
തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ തിളക്കമാർന്ന വിജയത്തിനുപിന്നാലെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെ അവതരിപ്പിച്ച് ഇടതുമുന്നണി വീണ്ടും വാർത്തകളിൽ നിറഞ്ഞു. തിരുവനന്തപുരം മേയറായി ഇരുപത്തിയൊന്നുകാരിയായ ആര്യാ രാജേന്ദ്രനെ അവതരിപ്പിച്ച തീരുമാനം അമ്പരിപ്പിക്കുന്നതായി. യുവാക്കൾക്ക് അർഹമായ പരിഗണന നൽകുന്ന ഈ മാതൃക നിയമസഭാ തിരഞ്ഞെടുപ്പിൽ ആവർത്തിക്കുമെന്നു ഇടതു യുവജന സംഘടനകൾ കരുതുന്നു. മറുവശത്ത്, തദ്ദേശതിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തിരിച്ചടിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് തിരുത്തൽ നടപടികൾ വേണമെന്ന് കേരള നേതാക്കളെ ഡൽഹിയിൽ വച്ച് കണ്ട രാഹുൽ ഗാന്ധി പറഞ്ഞു. മുൻകാല തിരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായി ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയും മുന്നണിയും എടുക്കുന്ന ഒാരോ ചുവടും ഹൈക്കമാൻഡിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കും എന്ന സൂചനയും ഡൽഹിയിലെത്തിയ കേരളത്തിലെ നേതാക്കൾക്ക് ലഭിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പാർട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് ഹൈക്കമാൻഡ് ശ്രമം.
'പുതുമുഖങ്ങൾക്കും യുവാക്കൾക്കും അവസരം കൊടുക്കുമെന്ന നിർദ്ദേശം പാലിക്കപ്പെടണം. കാലത്തിന്റെ മാറ്റം തിരിച്ചറിയാതിരുന്നാൽ തിരിച്ചടിയുണ്ടാകുമെന്ന ബോധമുണ്ടാകണം." ഏതു തിരഞ്ഞെടുപ്പിലായാലും പുതുമുഖങ്ങൾക്ക് തിരഞ്ഞെടുപ്പിൽ അവസരം നൽകണം എന്നാണ് തീരുമാനം. സ്ഥാനാർഥിപ്പട്ടികയിൽ യുവജനങ്ങൾക്കും പരിചയ സമ്പന്നർക്കും ഇടമുണ്ടാകുമെന്നും രാഹുൽ പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിക്കുകയല്ല, തരംഗമാവുകയാണ് വേണ്ടത്. കേരളം യു.ഡി.എഫ് തൂത്തുവാരുമെന്ന് തനിക്ക് ഉറപ്പാണന്നും രാഹുൽ ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിയസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ പരമ്പരാഗത രീതി മാറണം. യുവാക്കൾക്ക് അവസരങ്ങൾ നൽകണം. ജനങ്ങളിലേക്കിറങ്ങി അവരുടെ ആവശ്യങ്ങൾ പരിഗണിച്ച് പ്രകടന പത്രിക തയ്യാറാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
വിജയ സാദ്ധ്യത മാത്രമാകും സ്ഥാനാർത്ഥി നിർണയത്തിൽ പരിഗണിക്കുകയുള്ളു എന്ന് കേരളത്തിലെത്തിയ ഹൈക്കമാൻഡ് പ്രതിനിധികൾ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗത്തിൽ അറിയിച്ചിച്ചു. ഗ്രൂപ്പ് അടക്കമുള്ള ഒരു പരിഗണനയും ഉണ്ടാകില്ല. ഇക്കാര്യം കോൺഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും ഹൈക്കമാൻഡ് നിരീക്ഷകർ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ യുവാക്കൾക്കും വനിതകൾക്കും അർഹമായ പ്രാധാന്യം ലഭിക്കുമെന്നു കോൺഗ്രസ് തിരഞ്ഞെടുപ്പു സമിതി അദ്ധ്യക്ഷൻ ഉമ്മൻ ചാണ്ടിയും പറഞ്ഞു. പുതുമുഖങ്ങളും പരിചയസമ്പന്നരും ഉൾപ്പെട്ട മികച്ച സ്ഥാനാർത്ഥിപ്പട്ടിക കോൺഗ്രസ് പുറത്തിറക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
