
പട്‌ന: സംസ്ഥാന സർക്കാരിനെതിരെ തെരുവിൽ സമരം ചെയ്‌താലോ, വഴി തടയൽ പോലുളള പ്രതിഷേധങ്ങൾക്ക് മുതിർന്നാലോ അവർക്ക് സർക്കാർ ജോലിയോ സർക്കാർ കോൺട്രാക്‌ടുകളോ ലഭിക്കില്ലെന്ന് ബീഹാർ പൊലീസ് ഡിജിപി എസ്.കെ സിംഗാളിന്റെ സർക്കുലർ. ഉത്തരവിനെ തുടർന്ന് നിതീഷ് സർക്കാരിനെതിരെ പ്രതിപക്ഷ കക്ഷികൾ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാർ ഏകാധിപതികളായ ഹിറ്റ്ലറെയോ മുസോളിനിയെയോ പോലെയാണ് ജനങ്ങളോട് പെരുമാറുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
അക്രമസമരങ്ങളിൽ പങ്കെടുക്കുന്നവർക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ അക്കാര്യം പരാമർശിക്കുമെന്നും ഡിജിപിയുടെ സർക്കുലറിലുണ്ട്.
ബീഹാറിൽ മദ്യവിൽപനകേന്ദ്രത്തിലെ ജോലിക്കും സർക്കാർ ജോലിക്കും പാസ്‌പോർട്ടിനും തോക്കിനും പൊലീസ് സാക്ഷ്യപ്പെടുത്തൽ ആവശ്യമാണ്. ആർജെഡി നേതാവും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് ഉത്തരവിന്റെ പകർപ്പ് ട്വിറ്ററിൽ ഷെയർ ചെയ്‌ത് നിതീഷ് കുമാർ ഹിറ്റ്‌ലറോടും മുസോളനിയോടും കടുത്ത മത്സരമാണ് കാഴ്‌ചവയ്‌ക്കുന്നതെന്ന് അഭിപ്രായപ്പെട്ടു.
സർക്കാരിനും മന്ത്രിമാർക്കും എം.പിമാർക്കും മറ്റ് സാമാജികർക്കും സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ വിമർശനം ഉന്നയിച്ചാൽ അവർക്കെതിരെ സൈബർ കുറ്റകൃത്യത്തിന് നിയമനടപടിയെടുക്കുമെന്ന് കഴിഞ്ഞ മാസം ബീഹാർ പൊലീസ് പുറത്തിറക്കിയ സർക്കുലറും വലിയ വിമർശനം വിളിച്ചുവരുത്തിയിരുന്നു.