
സംസ്ഥാന കേന്ദ്ര ബഡ്‌ജറ്റുകൾ അവതരിപ്പിച്ചു കഴിഞ്ഞു. ബഡ്‌ജറ്റ് നല്ലതാണെന്നു ഭരണപക്ഷത്തുള്ളവരും അവരെ അനുകൂലിക്കുന്നവരും, 'പ്രയോജനമില്ലാത്തതെ'ന്നു പ്രതിപക്ഷത്തുള്ളവരും നാട്ടാചാരമനുസരിച്ചു പറഞ്ഞുകഴിഞ്ഞു. എത്രയോ വർഷങ്ങളായി എത്രയോ ബഡ്‌ജറ്റുകൾ നമ്മുടെ ജീവിതങ്ങളെ തൊട്ടും തൊടാതെയും ജീവിത വഴിത്താരയിലൂടെ കടന്നു പോയി! നമ്മുടെ ജീവിത നിലവാരമോ സാഹചര്യങ്ങളോ അതിശയകരമാം വിധം മാറ്റിമറിക്കാൻ ഒരു ബഡ്‌ജറ്റിനും ഒരു സർക്കാരിനും സാധിച്ചിട്ടില്ല; സാധിക്കുകയുമില്ല..
സർക്കാരുകളുടെ പണം നിശ്ചിത മേഖലകളിൽ കൃത്യമായ സാമൂഹ്യ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ വിന്യസിക്കപ്പെടുമ്പോൾ സാമ്പത്തിക മേഖലയിലുണ്ടാവുന്ന മാറ്റങ്ങളിലൂടെയാണ് ഈ പ്രഖ്യാപനങ്ങളുടെയെല്ലാം ഗുണദോഷങ്ങൾ ജനങ്ങൾ അനുഭവിക്കുന്നത്. ആ അർത്ഥത്തിൽ എല്ലാ ബഡ്‌ജറ്റുകൾക്കും വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. പ്രത്യക്ഷവും പരോക്ഷവുമായ ലക്ഷ്യങ്ങൾ. സാമ്പത്തികവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങൾ. ആ ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള ഉപകരണങ്ങൾ എന്ന നിലയിൽ ബഡ്‌ജറ്റുകളെല്ലാം തന്നെ വിജയമാണ്; അവയുടെ ശില്പികളുടെ കാഴ്ചപ്പാടിൽ. സമൂഹത്തിലെ ഓരോ വിഭാഗത്തിനും വ്യത്യസ്തമായ ലക്ഷ്യങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളും നിർദ്ദേശങ്ങളുമുണ്ടാകുന്നത് സ്വാഭാവികം.
എല്ലാവരുടെയും എല്ലാ പ്രതീക്ഷകൾക്കും സാഫല്യം നൽകുന്ന സ്വപ്നരേഖയല്ല ബഡ്‌ജറ്റ്. പ്രതീക്ഷകളിൽ ചിലതൊക്കെ ബഡ്‌ജറ്റിന്റെ യഥാർത്ഥ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നവയായിരിക്കാം; ചിലത്
തികച്ചും വിരുദ്ധവുമായിരിക്കാം. ഒരു സാധാരണ പൗരൻ പലപ്പോഴും അന്വേഷിക്കുന്നത് തന്റെ ജീവിതസാഹചര്യങ്ങളെയും സാദ്ധ്യതകളെയും ബഡ്‌ജറ്റ് എങ്ങനെ ബാധിക്കുന്നു എന്ന് മാത്രമാണ്. നിത്യനിദാന ചെലവ് വർദ്ധിക്കുമോ, വിലകൾ ഉയരുമോ, വരുമാനം വർദ്ധിക്കുന്നതിനേക്കാൾ വേഗത്തിൽ ചെലവ് വർദ്ധിക്കുമോ, മാസാവസാനം അല്ലെങ്കിൽ വർഷവസാനം വല്ലതും മിച്ചമുണ്ടാവുമോ? ആഗ്രഹിച്ച സാധനങ്ങൾ വാങ്ങാൻ സന്ദർഭം അനുകൂലമാണോ പ്രതികൂലമാണോ? വീട് വയ്ക്കുകയോ
