
കണ്ണൂർ: കൊവിഡ് മാനദണ്ഡം ലംഘിച്ചു എന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്‌ക്കെതിരെ പൊലീസ് കേസ്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, ശ്രീകണ്‌ഠാപുരം എന്നിവിടങ്ങളിലാണ് പൊലീസ് കേസെടുത്തത്. തളിപ്പറമ്പിൽ നടന്ന ഐശ്വര്യകേരളയാത്രയുടെ സമാപനച്ചടങ്ങിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വൻ ആൾക്കൂട്ടം പങ്കെടുത്തു എന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.
ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി ഉൾപ്പടെ 26 യു ഡി എഫ് നേതാക്കൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യു ഡി എഫ് നേതാക്കൾക്ക് പുറമെ, കണ്ടാലറിയാവുന്ന നാന്നൂറോളം പ്രവർത്തകർക്ക് എതിരേയും കേസെടുത്തിട്ടുണ്ട്. നടപടിയെ വിമർശിച്ച് കേരളത്തിന്റെ ചുമതലയുളള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറും പ്രതിപക്ഷ നേതാവും രംഗത്തെത്തി.
കൊവിഡ് മാനദണ്ഡം കോൺഗ്രസ് പാർട്ടിക്ക് മാത്രം ബാധകമോ എന്നായിരുന്നു താരിഖ് അൻവറിന്റെ ചോദ്യം. ചില പ്രത്യേക പാർട്ടികൾക്ക് മാത്രമാണോ കൊവിഡ് പ്രോട്ടോക്കോൾ ബാധകമായിട്ടുളളത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും താരിഖ് അൻവർ ആരോപിച്ചു.
ഐശ്വര്യ കേരള യാത്രക്കെതിരായ പൊലീസിന്റെ നടപടി, യാത്രയുടെ വിജയം കണ്ട് വിറളിപൂണ്ടാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. നാലായിരം കേസെടുത്താലും യാത്ര തകരില്ല. കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് ആദ്യം കേസെടുക്കേണ്ടത് മന്ത്രിമാർക്കെതിരെയാണെന്നും ചെന്നിത്തല പറഞ്ഞു.