burger

വ്യത്യസ്തമായ ചേരുവകളാൽ പ്രശസ്തമാണ് ചൈനീസ് വിഭവങ്ങൾ. നമുക്ക് പരിചിതമായ ചൈനീസ് വിഭവങ്ങൾ നൂഡിൽസും മോമോസുമൊക്കെയാണ്. എന്നാൽ, ചെറുപ്രാണികൾ മുതൽ നാമിതുവരെ കേട്ടിട്ടില്ലാത്ത ജീവികളുടെ വരെ മാംസം പല വിധത്തിൽ പാകം ചെയ്ത് ചൈനാക്കാർ തീൻ മേശയിൽ എത്തിക്കാറുണ്ട്. ഇപ്പോൾ ആഗോള ഫുഡ് ചെയിൻ ഗ്രൂപ്പായ മാക്ഡൊണാൾഡ്സിന്റെ സംഭാവനയായി പുതിയൊരു വിഭവം അവതരിപ്പിച്ചിരിക്കുകയാണ് അങ്ങ് ചൈനയിൽ,​ പോർക്കും ഓറിയോയും ചേർന്നൊരു ബർഗർ.

സ്പാം ബർഗർ എന്നാണ് ഈ വെറൈറ്റി ബർഗറിന്റെ പേര്. ടിന്നിൽ കിട്ടുന്ന ഒരുതരം പാകം ചെയ്‌ത പന്നിയിറച്ചിയാണ് സ്പാം. ഈ പ്രത്യേക ബർഗറിൽ പാറ്റിയ്ക്ക് പകരം സ്പാം ആണ് ചേർക്കുന്നത്. മുകളിലും താഴെയുമായി ഓറിയോ ബിസ്കറ്റ് പൊടിച്ചിടും. ഒപ്പം മയോണൈസും. എത്ര വിചിത്രമായ കോമ്പിനേഷൻ എന്നല്ലെ നിങ്ങൾ ചിന്തിക്കുന്നത്.

ഏതായാലും ലിമിറ്റഡ് എഡിഷൻ ബർഗർ ആയിട്ടാണ് മാക്ഡൊണാൾഡ് സ്പാം ബർഗർ ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നത്. 4 ലക്ഷം സ്പാം ബർഗറുകൾ വിൽക്കാനാണ് ചൈനയിലെ മാക്ഡൊണാൾഡ്‌സ് കമ്പനി ലക്ഷ്യമിടുന്നത്. രണ്ട് ഡോളർ, ഏകദേശം 145 രൂപയാണ് സ്പാം ബർഗറിന്റെ വില.

നമ്മുടെ ഓറിയോ ബജി
ചൈനയിലെ ഓറിയോ ചേർത്ത ബർഗറിന് പകരമായി ഇന്ത്യയിലും ഒരു അടാർ ഐറ്റം അവതരിപ്പിച്ചിട്ടുണ്ട്,​ ഓറിയോ ബജി. ലോക്ക്ഡൗൺ സമയത്താണ് ഓറിയോ ബജി ശ്രദ്ധ നേടിയത്. മൈദയും കടലപ്പൊടിയും ചേർന്ന മിശ്രിതത്തിൽ ഓറിയോ ബിസ്ക്കറ്റ് മുക്കി ബജിയാക്കിയാൽ എങ്ങനെയിരിക്കും? ഭയാനക് പപ്പി എന്ന് പേരുള്ള ട്വിറ്റർ പേജിലാണ് ഓറിയോ ബജിയുടെ ചിത്രങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. "എനിക്കറിയാവുന്ന ഒരാൾ ഓറിയോ ബജി ഉണ്ടാക്കുകയും ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു" എന്ന അടിക്കുറിപ്പോടെയാണ്‌ ഭയാനക് പപ്പി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഭക്ഷണങ്ങളുടെ കോമ്പിനേഷൻ കണ്ടതോടെ ട്വിറ്ററിലും കമന്റുകളുടെ പ്രവാഹമാണ്. "ഞാനിതൊരിക്കലും കാണാൻ പാടില്ലായിരുന്നു" എന്നാണ് ഒരു ട്വിറ്റർ ഉപഭോക്താവ് പോസ്റ്റിനു താഴെ കമന്റ്ചെയ്തത്. എന്നാൽ "എന്റെ ഈ ദിവസം നശിപ്പിച്ചതിന് നന്ദി'', എന്നാണ് മറ്റൊരാൾ കമന്റിൽ കുറിച്ചിരിക്കുന്നത്. 'ഇതൊരു ദുരഭിമാനക്കൊലയാണ്' എന്നുവരെ ഒരു ട്വിറ്റർ ഫോളോവർ കമന്റ് ചെയ്തിട്ടുണ്ട്.