വാങ്ങുകയോ ചെയ്യണമെന്ന മോഹം സാക്ഷാത്കരിക്കാൻ പാകത്തിൽ വരുമാനം വളരുകയും ഭവനവായ്പയുടെ പലിശ കുറയുകയും ചെയ്യുമോ? മക്കളുടെ വിദ്യാഭ്യാസ ചെലവ് കൈയിലൊതുങ്ങുമോ? തൊഴിലവസരങ്ങൾ വളരുമോ? തെരഞ്ഞെടുക്കാൻ മാത്രം വ്യത്യസ്തമായ അവസരങ്ങൾ ഉണ്ടാകുമോ? അതോ കിട്ടിയ ജോലി - അത് തീരെ തൃപ്തി തരുന്നില്ലെങ്കിൽ പോലും- ഉപേക്ഷിക്കാൻ ധൈര്യമില്ലാതാവുമോ? സ്വന്തം കച്ചവടമോ വ്യവസായമോ സേവനമോ ആരംഭിക്കാൻ ആവേശംപൂണ്ട് നടക്കുന്ന യുവാക്കളുടെ മനോനൗകകൾ ഔദ്യോഗിക മനോഭാവങ്ങളുടെയും നടപടികളുടെയും അഴിമതിയുടെയും ഹിമപാളിയിൽ തട്ടി ടൈറ്റാനിക്ക് കണക്കെ തകരുമോ? അതോ ഒരു പൗരൻ എന്ന നിലയ്ക്കുള്ള അവകാശങ്ങൾ
അംഗീകരിക്കപ്പെടുമോ? മാസമാദ്യം പതിവ് വീട്ടുസാധനങ്ങൾ വാങ്ങാൻ പതിവുള്ള പണം മതിയാവുമോ? ചെറുകിട ഇടത്തരം കച്ചവടക്കാർ അസംഘടിത തൊഴിലാളികൾ, ഗ്രാമങ്ങളിൽ നിന്നു നഗരത്തിലേക്കു അവസരങ്ങൾ തേടി വരുന്ന തൊഴിലാളികൾ, ഇവരുടെയൊക്കെ ജീവിതങ്ങളിൽ സുരക്ഷിതത്വ ബോധത്തിന്റെയും പ്രതീക്ഷയുടെയും ജാലകം തുറക്കാൻ ബഡ്‌ജറ്റുകൾക്കു സാധിക്കുന്നുണ്ടോ?
തങ്ങളുടെ മിതമായ ജീവിതങ്ങളിലെ പ്രായോഗിക സമസ്യകൾക്കാണ് സാധാരണ മനുഷ്യർ ബഡ്‌ജറ്റിലൂടെ ഉത്തരങ്ങളും ആശ്വാസവും തേടേണ്ടത്. പെട്രോൾ-ഡീസൽ എന്നിവയുടെയും പാചകവാതകത്തിന്റെയും ഉപഭോഗ വസ്തുക്കളുടെയും വില വർദ്ധിക്കുമ്പോൾ സ്ഥിരവരുമാനക്കാരന്റെ പഴ്സ് പെട്ടെന്ന് കാലിയാകും. സെൻസെക്സ് സൂചിക അത്യുന്നതങ്ങളിൽ എത്തിയത് കൊണ്ടോ ലോകബാങ്കും അന്താരാഷ്ട്ര നാണ്യനിധിയും വൻകിട നിക്ഷേപകരും മംഗളപത്രം സമർപ്പിച്ചത് കൊണ്ടോ കോരന്റെ കഞ്ഞിക്ക് സ്വാദ് കൂടുകയില്ല.
ബഡ്‌ജറ്റുകളുടെ പേരിൽ സർക്കാരുകളെ വിമർശിച്ചതുകൊണ്ടോ കടുത്ത പ്രത്യയശാസ്ത്ര നിലപാടുകൾ സ്വീകരിച്ചതു കൊണ്ടോ, പുകഴ്‌ത്തുകയോ ഇകഴ്‌ത്തുകയോ ചെയ്തതു കൊണ്ടോ മനുഷ്യർക്ക് ഒരു പ്രയോജനവുമില്ല. ബഡ്‌ജറ്റിലെ ഓരോ പ്രഖ്യാപനവും നിർദ്ദേശവും തീരുമാനവും. തന്നെ എങ്ങനെ ബാധിക്കുന്നു എന്ന് നിഷ്പക്ഷമായി വിലയിരുത്താൻ ഓരോ വ്യക്തിയും തയ്യാറാകണം. സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ടതും കരുത്തുറ്റതുമായ ഉപകരണമായ ബഡ്‌ജറ്റിനെ ഒറ്റവാക്കിൽ ഉത്തരമെഴുതി വിലയിരുത്തുന്ന സമീപനം ഒരുപാട് അവസരങ്ങൾ നഷ്ടപ്പെടുത്തിക്കളയുന്നു.
