k-sudhakaran

കണ്ണൂർ: കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട കെ. സുധാകരന്റെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിന് വഴിമുടക്കിയത് മലബാറിലെ എ.ഐ.സി.സി. നേതാവ്. തന്റെ അദ്ധ്യക്ഷ സ്ഥാനത്തിന് പാരവച്ചത് ആരാണെന്ന് തനിക്ക് അറിയാമെന്നും ഉചിതമായ സമയത്ത് അതു വെളിപ്പെടുത്തുമെന്നും സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രസിഡന്റ് സ്ഥാനത്തിനായി താൻ ആരുടെ മുന്നിലും കൈനീട്ടില്ലെന്ന മുൻനിലപാട് അദ്ദേഹം വീണ്ടും ആവർത്തിക്കുകയും ചെയ്തു. ഇന്നലെ കണ്ണൂരിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലുമായി കെ. സുധാകരൻ രഹസ്യ കൂടിക്കാഴ്ചയും നടത്തിയിരുന്നു.

കെ.പി.സി.സി അദ്ധ്യക്ഷനാകാൻ താത്പര്യമുണ്ടെന്ന് വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പി നേരത്തെ തന്നെ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് ഹൈക്കമാൻഡ് മലബാറിലെ എ. ഐ.സി.സി നേതാവുമായി കൂടിക്കാഴ്ചയും നടത്തി. സുധാകരനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് സംഘടനയ്ക്ക് ഗുണം ചെയ്യില്ലെന്ന നിലപാടാണ് അദ്ദേഹം ഹൈക്കമാൻഡുമായി പങ്കുവച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നാൽ സുധാകരന്റെ അപ്രമാദിത്തം അംഗീകരിച്ചു കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം ഹൈക്കമാൻഡിനെ ബോദ്ധ്യപ്പെടുത്തിയിരുന്നു. വിശ്വസ്തൻ എന്ന നിലയിൽ എ. ഐ.സി.സി നേതാവിന്റെ വാക്കുകൾ ഹൈക്കമാൻഡ് മുഖവിലക്കെടുക്കുകയായിരുന്നു.

സുധാകരനെതിരെ എല്ലാ ഗ്രൂപ്പുകളും ഒറ്റക്കെട്ട്

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് കെ. സുധാകരൻ - എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ കൂടിക്കാഴ്ച കഴിഞ്ഞ 23ന് നിശ്ചയിച്ചതായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കാൻ സാദ്ധ്യതയുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നതോടെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് സുധാകരന്റെ പേര് ഉയർന്നു വന്നത്. തിരഞ്ഞെടുപ്പ് മാനേജ്മെന്റ് സമിതിയുടെ അദ്ധ്യക്ഷനായി ഉമ്മൻചാണ്ടി നിയോഗിക്കപ്പെട്ടതുപോലെ സുധാകരൻ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്നായിരുന്നു അഭ്യൂഹങ്ങളുയർന്നത്. അദ്ധ്യക്ഷസ്ഥാനം സംബന്ധിച്ച് ദേശീയ നേതാക്കളുമായി സംസാരിച്ച കാര്യം സുധാകരൻ മാദ്ധ്യമങ്ങളോടും വെളിപ്പെടുത്തിയിരുന്നു.

മറ്റു ജില്ലകൾ കോൺഗ്രസിനെ കൈവിട്ടപ്പോൾ താത്കാലിക ആശ്വാസമായ കണ്ണൂരിലെ വിജയം ഉയർത്തിപ്പിടിച്ച് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം പിടിക്കാൻ സുധാകരവിഭാഗം നേരത്തെ തന്നെ നീക്കം തുടങ്ങിയിരുന്നു. കണ്ണൂർ കോ​ർപ്പ​റേ​ഷ​നി​ലെ വി​ജ​യ​ത്തിന്റെ ശില്പിയെന്ന നിലയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഹൈക്കമാൻഡിനെ സമീപിക്കുമെന്ന് സുധാകരൻ മുമ്പ് പറഞ്ഞിരുന്നു. ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ണൂ​രി​ലെ സ്ഥാ​നാ​ർത്ഥിനി​ർ​ണ​യ​ത്തി​ൽ താനുമായി യാ​തൊ​രു കൂ​ടി​യാ​ലോ​ച​ന​യും സു​ധാ​ക​ര​ൻ ന​ട​ത്തി​യി​ല്ലെന്ന് മുല്ലപ്പള്ളിയും ഹൈക്കമാൻഡിന് പരാതി നൽകിയിരുന്നു.

