
വെല്ലിംഗ്‌ടൺ: കൊവിഡ് പ്രതിരോധ വാക്‌സിൻ ഉപയോഗത്തിന് അംഗീകാരം നൽകി ന്യൂസിലാന്റ്. രാജ്യത്തെ മെഡിക്കൽ നിയന്ത്രണ വിഭാദം വാക്‌സിന് അംഗീകാരം നൽകി. മാർച്ച് മാസം അവസാനത്തിൽ ആദ്യഘട്ടമായി രാജ്യ അതിർത്തികളിലെ ജീവനക്കാർക്കാണ് വാക്‌സിൻ നൽകുക. രോഗം ബാധിച്ചവരുമായി ഏറ്റവുമധികം സമ്പർക്കം വരുന്നത് അതിർത്തി ജീവനക്കാർക്കാണ്. മറ്റിടങ്ങളിൽ നിന്നും വരുന്നവരുമായി ബന്ധം വരുന്നത് രാജ്യത്ത് ഇവർക്ക് മാത്രമാണ്. ഇങ്ങനെ ചിലർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു.
നിലവിൽ ന്യൂസിലാന്റിൽ സമ്പർക്കം വഴി കൊവിഡ് വ്യാപനമില്ല. ഫൈസർ-ബയോൺടെക് വാക്‌സിനാണ് അനുമതി നൽകിയിരിക്കുന്നത്. 16 വയസിന് മുകളിലുളളവർക്ക് മാത്രമേ വാക്‌സിൻ നൽകൂ. കൊവിഡ് രോഗത്തെ ഫലപ്രദമായി തടഞ്ഞ ന്യൂസിലാന്റിൽ സാധാരണ ജനങ്ങൾക്ക് വാക്‌സിൻ കുത്തിവയ്‌പ്പ് ആരംഭിക്കുക ഈ വർഷം മദ്ധ്യത്തോടെയാകുമെന്ന് അധികൃതർ അറിയിച്ചു.