നിറമുള്ള ചില്ലുകളിലൂടെയല്ലാതെ വസ്തുനിഷ്ഠമായി പരിശോധിക്കുമ്പോൾ എല്ലാ ബജറ്റുകളിലുമുണ്ടാവും നമുക്ക് നേരിട്ടോ പരോക്ഷമായോ ഗുണം ചെയ്യുന്ന ഏതാനും നിർദ്ദേശങ്ങൾ. അവയുടെ പിന്നാലെ സഞ്ചരിക്കണം. അർഹമായ ആനുകൂല്യങ്ങൾ സ്വന്തമാക്കണം. സർക്കാർ വകുപ്പുകളിൽ നിന്നോ ബാങ്കുകളിൽ നിന്നോ കിട്ടുമെന്ന് ബഡ്‌ജറ്റ് പറയുന്ന ആനുകൂല്യങ്ങൾ നമുക്ക് അവകാശപ്പെട്ടതാണെന്ന ബോദ്ധ്യത്തോടെ ചോദിച്ചു വാങ്ങാൻ സാധിക്കണമെങ്കിൽ ബഡ്‌ജറ്റ് നിർദ്ദേശങ്ങൾ സൂക്ഷ്മമായി പഠിക്കണം. അതിനു മനസ് സ്വതന്ത്രമാകണം. രാഷ്ട്രീയ നിലപാടുകൾക്കനുസരിച്ച് സ്തുതിഗീതങ്ങളോ നിന്ദാവചനങ്ങളോ ഉച്ചരിച്ചും ആവർത്തിച്ചും നമ്മൾ ബഡ്‌ജറ്റുകളിലെ അവസരങ്ങളെ തമസ്കരിക്കാറാണ് പതിവ്.
വലിയ ബിസിനസ് സ്ഥാപനങ്ങളിൽ ബഡ്‌ജറ്റുകൾ സമഗ്രമായി പരിശോധിക്കാനും കിട്ടാനുള്ള ആനുകൂല്യങ്ങൾ മുഴുവൻ ക്രോഡീകരിക്കാനും നടപടിയെടുക്കാനുമായി ധനകാര്യ വിദഗ്ധരുടെ
സംഘം തന്നെയുണ്ട്. നമ്മൾ ഗൃഹസദസുകളിലെ തർക്കങ്ങളിലും, ടിവി ചാനലുകളിലെ അക്രമാസക്തമായ ചർച്ചകളിലും അഭിരമിച്ച്, സ്വന്തം നിലപാടുകൾ കടുപ്പിച്ച് ബഡ്‌ജറ്റിൽ നിന്ന് ഒന്നും നേടാതെ ബുദ്ധിജീവി നാട്യങ്ങളുടെ ഇരുമ്പുകൂടുകളിൽ കുടുങ്ങിപ്പോകുന്നു. തർക്കത്തിൽ ജയിക്കലാണ് നമുക്കു പ്രധാനം. പണപ്പെട്ടി മോഷണം പോയപ്പോൾ 'പെട്ടി കൊണ്ട് പൊയ്ക്കൊള്ളട്ടെ; താക്കോൽ നമ്മുടെ കൈയിലാണല്ലോ' എന്ന് ആശ്വസിച്ച വലിയ ബുദ്ധിയാണ് നമുക്ക്. പ്രായോഗിക ബുദ്ധിയുള്ളവർ പരിശോധിച്ചും പഠിച്ചും ബഡ്‌ജറ്റിൽ നിന്ന് നേട്ടങ്ങൾ കൊയ്യുമ്പോൾ, നമ്മൾ തർക്കങ്ങളുടെ താക്കോലും കൊണ്ട് നടക്കുകയാണ്. വലിയ ഗമയിൽ.