post-office-deposit-schem

സുരക്ഷിതത്വവും മികച്ചപലിശയും തേടി ട്രഷറി ശാഖകളില്‍ ജനം ക്യൂനിന്നു മടുത്തു എന്ന വാര്‍ത്ത ദിവസങ്ങള്‍ക്ക് മുന്‍പ് നാം ഏവരും കേട്ടതാണ്. ട്രഷറി പലിശനിരക്ക് കുറയ്ക്കുന്നത് മുന്നില്‍ക്കണ്ട് അതിനുമുന്നെ പണം നിക്ഷേപിക്കാന്‍ നിക്ഷേപകര്‍ ഉത്സാഹിച്ചപ്പോള്‍ 12 ദിവസം കൊണ്ട് ട്രഷറിയില്‍ എത്തിയത് 3500 കോടിരൂപയാണ്. സുരക്ഷിതവും മികച്ച പലിശയും തേടുന്നവര്‍ക്ക് ട്രഷറി പോലെതന്നെ വിശ്വസിക്കാവുന്ന ഒന്നാണ് പോസ്‌റ്റോഫീസ് നിക്ഷേപങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെ ഗാരന്റിയാണ് പോസ്‌റ്റോഫീസ് നിക്ഷേപങ്ങളെ സുരക്ഷിതമാക്കുന്നത്. അതിനോടൊപ്പം താരതമ്യേന ഭേദപ്പെട്ട പലിശയും പോസ്‌റ്റോഫീസ് നിക്ഷേപകര്‍ക്ക് ഉറപ്പുനല്‍കുന്നു.

സുകന്യ സമൃദ്ധി, പിപിഎഫ്, കിസാന്‍ വികാസ് പത്ര, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, റിക്കറിങ് ഡിപ്പോസിറ്റ്, സേവിംഗ്‌സ് അകൗണ്ട്, മന്ത്‌ലി ഇന്‍കം സ്‌കീം, ടൈ ഡിപ്പോസിറ്റ്, സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം തുടങ്ങി നിരവധി ആകര്‍ഷകമായ നിക്ഷേപ പദ്ധതികളാണ് പോസ്‌റ്റോഫീസ് സേവിംഗ്‌സ് ബാങ്ക് നിക്ഷേപകര്‍ക്കായി കാത്തുവെച്ചിരിക്കുന്നത്. അതോടാപ്പം നാടിന്റെ മുക്കിലും മൂലയിലും സജീവമായ പോസ്‌റ്റോഫീസുകള്‍ വഴി നിക്ഷേപം തുടങ്ങാന്‍ കഴിയും എന്നതും മെച്ചമാണ്.

പ്രധാനമായും മൂന്ന് സ്ഥിരനിക്ഷേപ പദ്ധതികളാണ് പോസ്‌റ്റോഫീസുകളില്‍ നിക്ഷേപകര്‍ക്കായുളളത്. ടൈ ഡിപ്പോസിറ്റ്, മന്ത്‌ലി ഇന്‍കം സ്‌കീം, സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം എന്നിവയാണിവ.


ടൈം ഡിപ്പോസിറ്റ്

പോസ്റ്റ് ഓഫിസ് ടൈം ഡിപ്പോസിറ്റ് വളരെ ആകര്‍ഷമായ പദ്ധതിയാണ്. 1,2,3,5 വര്‍ഷ കാലയളവില്‍ സ്ഥിരനിക്ഷേപം നടത്താം. കാലാവധി കൂടുന്നത് അനുസരിച്ചാണ് പലിശനിരക്ക് ഉയരുന്നത്. രക്ഷാകര്‍ത്താവിന്റെ ഉത്തരവാദിത്തത്തില്‍ 10 വയസ്സു തികഞ്ഞ കുട്ടികള്‍ക്കും നിക്ഷേപം ആരംഭിക്കാന്‍ കഴിയും. അഞ്ച് വര്‍ഷത്തെ നിക്ഷേപമാണെങ്കില്‍ 80സി പ്രകാരം ആദായനികുതിയിളവിനും അര്‍ഹതയുണ്ട്. ടൈം ഡിപ്പോസിറ്റില്‍ കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. നിക്ഷേപിക്കാവുന്ന പരമാവധി തുകയ്ക്ക് ഇവിടെ പരിധിയില്ല.

മന്ത്‌ലി ഇന്‍കം സ്‌കീം

പേരു സൂചിപ്പിക്കുന്നതുപോലെ മന്ത്‌ലി ഇന്‍കം സ്‌കീമില്‍ മാസം തോറും പലിശ വരുമാനം ലഭിക്കും. പോസ്റ്റ് ഓഫീസില്‍ നിക്ഷേപകന്റെ പേരിലുള്ള സേവിംഗ്‌സ് അക്കൗണ്ടിലേക്കാണ് ഇതു വരവുവയ്ക്കുക. അഞ്ചു വര്‍ഷമാണ് നിക്ഷേപ കാലാവധിയെങ്കിലും ആവശ്യമെങ്കില്‍ ഒരു വര്‍ഷത്തിനുശേഷം ചെറിയൊരു തുക പിഴ നല്‍കി നിക്ഷേപം പിന്‍വലിക്കാനും അവസരമുണ്ട്.

സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം

അറുപതു വയസ്സു പിന്നിട്ട മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.4 ശതമാനം വരെ പലിശ ലഭിക്കുന്ന പദ്ധതിയാണിത്. കുറഞ്ഞ നിക്ഷേപം 1000 രൂപയും ഉയര്‍ന്ന പരിധി 15 ലക്ഷവുമാണ്. അഞ്ചു വര്‍ഷത്തെ ലോക് ഇന്‍ പീരിയഡ് ഈ നിക്ഷേപത്തിനു ബാധകമാണ്. എങ്കിലും, ഒരു വര്‍ഷത്തിനുശേഷം ചെറിയൊരു സംഖ്യ പിഴ നല്‍കി പിന്‍വലിക്കാന്‍ അവസരമുണ്ട്. ത്രെെമാസ അടിസ്ഥാനത്തിലാണ് നിക്ഷേപ പലിശ സേവിംഗ്‌സ് അക്കൗണ്ടിലേക്കു വരവുവയ്ക്കപ്പെടുക. വ്യക്തിഗതമായോ ഭാര്യയോടൊപ്പം ചേര്‍ന്നോ പദ്ധതിയില്‍ അംഗമാകാം. ഒരു ലക്ഷം രൂപയ്ക്ക മുകളിലുള്ള നിക്ഷേപങ്ങള്‍ ചെക്ക് മുഖേനയെ സ്വീകരിക്കൂ. ചെക്ക് കളക്ഷനായി വരുന്ന ദിവസം മുതലാണ് കാലാവധി കണക്കുകൂട്ടുക. വകുപ്പ് 80സി പ്രകാരമുള്ള ആദായനികുതിയിളവ് ഈ പദ്ധതിയിലും ലഭ്യമാണ്.