
തൃശൂർ: ഓടിക്കൊണ്ടിരുന്ന കാർ റോഡുവക്കിലെ ആൾമറയില്ലാത്ത കിണറ്റിൽ പതിച്ചെങ്കിലും പോറൽപോലുമേൽക്കാതെ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ച അഞ്ചുമണിയോടെ തൃശൂർ ഒല്ലൂർ മരത്താക്കര സെന്ററിലായിരുന്നു അപകടം. ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.
കാർ ഓടിച്ചുകൊണ്ടിരിക്കെ ഇയാൾക്ക് അസ്വസ്ഥത തോന്നുകയും തുടർന്ന് കാർ നിയന്ത്രണം വിട്ട് റോഡുവക്കിൽ വർഷങ്ങളായി ഉപയോഗിക്കാതെ ഇട്ടിരുന്ന പഞ്ചായത്ത് കിണറിലേക്ക് പതിക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. ഓടിയെത്തിയ ചുമട്ടുതൊഴിലാളികളും നാട്ടുകാരുമാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. അവരെത്തി ഡ്രൈവറെ പുറത്തെടുത്തു. അപകടത്തിൽ തകർന്ന കാർ ഉടൻ പുറത്തെടുക്കും.