
തിരുവനന്തപുരം: കോവിഡ് മൂലം മണ്ണാര്‍ക്കാട് പൂരപറമ്പില്‍ കുടുങ്ങിപ്പോയ ഉത്സവക്കളിസംഘത്തിന്റെ ദുരിതജീവതത്തിന്റെയും അതിജീവനത്തിന്റെയും നേര്‍ചിത്രം സമൂഹികമാദ്ധ്യമങ്ങളില്‍ പങ്കുവെച്ച് പ്രഭാഷകന്‍ ശ്രീചിത്രന്‍. കോവിഡ് ആഞ്ഞടിക്കുന്നതിനു തൊട്ടുമുന്‍പ് നടന്ന മണ്ണാര്‍ക്കാട്പൂരത്തിന് ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നും തമിഴ്നാട്ടിനിന്നുമൊക്കെ എത്തിയതായിരുന്നു ഉത്സവക്കളിസംഘങ്ങള്‍. എന്നാല്‍ പൂരം കഴിഞ്ഞ് നേരം പുലര്‍ന്നപ്പോള്‍ രാജ്യം ലോക്ക് ഡൗണിലാകുകയും എല്ലാവരും പൂരപ്പറമ്പില്‍ കുടുങ്ങുകയുമായിരുന്നു. ഉത്സവങ്ങളില്‍ നിന്ന് ഉത്സവങ്ങളിലേക്ക് സഞ്ചരിക്കേണ്ടവര്‍ പൂരത്തിരക്കൊഴിഞ്ഞ മൈതാനത്ത് കെട്ട കാലം തീര്‍ന്ന് മനുഷ്യര്‍ ഉരുമ്മി നീങ്ങുന്ന പൂരമൈതാനികള്‍ സ്വപ്നം കണ്ട് കാത്തിരിക്കുകയാണ്. ഉപജീവനത്തിന് പുതുവഴികള്‍തേടി നാട്ടില്‍ അലയുകയാണ്.
'ശ്രീചിത്രന്റെ ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം'
എൻ്റെ വീടിനടുത്താണ് മണ്ണാർക്കാട് പൂരം നടക്കുന്ന അമ്പലം. ''മാർഗഴിയിൽ മല്ലിക പൂത്താൽ മണ്ണാർക്കാട് പൂരം'' എന്ന് പാട്ടു കേട്ടിട്ടില്ലേ? ആ പൂരം നടക്കുന്ന അമ്പലം തന്നെ.
ഈ ചിത്രങ്ങളിൽ കാണുന്നത് അമ്പലപ്പറമ്പാണ്. കഴിഞ്ഞ ഒരു വർഷമായി അവിടെ ചിതറിക്കിടക്കുന്ന സാധനങ്ങളാണ്. കഴിഞ്ഞ പൂരത്തിനെത്തിയ ഉൽസവക്കളികളുടെ ഉപകരണങ്ങളാണ്. അഴിച്ചിട്ട യന്ത്ര ഊഞ്ഞാലുകൾ. മരണക്കിണർ. കുട്ടിത്തീവണ്ടി. കുട്ടികളെയിരുത്തി വട്ടത്തിൽ കറങ്ങുന്ന സ്കൂട്ടറുകളും പക്ഷികളും...
കോവിഡ് ആഞ്ഞടിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു മണ്ണാർക്കാട് പൂരം. പൂരം കഴിഞ്ഞ് പുലർന്നപ്പോൾ രാജ്യം ലോക്ക് ഡൗണിലായി. ഉത്തർപ്രദേശിൽ നിന്നും ബീഹാറിൽ നിന്നും മുതൽ തമിഴ്നാട്ടിൽ നിന്നു വരെ എത്തിയ ഈ ഉൽസവക്കളിസംഘങ്ങൾ എല്ലാവരും പൂരപ്പറമ്പിൽ കുടുങ്ങി. എങ്ങും പോകാനിടമില്ലാത്ത അവർ മരണക്കിണർ അഴിച്ചില്ല. മരണത്തെ വെല്ലുവിളിച്ച വാഹനവ്യൂഹം കുതിച്ചുപാഞ്ഞ കിണർക്കൂടാരത്തിൽ അതിജീവനത്തിൻ്റെ കടുംകാലം അവർ കഴിച്ചുകൂട്ടി. ആർക്കും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഉൽസവങ്ങളിൽ നിന്ന് ഉൽസവങ്ങളിലേക്ക് സഞ്ചരിക്കേണ്ട ഈ കളിക്കോപ്പുകളെല്ലാമഴിച്ചു വെച്ച് അവർ കാത്തിരുന്നു. ഈ കെട്ട കാലം തീർന്ന് മനുഷ്യർ ഉരുമ്മി നീങ്ങുന്ന പൂരമൈതാനികൾ അവർ സ്വപ്നം കണ്ടിരിക്കണം.
