
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ നിന്ന് കഴക്കൂട്ടത്തേക്ക് മണ്ഡലം മാറുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെ പ്രതികരണവുമായി വി കെ പ്രശാന്ത് എം എൽ എ. വി കെ പ്രശാന്ത് തന്നെ വട്ടിയൂർക്കാവിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടയിൽ കഴക്കൂട്ടത്തേക്ക് വി കെ പ്രശാന്ത് മത്സരിക്കാനായി മാറുമെന്നായിരുന്നു സജീവമായുണ്ടായിരുന്ന പ്രചാരണം. ഇക്കാര്യത്തിലാണ് വി കെ പ്രശാന്ത് പ്രതികരിച്ചിരിക്കുന്നത്.
'പാർട്ടി എവിടെ മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നോ അവിടെ മത്സരിക്കും. ഇനി മത്സരിക്കേണ്ടെന്ന് പറഞ്ഞാൽ മത്സരിക്കുകയുമില്ല. പാർട്ടിയാണ് എവിടെ മത്സരിക്കണം മത്സരിക്കേണ്ടതില്ല എന്നുളള കാര്യങ്ങൾ തീരുമാനിക്കുന്നത്. തിരുവനന്തപുരം മേയറായിരുന്നപ്പോഴാണല്ലോ എന്നെ വട്ടിയൂർക്കാവിലേക്ക് മത്സരിക്കാൻ അവശ്യപ്പെട്ടത്. അത് സ്വീകരിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം’ എന്നാണ് വി കെ പ്രശാന്തിന്റെ പ്രതികരണം.
കഴിഞ്ഞ തവണ തിരുവനന്തപുരം ജില്ലയിൽ നേടിയ മേൽക്കൈ ഇത്തവണയും ഉണ്ടാകുമെന്നാണ് വിചാരിക്കുന്നതെന്ന് വി കെ പ്രശാന്ത് പറയുന്നു. ഒപ്പം നേമം അടക്കം ചില മണ്ഡലങ്ങൾ ഇടതുപക്ഷത്തേക്ക് വരാനുളള സാദ്ധ്യതയും കാണുന്നുണ്ടെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.
യു ഡി എഫ് മണ്ഡലമെന്ന നിലയിലായിരുന്നു വട്ടിയൂർക്കാവ് രാഷ്ട്രീയ കേരളത്തിൽ അറിയപ്പെട്ടിരുന്നത്. 2016ൽ മണ്ഡലത്തിൽ വിജയിച്ച് എം എൽ എയായ കെ മുരളീധരൻ വടകര ലോക്‌സഭ എം പിയായതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടന്നു. ഈ ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിനെ അട്ടിമറിച്ച് അന്നത്തെ തിരുവനന്തപുരം കോർപ്പറേഷൻ മേയറായിരുന്ന വി കെ പ്രശാന്ത് എൽ ഡി എഫിന് വേണ്ടി മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു.