cabinet

തിരുവനന്തപുരം: ക്രൈസ്തവ നാടാൻ വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ നാടാർ സമുദായം പൂർണമായും ഒബിസിലാവും. ഹി​ന്ദു നാടാർ വി​ഭാഗങ്ങൾക്കും, എസ് ഐ യു സി​ വി​ഭാഗങ്ങൾക്കും മാത്രമാണ് ഇതുവരെ സംവരണം ഉണ്ടായി​രുന്നത്. ഇതേരീതി​യി​ലുളള സംവരണം തങ്ങൾക്കും വേണമെന്നായി​രുന്നു മറ്റ് നാടാർ വി​ഭാഗങ്ങൾ സർക്കാരി​നോട് ആവശ്യപ്പെട്ടി​രുന്നത്. ഇത് അംഗീകരി​ച്ചാണ് സർക്കാർ തീരുമാനമെടുത്ത്. ഈ മാസം അവസാനി​ക്കുന്ന പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം കൂടി നീട്ടാനും ഇന്നുചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. പെൻഷൻ പ്രായം കൂട്ടേണ്ടെന്നും തീരുമാനിച്ചു.

റാങ്ക് ലി​സ്റ്റുകളുടെ കാലാവധി​ നീട്ടണമെന്നത് യുവജന സംഘടനകളുടെയും ഉദ്യോഗാർത്ഥി​കളുടെയും ദീർഘനാളത്തെ ആവശ്യമാണ്. അതാണ് ഇപ്പോൾ സർക്കാർ അംഗീകരി​ച്ചത്. വരുന്ന മാസങ്ങളി​ൽ അവസാനി​ക്കുന്ന ലി​സ്റ്റുകളുടെ കാലാവധി​യും നീട്ടണമന്ന് ഉദ്യോഗാർത്ഥി​കൾ ആവശ്യപ്പെട്ടി​ട്ടുണ്ട്.

സി​ഡി​റ്റി​ലെ 110 കരാർ ജീവനക്കാരെ സ്ഥി​രപ്പെടുത്താനും മന്ത്രി​സഭായോഗത്തി​ൽ തീരുമാനി​ച്ചു. പത്തുവർഷം പൂർത്തി​യാക്കി​യ കരാർ ജീവനക്കാരെയാണ് സ്ഥി​രപ്പെടുത്തുന്നതെന്നാണ് റി​പ്പോർട്ട്. പി​ൻവാതി​ൽ നി​യമനങ്ങൾക്കെതി​രെ ഉദ്യോഗാർത്ഥി​കളും യുവജനസംഘനടകളും ഉയർത്തുന്ന എതി​ർപ്പുകളൊന്നും കാര്യമാക്കാതെയാണ് സർക്കാർ തീരുമാനമെടുത്തത്.

ശമ്പള പരിഷ്ക്കരണ കമ്മിഷൻ റിപ്പോർട്ട് അംഗീകരിച്ച മന്ത്രിസഭായോഗം ശുപാർശകൾ പഠിച്ച് റിപ്പോർട്ട് നൽകാൻ മൂന്നംഗ സെക്രട്ടറി തല സമിതിയെയും നിയോഗിച്ചു. ധനകാര്യവകുപ്പ് അഡിഷണൽചീഫ് സെക്രട്ടറിയാണ് സമിതിയുടെ അദ്ധ്യക്ഷൻ. ഒരുമാസത്തിനകം റിപ്പോർട്ട് നൽകണം ഇതിന്റെ അടിസ്ഥാനത്തിലാവും ഏപ്രിലിൽ പുതുക്കിയ ശമ്പളം നൽകുക. ആരോഗ്യ വകുപ്പിലെ ശമ്പള പരിഷ്‌കരണം അതേപടി നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് കാലത്തെ ആരോഗ്യപ്രവർത്തകരുടെ സേവനം പരിഗണിച്ചാണിത്. സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23,000 ആയും ഉയർന്ന ശമ്പളം 1,66,800 ആയും ഉയർത്താനായിരുന്നു കമ്മിഷന്റെ ശുപാർശ .