wild

തിരുവനന്തപുരം: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുളള കൂടുതൽ പ്രദേശങ്ങൾ പരിസ്ഥിതി ദുർബല മേഖലയാക്കുന്നതിനുളള കരട് വിജ്ഞാപനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. വന്യജീവി സങ്കേതത്തിന് ചുറ്റുമുളള 3.5 കിലോമീറ്റർ വായുപരി​ധി​ പ്രദേശമാണ് പരിസ്ഥിതി ദുർബല പ്രദേശമാക്കുന്നത്. ബത്തേരി, കാട്ടിക്കുളം ടൗണുകൾ ഇതിൽപ്പെടും. മാനന്തവാടി, ബത്തേരി താലൂക്കുകളിലെ 119 സ്ക്വയർ കിലോമീറ്ററാണ് ഇതി​ൽ ഉണ്ടാവുക. ആക്ഷേപമുളളവർ 60 ദിവസത്തിനുളളിൽ അറിയിക്കാനാണ് നിർദ്ദേശം. അറുപതുദിവസം കഴിഞ്ഞാൽ പരിസ്ഥിതി ദുർബലമേഖലയായുളള പ്രഖ്യാപനം ഉണ്ടാവും.ജനുവരി 28നാണ് ഗസറ്റ് വിജ്ഞാപനമിറങ്ങിയത്.

പരിസ്ഥിതി ദുർബലമേഖലയാക്കുന്നതോടെ പ്രദേശത്ത് ഭൂമി ഉപയോഗത്തിനുൾപ്പടെ കർശന നിയന്ത്രണങ്ങളാവും നിലവിൽ വരുന്നത്. വിവിധതരത്തി​ലുളള ഖനന പ്രവർത്തനങ്ങൾ, പാറമടകൾ, ക്രഷർ എന്നിവ പൂർണമായും നിരോധിക്കും. വൻകിട നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒന്നിനും അനുമതി കിട്ടില്ല. പുതിയ ഹോട്ടലുകളോ റിസോർട്ടുകളോ തുടങ്ങുന്നതിനും അനുമതി ഉണ്ടാവില്ല. ഇതിനൊപ്പം മലിനീകരണമുണ്ടാക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്കും പുതിയ തടിമില്ലുകൾ തുടങ്ങുന്നതിനും അനുമതി ലഭിക്കില്ല. എന്നാൽ പഴയ തടിമില്ലുകൾക്ക് തുടരാം. പക്ഷേ പുനരുദ്ധാരണ പ്രവൃത്തി​കൾക്ക് അനുമതി​യുണ്ടാവി​ല്ല. സംസ്ഥാന സർക്കാരിന്റെ പ്രത്യേക അനുമതി കിട്ടിയാലേ മരങ്ങൾ മുറിച്ചുമാറ്റാൻ പാടുളളൂ.ജലവൈദ്യുത പദ്ധതികൾക്കുളള അനുമതിയും ലഭിക്കില്ല.