swiss-cheese-dress

ചില ബ്രാൻഡുകളോട് അന്ധമായ ആരാധനയുള്ളവരുണ്ട്. ഈ ബ്രാന്റുകൾ വിപണിയിൽ എന്തവതരിപ്പിച്ചാലും വില നോക്കാതെ കണ്ണും പൂട്ടി വാങ്ങാൻ കുറെ ആരാധകഭ്രാന്തൻമാരുണ്ട്. ഫാഷൻ ബ്രാന്റുകൾക്കാണ് ഇത്തരം ആരാധകവൃന്ദം ഏറെയുള്ളത്. ചില സന്ദർഭങ്ങളിൽ സാമാന്യ യുക്തിക്ക് ചേരാത്ത വസ്ത്രങ്ങൾ ഇത്തരം ബ്രാന്റുകൾ അവതരിപ്പിക്കുകയും വിജയം നേടുകയും ചെയ്യാറുണ്ട്. കണ്ടാൽ ചെളിപിടിച്ചതുപോലെ തോന്നുന്ന ഗുച്ചി ബ്രാന്റിന്റെ ചെരിപ്പ് ​ ഈ അടുത്തകാലത്ത് വിറ്റുപോയത് 60,000 രൂപയ്ക്കാണ്. ക്ലാസിക്, വിന്റേജ് എന്നീ ടാഗ് ലൈനുകളുമായെത്തിയ ഗുച്ചിയുടെ ചെരിപ്പ് നിമിഷ നേരംകൊണ്ടാണ് വിറ്റുപോയത്.

ഇക്കൂട്ടത്തിലെ പുത്തൻ താരമാണ് സ്വിസ് ചീസിനെ അനുസ്മരിപ്പിക്കുന്ന വ്യത്യസ്തമായൊരു ടീ-ഷർട്ട്. പ്രമുഖ ഇറ്റാലിയൻ അപ്പാരൽ ബ്രാൻഡായ പ്രാഡയാണ് സ്വിസ് ചീസിനെ അനുസ്മരിപ്പിക്കുന്ന ടർട്ടിൽ നെക്ക് ടീഷർട്ടിന് പിന്നിൽ.

കമ്പനിയുടെ സ്പ്രിംഗ്-സമ്മർ 2021 കളക്ഷന്റെ ഭാഗമായിട്ടാണ് ഈ വസ്ത്രം അവതരിപ്പിച്ചിരിക്കുന്നത്. വിസ്‌കോസ്‌ ടർട്ടിൽനെക്ക് സ്വെറ്റർ എന്ന് പേരുള്ള ഈ വസ്ത്രം കണ്ടാൽ സ്വിസ് ചീസിന്റെ വലിയൊരു കഷ്ണം മുറിച്ചെടുത്ത് തയ്യാറാക്കിയതാണോ എന്ന് ആർക്കും ഒരു മാത്ര സംശയം തോന്നാം. ഈ ചീസ് വസ്ത്രത്തിന്റെ വിലയാണ് ഇതിൽ ഏറ്റവും രസകരമായ കാര്യം. 905 പൗണ്ട്. അതായത് ഏകദേശം 90,000 രൂപ.

'ദ്വാരങ്ങളുള്ള വിലയേറിയ ഓപ്പൺ വർക്ക് മോട്ടിഫ്കൊണ്ട് തയ്യാറാക്കിയ ഈ വിസ്കോസ് ടർട്ടിൽനെക്ക് സ്വെറ്റർ സ്പ്രിംഗ് സമ്മർ 2021 കളക്ഷനിലെ മുഖ്യാകർഷണമാണ്" എന്നാണ് പ്രാഡ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരണം.

ഇതാദ്യമായല്ല കൗതുകകരമായ തുണിത്തരങ്ങൾ പ്രാഡ അവതരിപ്പിക്കുന്നത്. ഡിസംബറിൽ ബലൂൺ സ്ലീവ്‌സുള്ള ടർട്ടിൽനെക്ക് ടീഷർട്ട് അവതരിപ്പിച്ചും ഇവർ വാർത്തകളിൽ ഇടം നേടിയിരുന്നു. ക്രീം, ബ്ലാക്ക് നിറങ്ങളിൽ ലഭ്യമായ ഈ വസ്ത്രം കൈകൾക്കും കഴുത്തിനും മാത്രമേ സംരക്ഷണം നൽകൂ, നെഞ്ചിന്റെ ഭാഗവും പിൻഭാഗവും 'ഓപ്പൺ' ആണ്.

വസ്ത്രം മാത്രമല്ല അടുത്തിടെ ഗുച്ചി ഒരു കണ്ണടയും അവതരിപ്പിച്ചിരുന്നു, തല കീഴായ കണ്ണട. ഇൻവെർട്ടഡ് ക്യാറ്റ് ഐ ഗ്ലാസ് എന്ന് പേരിട്ടിരിക്കുന്ന പുത്തൻ കണ്ണടയ്ക്ക് വില 755 ഡോളറാണ്,​ അതായത് ഏകദേശം 55,000 രൂപ. ഒറ്റ നോട്ടത്തിൽ ഈ കണ്ണട ധരിച്ചിരിക്കുന്ന വ്യക്തി കണ്ണട തല കീഴായി ധരിച്ചിരിക്കുന്നു എന്നെ കാണുന്നവർ കരുതൂ. സാധാരണഗതിയിൽ കണ്ണടയുടെ മുകൾ ഭാഗത്താണ് ചെവിയിലേക്ക് പോകുന്ന ഫ്രെയിമിന്റെ തുടക്കം എന്നാൽ, ഇൻവെർട്ടഡ് ക്യാറ്റ് ഐ ഗ്ലാസിൽ ഇത് താഴെയാണ്. ഇത് തന്നെയാണ് ഒറ്റ നോട്ടത്തിൽ കാഴ്ചക്കാരിൽ ആശയ ക്കുഴപ്പം സൃഷ്ടിക്കുന്നതും. ഇത് ധരിച്ച് പുറത്ത് പോയാൽ എന്തായാലും എല്ലാവരും ശ്രദ്ധാകേന്ദ്രമാവുമെന്ന കാര്യത്തിൽ സംശയം വേണ്ട.