ee

പണ്ടൊക്കെ 40 വയസ് കഴിഞ്ഞാണ് വൈറ്റമിൻ ഡിയുടെ കുറവ് പറഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ കുട്ടികൾ മുതൽക്കേ ഇതിന്റെ കുറവുമൂലമുള്ള പ്രശ്‌നങ്ങൾ അനുഭവിക്കുകയാണ്. ഇന്ത്യക്കാരിൽ 70- 90 ശതമാനം ആളുകളും വിറ്റമിൻ ഡിയുടെ അഭാവം നേരിടുന്നവരാണെന്ന് പഠനം. ആരോഗ്യത്തിന് ഒരു പ്രധാന വില്ലനായി മാറിയിരിക്കുകയാണ് വൈറ്റമിൻ ഡിയുടെ കുറവ്. ഭക്ഷണക്രമത്തിലെ മോശം രീതികളും മാറിയ ജീവിത ശൈലിയും വൈറ്റമിൻ ഡിയുടെ അളവിനെ കുറയ്‌ക്കുന്നു. അസ്ഥികൾ മുതൽ രോഗപ്രതിരോധശേഷി വരെയുള്ള ആരോഗ്യാവസ്ഥകളിൽ വിറ്റാമിൻ ഡി ഒരു പ്രധാന പങ്കുവഹിക്കുന്നു. ഇന്നത്തെ ജീവിതശൈലി തന്നെയാണ് വൈറ്റമിൻ ഡി കുറവിന് പ്രധാനകാരണം.അധികം ചെറുപ്പക്കാരും എ.സി. മുറികളിൽ ആണ് ജോലിചെയ്യുന്നത്. കുട്ടികളാകട്ടെ, പുറത്തു പോയി വെയിലത്തു കളിക്കാറുമില്ല. എല്ലാവരും മൊബൈൽ ഫോണിൽ ഗെയിം കളികളും മറ്റുമായി വീട്ടിൽത്തന്നെ ഒതുങ്ങുന്നു. നമ്മുടെ പ്രധാന വരുമാനമാർഗം കൃഷിയായതിനാൽ പണ്ടെല്ലാവരും വെയിലത്ത് പണിയെടുക്കുന്നവരായിരുന്നു. കുട്ടികളോ? സ്‌കൂൾ വിട്ടുവന്നാൽ തൊടിയിലും പറമ്പിലുമായി കളിയോട് കളി! അതുകൊണ്ട് തന്നെ അവർക്കെല്ലാം വേണ്ടത്ര വൈറ്റമിൻ ഡി യും ഉണ്ടായിരുന്നു. ചില ആളുകളിൽ വിറ്റാമിൻ ഡിയുടെ ആഗിരണം മന്ദഗതിയിലായിരിക്കും. ഇവിടെയാണ് സപ്ലിമെന്റിന്റെ അവ്യക്തത നിലനിൽക്കുന്നത്. വിറ്റാമിൻ ഡി കുറവുള്ളവർ ഡോക്‌റുടെ നിർദ്ദേശപ്രകാരം ഈ സപ്ലിമെന്റുകൾ ഉപയോഗിക്കാം. സൺസ്‌ക്രീൻ ക്രീമുകൾ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ വിറ്റാമിൻ ഡിയുടെ അഭാവമുണ്ടാകുമെന്ന് പഠനങ്ങൾ ഉണ്ട്. വൃക്കകൾ തകരാറുള്ളവർക്ക് വിറ്റാമിൻ ഡി പ്രവർത്തനക്ഷമമായ രീതിയിലേക്ക് മാറ്റാൻ കഴിയില്ല. ദഹനേന്ദ്രിയത്തെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങൾ കൊണ്ട് ശരീരത്തിലേക്ക് വിറ്റാമിൻ ഡി ആഗിരണം നടക്കാതിരിക്കാം.അമിതവണ്ണവും മറ്റൊരു കാരണമാണ്.