nadda

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായി രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി ബി ജെ പി അഖിലേന്ത്യാ അദ്ധ്യക്ഷൻ ജെ പി തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നദ്ദയ്ക്ക് പാർട്ടി പ്രവർത്തകരും നേതാക്കളും ചേർന്ന് ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയത്. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുളള നേതാക്കൾ ചേർന്നാണ് നദ്ദയെ സ്വീകരിച്ചത്.

നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് നദ്ദയെ ബി ജെ പി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിലേക്ക് ആനയിച്ചത്. തുറന്ന വാഹനത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്‌തായിരുന്നു റാലി. വാദ്യമേളങ്ങളുടെയും പുഷ്‌പവൃഷ്‌ടിയുടെയും അകമ്പടിയോടെയായിരുന്നു സ്വീകരണം.

nadda

ഉച്ചയ്ക്ക് ശേഷം സംസ്ഥാന കോർകമ്മിറ്റി യോഗത്തിൽ നദ്ദ പങ്കെടുക്കും. വൈകുന്നേരം നാലിന് അദ്ദേഹം വാർത്താസമ്മേളനം നടത്തുന്നുണ്ട്. ഇതിന് ശേഷം കോർപ്പറേഷൻ, മുൻസിപ്പാലിറ്റി കൗൺസിലർമാരുടെ യോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. വൈകുന്നേരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ദർശനം നടത്തുന്ന ബി ജെ പി അദ്ധ്യക്ഷൻ പ്രമുഖ വ്യക്തികളുമായും സാമുദായിക നേതാക്കളുമായും ചർച്ച നടത്തും. തുടർന്ന് എൻ ഡി എ നേതാക്കളുമായും കൂടിക്കാഴ്‌ച നടത്തും.

നാളെ രാവിലെ നെടുമ്പാശേരിക്ക് പോകുന്ന അദ്ദേഹം വൈകുന്നേരം തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കും.