
തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തെക്കുറിച്ച് മിമിക്രി കലാകാരനായ കലാഭവൻ സോബി നൽകിയതെല്ലാം തെറ്റായ വിവരങ്ങൾ. മാത്രമല്ല മറ്റുചിലരോടുളള പകതീർക്കാനും മാദ്ധ്യമശ്രദ്ധനേടാനുമാണ് കളളത്തരങ്ങൾ പ്രചരിപ്പിച്ചതെന്നുമാണ് സി ബി ഐയുടെ കണ്ടെത്തൽ. തെറ്റായ വിവരങ്ങൾ നൽകിയതിന് സോബിക്കെതിരെ കേസെടുക്കുകയും ചെയ്തു.
താൻ അപകടം കണ്ടു എന്നാണ് സോബി പറഞ്ഞത്. എന്നാൽ ഈ മൊഴി സി ബി ഐ പൊളിച്ചടുക്കി. അപകടം നടന്ന് ഏറെ സമയം കഴിഞ്ഞാണ് സോബി അതുവഴി പോയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ബാലഭാസ്കറിന്റെ കാർ ആക്രമിക്കുന്നത് കണ്ടുവെന്ന് പറഞ്ഞതും കളവാണെന്ന് സി ബിഐ കണ്ടെത്തി. സ്വർണക്കടത്തുകേസിലെ ഒരു പ്രതിയെ സ്ഥലത്ത് കണ്ടെന്ന മൊഴിയും തെറ്റാണെന്ന് ശാസ്ത്രീയ പരിശോധനയിലൂടെയും നുണപരിശോധനയിലൂടെയും കണ്ടെത്തി.
സോബിയുടെ മുൻ പങ്കാളിയായിരുന്ന യുവതിയുമായുളള വ്യക്തിവിരോധം തീർക്കാൻ അവരെയും ഈ സംഭവത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായി. കോതമംഗലം സ്വദേശിയായ യുവതി ഇപ്പോൾ ഇസ്രയേലിലാണ്. കേസ് ഒതുക്കാനായി ചിലർ 100കിലോ സ്വർണം വാഗ്ദ്ധാനം ചെയ്തുവെന്ന് സോബി പറഞ്ഞിരുന്നു. ഇതിനൊപ്പം കോതമംഗലം സ്വദേശിനി അയച്ചിട്ട് ഒരു സംഘം ആളുകൾ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതിന്റെ സി സി ടി വി ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്നും സോബി പറഞ്ഞിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇതൊന്നും ഹാജരാക്കാൻ സോബിക്ക് കഴിഞ്ഞിരുന്നില്ല.
മനുഷ്യക്കടത്ത് ഉൾപ്പടെ 20ഓളം വഞ്ചനാക്കേസുകൾ സോബിക്കെതിരെയുണ്ട്. ആളുകളിൽ നിന്ന് പണം വാങ്ങി വിദേശത്തേയ്ക്കു കൊണ്ടുപോകാമെന്നു പറഞ്ഞു പറ്റിച്ചെന്നാണ് പരാതികൾ. കലാഭവൻ സ്ഥാപകനായ ആബേലച്ചന്റെ മരണത്തിൽ സോബിക്ക് പങ്കുണ്ടെന്ന ആരോപണവുമായി സഹോദരൻ ജോൺ പി. മാത്യു രംഗത്തെത്തിയിരുന്നു. സയനൈഡ് നൽകി കൊലപ്പെടുത്തിയെന്നു തനിക്ക് വിവരം ലഭിച്ചെന്നായിരുന്നു വെളിപ്പെടുത്തൽ.
ബാലഭാസ്കറിന്റെയും മകൾ തേജസ്വിനിയുടെയും മരണത്തിനിടയാക്കിയ കാറപകടം ആസൂത്രിതമല്ലെന്നും അമിതവേഗതയും അശ്രദ്ധയും കാരണമുണ്ടായതാണെന്നുമാണ് സി.ബി.ഐയുടെ കണ്ടെത്തൽ. കാറോടിച്ച ഡ്രൈവർ അർജ്ജുനെതിരെ അപകടകരമായി വാഹനമോടിച്ചതിനും മനപൂർവമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തു. ഇതുസംബന്ധിച്ച് ആയിരം പേജുള്ള കുറ്റപത്രം ഡിവൈ.എസ്.പി അനന്ദകൃഷ്ണൻ ഇന്നലെ തിരുവനന്തപുരം സി ജെ എം കോടതിയിൽ സമർപ്പിച്ചു. ക്രൈംബ്രാഞ്ച് കണ്ടെത്തലിന് സമാനമാണ് സി. ബി. ഐയുടെ കണ്ടെത്തലും.