kashmir-issue

ന്യൂഡൽഹി: ജമ്മു കാശ്‌മീർ പ്രശ്‌നം കലഹങ്ങളില്ലാതെ അന്തസോടെ ഇന്ത്യയും പാകിസ്ഥാനും പരിഹരിക്കണമെന്ന് അഭിപ്രായപ്പെട്ട് പാകിസ്ഥാൻ കരസേന മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ. ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ അസ്‌ഗർ കാൻ അക്കാഡമിയിൽ പുതിയ എയർഫോഴ്‌സ് ബാച്ചിന്റെ ബിരുദദാന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 'ഇന്ത്യയും പാകിസ്ഥാനും ഏറെനാളായി നിലനിൽക്കുന്ന ജമ്മു കാശ്‌മീരിലെ പ്രശ്‌നങ്ങൾ അവിടുത്തെ ജനങ്ങളുടെ ആഗ്രഹം പോലെ കലഹങ്ങളൊന്നുമില്ലാതെ അന്തസായി പരിഹരിക്കണം.' ജനറൽ ബജ്‌വ പറഞ്ഞു.

മൂന്നാമതൊരു രാജ്യം പ്രശ്‌നത്തിൽ ഭാവിയിൽ ഇടപെടാതിരിക്കാൻ പരസ്‌പര ബഹുമാനത്തോടെ സമാധാനപരമായി പ്രശ്‌നം പരിഹരിക്കുന്നതിന് എല്ലാവഴിയിലൂടെയും ശ്രമിക്കുകയാണ് വേണ്ടതെന്ന് ജനറൽ ബജ്‌വ അഭിപ്രായപ്പെട്ടു. 1947ൽ ഇന്ത്യ-പാകിസ്ഥാൻ രൂപീകരണ സമയത്ത് അന്നത്തെ കാശ്‌മീർ പ്രദേശങ്ങൾ ഭൂരിഭാഗവും പാകിസ്ഥാൻ അധീനതയിലായിരുന്നു. ഇന്ത്യൻ സൈന്യം പാക് പട്ടാളത്തെയും ഇവർക്ക് പിന്തുണയായി നിന്ന ഗോത്ര വിഭാഗങ്ങളെയും തുരത്തി കാശ്‌മീർ ഇന്ത്യയ്‌ക്കൊപ്പം ചേർത്തു. പിന്നീട് പ്രശ്‌നം ഐക്യരാഷ്‌ട്ര സഭയിലെത്തിയപ്പോൾ കാശ്‌മീരിന്റെ ഇന്ത്യയിലേക്കുള‌ള ലയനം അംഗീകരിക്കപ്പെട്ടു. തൽസ്ഥിതി തുടരാനും ധാരണയായി.

പാകിസ്ഥാൻ കാശ്‌മീർ‌ ഭാഗത്ത് നിന്നും പൂർണമായും പിന്മാറിയ ശേഷം ഇന്ത്യ ഈ പ്രദേശങ്ങളുടെ ഉത്തരവാദിത്വം ഏ‌റ്റെടുക്കാനായിരുന്നു അന്നത്തെ തീരുമാനം. എന്നാൽ നാളിതുവരെ പാകിസ്ഥാൻ പൂർണമായും ഇവിടെ നിന്നും പിന്മാറാൻ തയ്യാറായിട്ടില്ല. തുടർന്ന് മൂന്ന് യുദ്ധങ്ങളാണ് പാകിസ്ഥാനുമായി ഉണ്ടായത്. നിലവിൽ പാകിസ്ഥാൻ അധിനിവേശത്തിന് ശ്രമിക്കുന്ന ഭാഗങ്ങൾ കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്കിലും ജമ്മു കാശ്‌മീരിലുമാണ് ഉൾപ്പെടുന്നത്.