ഒന്നും നടന്നില്ല. ഒരു വർഷത്തിലെ മുഴുവൻ ഉൽസവങ്ങളും ക്യാൻസലായി. ജീവിതത്തോട് നേർക്കുനേർ പടവെട്ടുന്ന കാലം അവരെ തിരിഞ്ഞു നോക്കിയില്ല. കയ്യിലെ കരുതിവെപ്പെല്ലാം തീർന്നപ്പോൾ അവർ നാട്ടുകാരുടെ വീടുകളിൽ പണി തേടി നടന്നു. പലരും ആട്ടിയകറ്റി. ചിലർ ചില്ലറപ്പണികൾ കൊടുത്തു. പൂര ദിവസങ്ങളിൽ ടിക്കറ്റെടുത്തു കണ്ട സിനിമാറ്റിക് നൃത്തം ചെയ്ത സുന്ദരികൾ "വേലയിര്ക്കാ സാർ" എന്നു ചോദിച്ച് വന്നപ്പോൾ നാട്ടുകാരേതോ വേട്ടയുടെ ആനന്ദമനുഭവിച്ചു. ബേൽപൂരിയും പാനിപൂരിയുമുണ്ടാക്കി ആണുങ്ങൾ മണ്ണാർക്കാട്ടങ്ങാടിയിൽ സ്വയംതൊഴിൽ തേടി. വിശപ്പ്, വിശപ്പാണ് പരമമായ സത്യം. ഭാഗ്യം, ആപത്തിൻ്റെ കാലത്തിൽ ആരും അവരോട് പൂരപ്പറമ്പൊഴിയാൻ പറഞ്ഞില്ല. തീവെയിലിൽ അവരുടെ കുട്ടികൾ പറമ്പിൽ കളിച്ചു നടന്നു. മണ്ണാർക്കാട് ഭഗവതി ഹിന്ദിയും ബംഗാളിയും കേട്ടുറങ്ങി, ഉണർന്നു.
കഴിഞ്ഞ ദിവസം അമ്പലപ്പറമ്പിനടുത്തുള്ള ചായക്കടയിൽ നിന്ന് ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ കടക്കാരൻ പാതി കളിയായി പറഞ്ഞു.
" അവരിൽ പലരും ഇവിടെ റേഷൻ കാർഡായെന്നാ കേൾക്കുന്നത് "
ഇത്രേയുള്ളൂ, മനുഷ്യരുടെ ആവാസചരിത്രം. അനിവാര്യതകൾ പണിതെടുക്കുന്ന പാർപ്പിടങ്ങൾക്കുള്ളതാണ് ഭൂമി. സഞ്ചാരിയായ മനുഷ്യൻ്റെ അതിജീവന സ്ഥാനമാണ് ഏതു ദേശവും. ഇന്ന് ആ കുട്ടികൾ മണ്ണാർക്കാടിൻ്റെ വള്ളുവനാട്ടു ചുവയുള്ള ഭാഷയിൽ ''ആരൂല്യാത്തോർക്ക് ദൈവം തുണ" എന്നൊക്കെ പറഞ്ഞു തുടങ്ങിക്കാണും. അത്രേയുള്ളൂ ഭാഷ. അത്രേയുള്ളൂ ദൈവം. അത്രേയുള്ളു ദേശം. അത്രേയുള്ളൂ രാഷ്ട്രം.
എത്രയോ കുട്ടിക്കൗതുകങ്ങൾക്ക് മുന്നിൽ കറങ്ങിയും ആലക്തികപ്രകാശത്തിൽ മുങ്ങിയും ജ്വലിച്ച ഈ കളിക്കോപ്പുകൾ ഇനിയൊരു ഉൽസവത്തിനുതകാത്ത വിധം മഴയിലും വെയിലിലും കേടുവന്ന് ഇന്നും പറമ്പിൽ കിടക്കുന്നു. തെരുവുനായ്ക്കൾക്കും പശുക്കൾക്കും അതിൻ്റെ തണൽ അഭയമൊരുക്കുന്നു. അവർക്കും വേണമല്ലോ അതിജീവനം.
കഴിഞ്ഞ ദിവസം വെറുതേയെടുത്ത ക്ലിക്കുകളാണിവ.
മനുഷ്യജീവിതം എത്രയെത്ര വിചിത്രമാണ്!