13 ജി​ല്ലാ ക​മ്മി​റ്റി​ക​ളും കെ​.പി​.സി​.സി നി​ർ​ദ്ദേ​ശാ​നു​സ​ര​ണം പ്ര​വ​ർ​ത്തി​ച്ച​പ്പോ​ൾ ക​ണ്ണൂ​രി​ലെ സ്ഥാ​നാ​ർ​ത്ഥി നി​ർ​ണ​യം കെ.​സു​ധാ​ക​രന്റെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു. ചിലയിടത്ത് കെ.പി.സി.സി സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ നിറുത്തിയെങ്കിലും സുധാകരന്റെ സമ്മർദ്ദത്തെ തുടർന്ന് അവസാനം പിന്മാറേണ്ടി വന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് വന്ന സമയത്ത് കെ. സുധാകരന്റെ പേരും ചർച്ചയിലുണ്ടായിരുന്നു.

മറ്റു ജില്ലകൾ കോൺഗ്രസിനെ കൈവിട്ടപ്പോൾ ആശ്വാസമായ കണ്ണൂരിലെ വിജയം ഉയർത്തിക്കാട്ടി കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം പിടിക്കാൻ വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പി നടത്തുന്ന തന്ത്രങ്ങൾ പ്രതിരോധിക്കാൻ എ ഗ്രൂപ്പും ഐ ​ഗ്രൂ​പ്പി​ലെ ഒ​രു വി​ഭാ​ഗ​വും വേ​ണു​ഗോ​പാ​ൽ ഗ്രൂ​പ്പും സുധാകരന്റെ പ്രസിഡന്റ് സ്ഥാനത്തിനെതിരെ ഒളി‌ഞ്ഞും തെളിഞ്ഞും നീക്കങ്ങൾ നടത്തിയിരുന്നു. സുധാകരൻ നേതൃസ്ഥാനത്ത് എത്തിയാൽ തങ്ങൾ അപ്രസക്തമാകുമെന്നായിരുന്നു ഇവരുടെ ആശങ്ക.

കണ്ണൂർ കോ​ർപ്പ​റേ​ഷ​നി​ലെ വി​ജ​യ​ത്തി​ന്റെ ശിൽപ്പിയെന്ന നിലയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഹൈക്കമാൻഡിനെ സമീപിക്കുമെന്ന് സുധാകരൻ പറഞ്ഞിരുന്നു. നേതാക്കൾക്ക് കഴിവില്ലാത്തതിനാലാണ് കോൺഗ്രസുകാർ ബി.ജെ.പിയിലേക്ക് പോകുന്നതെന്നും നേതൃമാറ്റം ഇല്ലെങ്കിൽ പാർട്ടിക്ക് പിടിച്ചു നിൽക്കാനാവില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പ്ളള്ളി രാമചന്ദ്രനെതിരെ സുധാകരൻ രൂക്ഷ വിമർശനം നടത്തിയിരുന്നു. നേതൃമാറ്റം പരിഹാരമല്ലെന്ന് എ. ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലും തുറന്നടിച്ചിരുന്നു. നേതൃമാറ്റം ഇല്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയം ഇതിലും കനത്തതാവുമെന്നാണ് സുധാകര വിഭാഗം വിലയിരുത്തുന്നത്.

സംഘടനയിൽ ചർച്ച ചെയ്യാതെ മുല്ലപ്പള്ളി പറയുന്നതൊന്നും കോൺഗ്രസിന്റെ നിലപാടല്ലെന്നും ശുപാർശയ്ക്കും വ്യക്തിതാത്പര്യങ്ങൾക്കും വഴങ്ങാത്ത നേതൃനിര വേണമെന്നും കെ.പി.സി.സി തലത്തിലും ജില്ലാതലത്തിലും അഴിച്ചുപണിക്ക് ഹൈക്കമാൻഡ് ഇടപെടണമെന്നുമാണ് ഇവരുടെ ആവശ്യം.