്ഥികൾ പരീക്ഷയ്‌ക്കിരിക്കേണ്ടി വരുന്നത് നന്നല്ല. ദശലക്ഷക്കണക്കിന് പേർ വെള‌ളപ്പൊക്കം മൂലം വിഷമിക്കുകയും ചെയ്യുന്ന ഈ സമയത്ത് പരീക്ഷ മാ‌റ്റി വയ്‌ക്കണമെന്ന ആവശ്യത്തിനൊപ്പം ഞാനും നിലകൊള‌ളുന്നു.' അന്ന് ഗ്രേ‌റ്റ ട്വീ‌റ്റ് ചെയ്‌തു.

പഞ്ചാബിലും ഹരിയാനയിലും ഉത്തർപ്രദേശിലുമുള‌ള പതിനായിരക്കണക്കിന് കർഷകരാണ് ഡൽഹി അതിർത്തിയിൽ കർഷകനിയമത്തിനെതിരെ സമരം ചെയ്യുന്നത്. ഒന്നരവർഷം വരെ നിയമം നടപ്പാക്കാതിരിക്കാം എന്നായിരുന്നു കേന്ദ്രസർക്കാർ കർഷകരെ അറിയിച്ചത്. എന്നാൽ ഇത് കർഷകർ അംഗീകരിച്ചില്ല. മൂന്ന് കർഷക നിയമങ്ങളും പൂർണമായും പിൻവലിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഇതുവരെ പത്ത് വട്ടം നടന്ന ചർച്ചകളിലും ഇക്കാര്യത്തിൽ തീരുമാനമുണ്ടായില്ല. റിപ്പബ്ളിക് ദിനത്തിൽ ഡൽഹിയിൽ നടന്ന അക്രമസംഭവങ്ങളെ തുടർന്ന് കേന്ദ്രവും കർഷകരും തമ്മിലെ ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്.