സ്ഥാനാർത്ഥിപ്പട്ടികയിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകുമെന്ന '– സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപ് വരെ മുന്നണി നേതാക്കൾ ആവർത്തിക്കുന്ന ഈ പതിവു വാഗ്ദാനത്തിൽ ഇക്കുറി യുവത്വത്തിനു പതിവിലേറെ പ്രതീക്ഷയാണുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടിക്കാൻ സ്ഥാനാർത്ഥിനിർണയത്തിൽ ഹൈക്കമാൻഡ് നേരിട്ട് ഇടപെടുന്നതോടെ കോൺഗ്രസിലെ പതിവ് മുഖങ്ങൾ മാറുമെന്നാണു യുവാക്കളുടെ പ്രതീക്ഷ. എ.ഐ.സി.സി നേരിട്ടു നടത്തുന്ന സർവേയിലൂടെയാകും സ്ഥാനാർത്ഥി നിർണയം എന്നതും പ്രതീക്ഷകൾക്കു ബലം നൽകുന്നു.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപെട്ടുള്ള കോൺഗ്രസ് തന്ത്രങ്ങളുടെ മുൻ നിരയിലേക്ക് തിരുവനന്തപുരം എം.പി ശശി തരൂർ വന്നതും ശ്രദ്ധേയമായി. പ്രകടന പത്രിക തയ്യാറാക്കുന്നതിനുള്ള ചുമതല ശശി തരൂരിന് നൽകാൻ തിരുവനന്തപുരത്ത് ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ചേർന്ന തിരഞ്ഞെടുപ്പ് മേൽമോട്ട സമിതി യോഗം തീരുമാനിച്ചു. ഹൈക്കമാൻഡിന്റെ നേരിട്ടുള്ള താത്പര്യപ്രകാരമാണ് തരൂരിന്റെ നിയമനം. കേരളത്തിലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകാനുള്ള മേൽനോട്ട സമിതിയുടെ ആദ്യയോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായത്.ഇതിനായി കേരളത്തിലെ അഞ്ച് ജില്ലകളിൽ ശശി തരൂരും പര്യടനം നടത്തും. സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളുമായി തരൂർ ചർച്ച നടത്തും. യുവാക്കളെയും ടെക്കികൾ അടക്കമുള്ളവരെയും യു.ഡി.എഫിലേക്ക് അടുപ്പിക്കുക എന്നതാണ് തരൂരിനെ മുൻനിരയിലേക്ക് കൊണ്ടു വരുന്നതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന തല നേതൃതലത്തിൽ സജീവമല്ലാത്ത ശശി തരൂരിനെ ഹൈക്കമാൻഡ് ഇടപെട്ടാണ് പത്തംഗ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയിൽ ഉൾപ്പെടുത്തിയത്. ഗ്രൂപ്പുകൾക്ക് അതീതനായ തരൂരിന് കേരളത്തിലെ സാധാരണ പ്രവർത്തകർക്കിടയിൽ സ്വീകാര്യതയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഗ്രൂപ്പുകളുടെ അതിപ്രസരമുള്ള നേതാക്കൾക്കിടയിൽ തരൂരിന് എത്രമാത്രം സ്വാധീനം ചെലുത്താനാകും എന്നത് ചോദ്യമായി അവശേഷിക്കുന്നു.
യുവാക്കൾക്ക് അർഹമായ പ്രാതിനിദ്ധ്യം നൽകുമെന്ന് ആദ്യഘട്ടത്തിൽ ഉറപ്പിക്കുമെങ്കിലും ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെപ്പിൽ പഴയ താപ്പാനകൾ കളം പിടിക്കുന്നതാണ് കോൺഗ്രസിലെ പതിവുരീതി. കെ.വി തോമസിനെപ്പോലെ കാൽ നൂറ്റാണ്ടുകാലം പാർലമെന്ററി രംഗത്ത് സ്ഥാനം ലഭിച്ചവർ പോലും അവകാശവാദവുമായി രംഗത്തെത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ യുവപ്രാതിനിധ്യം എത്രത്തോളം പാലിക്കപ്പെടുമെന്ന് കണ്ടറിയണം.
ഫിറ്റ് നെസ് സെന്ററിൽ യുവത്വം നിലനിർത്താൻ ശ്രമിക്കുന്ന കോൺഗ്രസ് നേതാക്കളെ കേരളകൗമുദിയിൽ വരച്ച കാർട്ടൂണിൽ കഥാപാത്രങ്ങളാക്കി. യുവത്വം പ്രസരിക്കുന്ന കിടിലൻ ട്രെയിനർ ആയി വരുന്ന ശശി തരൂരിനുമുന്നിൽ ഫിറ്റ്നെസ് തെളിയിക്കാൻ ശ്രമിക്കുന്ന മുല്ലപ്പള്ളി, ചെന്നിത്തല, കെ.വി തോമസ്, ഉമ്മൻ ചാണ്ടി എന്നിവരായിരുന്നു കാർട്ടൂണിൽ. യുവത്വം നിലനിർത്താൻ പവർ ഡ്രിങ്കും പൗഡറുമൊക്കെ പരീക്ഷിക്കുന്ന നേതാക്കൾ. കരിക്ക് വെബ് സീരീസിലൂടെ പ്രശസ്തമായ 'നിസാരം നമ്മളെക്കൊണ്ട് പറ്റും' എന്ന കാച്ച് വേർഡ് ആണ് കാർട്ടൂണിൽ ഉപയോഗിച്ചത്. ഈ കാർട്ടൂൺ ഒരുപാട് നല്ല അഭിപ്രായങ്ങൾ നേടിത്തന്നു
(ടി.കെ. സുജിത്തിന്റെ ഫോൺ: 9349320281)