covid

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കേരളത്തിൽ സന്ദർശനത്തിനെത്തുന്ന കേന്ദ്ര സംഘം കൂടുതൽ കൃത്യതയുള്ള ആർ.ടി.പി.സി.ആർ പരിശോധനകൾ കൂട്ടാൻ സംസ്ഥാനത്തിന് നിർദ്ദേശം നൽകിയേക്കും. ഒക്ടോബറിൽ കൊവിഡ് വ്യാപനം ഉണ്ടായപ്പോഴും കേരളം അടക്കമുള്ള സംസ്ഥാനങ്ങളോട് ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ വർദ്ധിപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ, താരതമ്യേന കൃത്യത കുറഞ്ഞ ആന്റിജൻ ടെസ്റ്റുകളുമായി കേരളം മുന്നോട്ട് പോവുകയായിരുന്നു.

കേന്ദ്ര സർക്കാരിന്റെറിപ്പോർട്ട് അനുസരിച്ച് ആന്റിജൻ പരിശോധന ഏറ്റവും കൂടുതൽ നടന്ന സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. 75 ശതമാനം. കൊവിഡ് രോഗനിർണയം എളുപ്പത്തിൽ സാദ്ധ്യമാകുന്ന പരിശോധനയാണ് ആന്റിജൻ ടെസ്റ്റ്. ആർ.ടി പി.സി.ആർ ടെസ്റ്റ് നടത്തിയാൽ ഫലം ലഭിക്കാൻ 5-7 ദിവസങ്ങളെടുക്കുമ്പോൾ 30 മിനിട്ട് കൊണ്ട് ഫലമറിയാം എന്നതാണ് ആന്റിജൻ ടെസ്റ്റിന്റെ മേന്മ. ഇത് വളരെ വേഗം രോഗികളെ കണ്ടെത്തുന്നതിനും ചികിത്സ നൽകുന്നതിനും സഹായിക്കുന്നു. റാപ്പിഡ് ടെസ്റ്റ് എന്ന പേരിലും ഇത് അറിയപ്പെടുന്നു. കൊവിഡ് വൈറസിന്റെ പ്രോട്ടീൻ എന്ന പുറംഭാഗമാണ് ആന്റിജൻ ടെസ്റ്റ് വഴി പരിശോധിക്കുന്നത്. എന്നാൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് വഴി പരിശോധിക്കുന്നത് വൈറസിന്റെ ന്യൂക്ലിക് ആസിഡ് എന്ന ഉൾഭാഗമാണ്. ആന്റിജൻ ടെസ്റ്റ് നടത്താൻ മൂക്കിലെ സ്രവമാണ് ശേഖരിക്കുക. തൊണ്ടയിലെ സ്രവമാണ് ആർ.ടി.പി.സി.ആർ ടെസ്‌റ്റിനായി ശേഖരിക്കുന്നത്.

രാജ്യത്തെ പ്രതിദിന കേസുകളിൽ പകുതിയും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ആകെ കേസുകളിൽ മൂന്നാമതും ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ ഒന്നാമതും കേരളമാണ്. തൊട്ടുപിന്നിൽ മഹാരാഷ്ട്രയും. രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ള രോഗികളിൽ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ഈ സാഹചര്യത്തിലാണ് പരിശോധനകളുടെ എണ്ണം കൂട്ടുകയും ആർ.ടി.പി.സി.ആർ പരിശോധനകൾ വർദ്ധിപ്പിക്കാനും നിർദ്ദേശം നൽകാനും തീരുമാനിച്ചത്. ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്ന കേന്ദ്ര സംഘത്തിൽ ഡൽഹി ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിലെയും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തിരുവനന്തപുരം റീജിയണൽ ഓഫീസിലെയും വിദഗ്ദ്ധരുണ്ടാവും.

 ടി.പി.ആർ വെല്ലുവിളി

കേന്ദ്ര ഭരണപ്രദേശങ്ങൾ അടക്കം മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം കുറഞ്ഞിട്ടും കേരളത്തിൽ നിരക്ക് ഉയർന്നു നിൽക്കുകയാണ്. സംസ്ഥാനത്ത് ഇപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആർ) 10നും 12 ശതമാനത്തിനും ഇടയിലാണ്. ഇത് വെളിവാക്കുന്നത് കേരളത്തിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാണെന്നാണ്. ടി.പി.ആർ 5 ശതമാനമായി നിലനിറുത്താനായാൽ മാത്രമെ രോഗബാധ നിയന്ത്രണവിധേയമാണെന്ന് പറയാനാകൂവെന്നാണ് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പറയുന്നത്. എന്നാൽ, സംസ്ഥാനത്ത് ടി.പി.ആർ ഇതുവരെ 8 ശതമാനം പോലും ആക്കാൻ കഴിഞ്ഞിട്ടില്ല.

 സമ്പർക്ക പട്ടിക തയ്യാറാക്കും

മുമ്പ് കൊവിഡ് ബാധിച്ചവരുടെ സമ്പർക്ക പട്ടിക തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കുന്ന പതിവുണ്ടായിരുന്നു. രോഗികളുടെ എണ്ണം കൂടിയതോടെ സമ്പർക്ക പട്ടിക തയ്യാറാക്കൽ വെല്ലുവിളിയായി. ക്രമേണ ഇത് അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ,​ സമ്പർക്ക പട്ടിക തയ്യാറാക്കുന്നത് പുനരാരംഭിക്കാനാണ് ഇപ്പോൾ തീരുമാനം. ഇതിനായുള്ള നിർദ്ദേശം തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള നിരീക്ഷണ സമിതികൾക്ക് സംസ്ഥാന സർക്കാർ നൽകി. പോസിറ്രീവ് ആകുന്നവർക്ക് ലക്ഷണങ്ങൾ ഇല്ലെങ്കിലും ചെറിയ ലക്ഷണങ്ങൾ ഉണ്ടെങ്കിലും ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടിക തയ്യാറാക്കുകയും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ള മുൻകരുതലുകൾ ഇവർ സ്വീകരിക്കുന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങളിലെ റാപ്പിഡ് റെസ്‌പോൺസ് ടീം ഉറപ്പാക്കുകയും വേണം.