
വാഷിംഗ്ടൺ: രാജ്യത്തെ കൊവിഡ് കാല പ്രതിസന്ധി പരിഹരിക്കുന്നതിന് അന്താരാഷ്‌ട്ര നാണയനിധി മ്യാൻമർ സർക്കാരിന് കഴിഞ്ഞയാഴ്‌ച നൽകിയ അടിയന്തര സഹായ വിനിയോഗം അനിശ്ചിതത്വത്തിൽ. 350 മില്യൺ അമേരിക്കൻ ഡോളറാണ് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) നൽകിയത്. എന്നാൽ ദിവസങ്ങൾക്കകം പട്ടാളം ഓങ് സാങ് സൂകിയെയും മറ്റ് നേതാക്കളെയും തടവിലാക്കി അധികാരം പിടിച്ചെടുത്തു. നൽകിയ പണം തിരികെയെടുക്കാൻ വഴിയാലോചിച്ച് കുഴങ്ങുകയാണ് അന്താരാഷ്‌ട്ര നാണയനിധി അധികൃതർ.
തുടർന്നുളള സംഭവങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ഈ സംഭവങ്ങൾ മൂലം മ്യാൻമറിലെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് വരുന്ന മാറ്റങ്ങളും അവ ജനങ്ങളിൽ വരുത്തുന്ന അനന്തരഫലങ്ങളും നിരീക്ഷിക്കുമെന്ന് അന്താരാഷ്‌ട്ര നാണയനിധി അധികൃതർ അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അധികാരമേറ്റെടുത്ത ശേഷം അഭിമുഖീകരിക്കുന്ന ആദ്യ അന്താരാഷ്‌ട്ര പ്രതിസന്ധിയാണ് മ്യാൻമറിലേത്. പട്ടാള മേധാവികൾക്ക് ശക്തമായ മുന്നറിയിപ്പാണ് ബൈഡൻ ഭരണകൂടം നൽകിയത്. രാജ്യത്തിന് നൽകുന്ന സഹായത്തിൽ കുറവ് വരുത്തുമെന്നും അന്ന് അറിയിച്ചിരുന്നു. അമേരിക്കയാണ് ഐ.എം.എഫിൽ ഏറ്റവും വലിയ ഓഹരി കൈവശം വച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴ് മാസത്തിനിടെ അന്താരാഷ്‌ട്ര നാണയനിധി 700 മില്യൺ ഡോളറാണ് മ്യാൻമാറിന് കൊവിഡ് നിയന്ത്രണത്തിനായി നൽകിയത്. റാപ്പിഡ് ക്രെഡിറ്റ് ഫെസിലിറ്റി വഴി 116.6 മില്യൺഡോളറും റാപ്പിഡ് ഫിനാൻസിംഗ് ഇൻസ്‌ട്രുമെന്റ് വഴി 233.4 മില്യൺ ഡോളറുമാണ് നൽകിയത്.
കൊവിഡ് ധനസഹായം നിലവിലെ പട്ടാളഭരണകൂടം എങ്ങനെ ചിലവഴിക്കും എന്നതാണ് അന്താരാഷ്‌ട്ര നാണയനിധി അധികൃതരെ ആശങ്കയിലാക്കുന്നത്. മുൻ ഭരണകൂടം അന്താരാഷ്‌ട്ര നാണയനിധിയുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചതിനാൽ പണം ശരിയായ രീതിയിലാണ് വിനിയോഗിച്ചിരുന്നത്. ഐഎംഎഫ് രാജ്യത്തേക്ക് പണം നൽകുന്നത് രാജ്യത്തെ സെൻട്രൽ ബാങ്ക് ഓഫ് മ്യാൻമറിലൂടെയാണ്. രാജ്യത്തെ ധനമന്ത്രാലയത്തിൽ നിന്ന് സ്വതന്ത്ര്യമായാണ് ബാങ്ക് പ്രവർത്തിച്ചിരുന്നത്. ഈ സംവിധാനമെല്ലാം പട്ടാളഭരണത്തിൽ അട്ടിമറിക്കപ്പെട്ടേക്കാം എന്ന് അന്താരാഷ്‌ട്ര നാണയനിധി അധികൃതർ ആശങ്കപ്പെടുന്നു. രാജ്യത്തെ വികസനത്തിന് 150 മില്യൺ ഡോളർ മ്യാൻമാറിന് നൽകിയ ലോകബാങ്കും പണത്തിന്റെ വിനിയോഗത്തെ സംബന്ധിച്ച് ആശങ്കയിലാണ്.