
തിരുവനന്തപുരം: പാർക്ക് നവീകരണത്തിന്റെ ഭാഗമായി ശംഖുംമുഖം ആറാട്ട് മണ്ഡപത്തിന് മുന്നിലൂടെ തയ്യാറാക്കുന്ന നടപ്പാത നിർമ്മാണം വിവാദത്തിൽ. ടൂറിസം വകുപ്പാണ് നടപ്പാത നിർമ്മിക്കുന്നത്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് നടക്കാറുള്ള കൽമണ്ഡപത്തിന് മുന്നിലും ഒരുവശത്തുകൂടിയുമുള്ള നടപ്പാത നിർമ്മാണം ചടങ്ങുകൾക്ക് തടസം സൃഷ്‌ടിക്കുമെന്നാണ് ആക്ഷേപം. സ്ഥലം സന്ദർശിച്ച ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ സി.പി. ഗോപകുമാർ ഡി.ജി.പി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അനധികൃത നിർമ്മാണം തടയണമെന്നാവശ്യപ്പെട്ട് പരാതി നൽകി. ഇതിനുപിന്നാലെ ക്ഷേത്രം ട്രസ്റ്റും നിയമനടപടിക്ക് ഒരുങ്ങുന്നതായാണ് വിവരം.
സംഭവം വിവാദമായതോടെ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. മണ്ഡപത്തിന് സമീപം പ്രതിഷേധ സൂചകമായി ഫ്ലക്‌സ് ബോർഡുകളും ഉയർത്തിയിട്ടുണ്ട്. ആറാട്ട് പൂജകൾക്ക് പുറമെ ബലിതർപ്പണമടക്കമുള്ള ചടങ്ങുകളും ഇവിടെയാണ് നടക്കുന്നത്. അതേസമയം ആരോടും ആലോചിക്കാതെ നിർമ്മാണത്തിൽ അപാകത ആരോപിച്ച് പൊലീസിൽ പരാതി നൽകിയതിൽ എക്‌സിക്യൂട്ടീവ് ഓഫീസർക്കെതിരെ സർക്കാർ തലങ്ങളിൽ നിന്ന് വിമർശനമുയർന്നിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ നിർദ്ദേശപ്രകരം ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് കരാർ ഏറ്റെടുത്ത് നിർമ്മാണം നടത്തുന്നത്. ഗോവ കേന്ദ്രീകരിച്ചുള്ള ആർക്കിടെക്ചർ കമ്പനിയാണ് ടൂറിസം വകുപ്പിന് ഡിസൈൻ നൽകിയത്. ആറാട്ട് കൊട്ടാരത്തിനോട് ചേർന്ന് കടമുറികൾ നിർമ്മിച്ചതിലും ഹിന്ദു സംഘടനകൾക്ക് എതിർപ്പുണ്ട്. കരിങ്കൽ ഇരിപ്പിടങ്ങളും പുൽത്തകിടികളും മണ്ഡപത്തിന് സമീപത്തായി ഒരുക്കുന്നുണ്ട്. നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്നത് ഡി.ടി.പി.സിയാണ്.
ഇന്ന് ചർച്ച
സംഭവം വിവാദമായതോടെ ക്ഷേത്ര ട്രസ്റ്റുമായി ചർച്ചയ്ക്കൊരുങ്ങുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായി
മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ക്ഷേത്രം പ്രതിനിധികൾ ഇന്ന് ചർച്ച നടത്തുമെന്നാണ് വിവരം.
കരാർ നൽകിയ പ്രവൃത്തികൾ ഏറ്റെടുത്ത് ചെയ്യുന്നതേയുള്ളൂ. നിലവിൽ പാർക്കിലെ മറ്റ് നിർമ്മാണം നിറുത്തിവയ്‌ക്കാൻ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. വിവാദമായ നടപ്പാത നിർമ്മാണം താത്കാലികമായി നിറുത്തി.
-ഊരാളുങ്കൽ ലേബർ സൊസൈറ്റി