
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ആദ്യഘട്ടത്തിൽ ഉണ്ടായതുപോലെയുള്ള കൊവിഡ് വ്യാപനം ഇല്ലെങ്കിലും ആശങ്കയുടെ കാർമേഘം ഇതുവരെയും ഒഴിഞ്ഞിട്ടില്ല. ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന ആരോഗ്യവകുപ്പിന്റെ അഞ്ച് ജില്ലകളിൽ തലസ്ഥാന ജില്ലയും ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേ മതിയാകൂവെന്ന ചിന്തയിലാണ് ജില്ലാഭരണകൂടം.
വീണ്ടും പരിശോധനകൾ കർശനമാക്കി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് രംഗത്തിറങ്ങിയെങ്കിലും പൊതുസ്ഥലങ്ങൾ ഇപ്പോഴും ജനിബിഢം തന്നെ. വിനോദ സഞ്ചാരകേന്ദ്രങ്ങൾ, ടൗണുകൾ, ബിവറേജ് ഔട്ട്‌ലെറ്റുകൾ, മാർക്കറ്റുകൾ, വിവാഹമണ്ഡപം തുടങ്ങിയ സ്ഥലങ്ങളിലാണ് കൊവിഡ് പ്രതിരോധം താളം തെറ്റുന്നത്. സമ്പർക്കത്തിലൂടെ രോഗം പകരുമെങ്കിലും വ്യാപനത്തിന്റെ ആരംഭ കാലത്തുണ്ടായ ആശങ്ക ഇപ്പോൾ ജനങ്ങളെ തെല്ലും അലോസരപ്പെടുത്തുന്നില്ല. അതിനാൽ തന്നെ മാനദണ്ഡങ്ങൾ സൗകര്യപൂർവം അവർ മറക്കുകയും ചെയ്യുന്നു. ആഴ്ചാവസാനമായ ശനി, ഞായർ ദിവസങ്ങളിൽ ബീച്ചുകളിലും ഉല്ലാസകേന്ദ്രങ്ങളിലും വൻതിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്
ബിവറേജസ് ഷോപ്പുകളിലെ ക്യൂവിൽ സാമൂഹിക അകലം പാലിക്കുന്നില്ല. പലരും മാസ്‌ക് ധരിക്കാതെയാണ് എത്തുന്നത്. 31,ഫെബ്രുവരി ഒന്ന് തീയതികളിൽ അവധിയായിരുന്നതിനാൽ തന്നെ അതിനു മുമ്പത്തെ ദിവസങ്ങളിൽ വൻ തിരക്കാണ് ബെവ്കോ ഔട്ട്‌ലെറ്റുകളിൽ അനുഭവപ്പെട്ടത്. മാത്രമല്ല, വില ഉയർത്തിയത് പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് മദ്യം വാങ്ങാൻ ആളുകൾ ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ എത്തിയതും കൂട്ടംകൂടലിന് ഇടയാക്കി.
വിവാഹചടങ്ങുകളിലും കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽപറക്കുകയാണ്. ആളുകൾ കൂട്ടംകൂടുന്നതും അടുത്തിടപഴകുന്നതും വർദ്ധിച്ചു. വിവാഹത്തിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം നൂറായി പരിമിതപ്പെടുത്തിയെങ്കിലും ഒരേസമയം നൂറ് മാത്രമാക്കി വിവിധ സമയക്രമം നൽകി ആളുകളെ കൂട്ടിയാണ് ഈ പരിമിതി മറികടക്കുന്നത്. മാത്രമല്ല, സെക്രട്ടേറിയറ്റിന് മുന്നിലെ സമരവേദിയിലും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് പ്രതിഷേധങ്ങൾ അരങ്ങേറുന്നത്.
അതേസമയം, കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവരെ പിടികൂടാൻ ജില്ലാഭരണകൂടം നടപടികൾ ശക്തമാക്കി തുടങ്ങി. ജില്ലയിലെ മാളുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, തിയേറ്ററുകൾ എന്നിവിടങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി പൊലീസിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധനകൾ ഇന്നലെ തുടങ്ങി.
പോസിറ്റീവ് കേസുകൾ കൂടുതലുള്ള സ്ഥലങ്ങളുടെ മാപ്പ് അതത് പബ്ലിക് ഹെൽത്ത് സെന്ററുകളുടെ നേതൃത്വത്തിൽ തയ്യാറാക്കി ആ പ്രദേശത്ത് പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തമാക്കും. ഇതിനായി സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ സേവനം ഉപയോഗപ്പെടുത്തും. വിവാഹ ചടങ്ങുകൾ, മറ്റു കൂടിച്ചേരലുകൾ എന്നിവയിൽ സർക്കാർ നിർദേശിച്ചത്ര ആളുകൾ മാത്രമേ പങ്കെടുക്കാവൂ. നിശ്ചിത എണ്ണത്തിലധികം ആളുകൾ പങ്കെടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഓഡിറ്റോറിയം ബുക്ക് ചെയ്തയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാകളക്ടർ ഡോ.നവജ്യോത് ഖോസ വ്യക്താമാക്കി. ആദ്യഘട്ടത്തിൽ പരിശോധനയ്‌ക്കൊപ്പം ബോധവത്കരണമാണ് പൊലീസ് നടത്തിയതെങ്കിൽ ഇപ്പോൾ രണ്ടു പേരടങ്ങുന്ന സ്‌ക്വാഡായി തിരിഞ്ഞ് കടകളിലും മുക്കിലും മൂലയിലും പരിശോധനയാണ് നടത്തുന്നത്. മാസ‌്ക് ധരിക്കാത്തവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും കണ്ടെത്താൻ ജംഗ്ഷനുകൾ കേന്ദ്രീകരിച്ചും പൊലീസ് പരിശോധനയുണ്ട്.
നൂറിലധികം പെറ്റി കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. വ്യാപാര സ്ഥാപനങ്ങളിലും പരിശോധന കർശനമാക്കി. ബസ് വെയ്റ്റിംഗ് ഷെഡുകൾ, ടൗൺ, മാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാന പരിശോധന. ഓരോ പൊലീസ് സ്റ്റേഷനിലും പരിശോധനയ്ക്ക് പ്രത്യേക സംഘത്തെ നിയോഗിച്ചു കഴിഞ്ഞു. പരിശോധനയുമായി സഹകരിക്കാത്തവർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനു കേസുകളും രജിസ്റ്റർ ചെയ്യുന്നുണ്ട്.