
മുംബയ്: ഒരു വർഷത്തേക്ക് മൊബൈൽ ഫോൺ ഉപയോഗം പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ച് ബോളിവുഡ് താരം അമീർ ഖാൻ. വരുന്ന ഡിസംബർ മാസംവരെ താരം തന്റെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്‌തു. അടുത്ത സിനിമയിൽ ശ്രദ്ധിക്കാനും, കൂടുതൽ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കാനുമാണ് മൊബൈലിൽ നിന്ന് ചെറിയ ബ്രേക്ക് എടുക്കുന്നത്.
സോഷ്യൽ മീഡിയയിലും ഇനി താരത്തെ അധികമായി കാണാനാവില്ല. അക്കൗണ്ടുകളുടെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവയ്‌ക്കാനാണ് തീരുമാനം. എന്നാൽ പുതിയ സിനിമ 'ലാൽ സിംഗ് ചദ്ദ' പുറത്തിറങ്ങുന്നതുവരെ, അതിന്റെ പ്രമോഷൻ ജോലികൾക്കായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അദ്ദേഹത്തിന്റെ ടീം കൈകാര്യം ചെയ്യും.
ജോലി സംബന്ധമായ കാര്യങ്ങൾക്ക് മാനേജർ വഴി അമീറിനെ ലഭ്യമാകുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.
താൻ സെൽഫോണിന് അടിമയാണെന്നും അത് തന്റെ വ്യക്തിപരവും തൊഴിൽപരവുമായ ഇടത്തെ സ്വാധീനിക്കുന്നുവെന്നും അമീറിന് തോന്നുന്നു. ഇതിനാലാണ് എല്ലാ ഡിജിറ്റൽ ആശയവിനിമയ സംവിധാനങ്ങളും ഇടക്കാലത്തേക്ക് ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് അമീർ ഖാനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.
ചില സ്‌മാർട്ട് ഫോൺ കമ്പനികളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് താരം. അതിനാൽ കമ്പനികളുടെ സമ്മർദ്ദം ശക്തമായാൽ തീരുമാനത്തിൽ വരും ദിവസങ്ങളിൽ മാറ്റമുണ്ടാകാനും സാദ്ധ്യതയുണ്ടെന്നും സൂചനയുണ്ട്.