cpm

തിരുവനന്തപുരം: ലോക്‌ഭയിലേക്ക് മത്സരിച്ചവരെ സി പി എം നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കില്ല. ഇതുസംബന്ധിച്ച് പാർട്ടിയിൽ ധാരണയായി. ഇതോടെ എം ബി രാജേഷ്, എ സമ്പത്ത്, കെ എൻ ബാലഗോപാൽ, പി രാജീവ്, പി ജയരാജൻ അടക്കം നിയമസഭയിലേക്ക് സീറ്റ് ലഭിക്കുമെന്ന് കരുതിയ പല നേതാക്കന്മാരുടെയും കാര്യം പരുങ്ങലിലായി. എന്നാൽ അനിവാര്യരായവരെ മത്സരിപ്പിക്കണമോയെന്ന കാര്യത്തിൽ പാർട്ടി നിലപാട് എന്താണെന്ന് വ്യക്തമായിട്ടില്ല.

രണ്ടുവട്ടം എം എൽ എമാരായവരെ ഒഴിവാക്കുന്ന കാര്യത്തിലും തീരുമാനമായിട്ടുണ്ട്. തുടർച്ചയായി രണ്ടു തവണ ജയിച്ചവർക്ക് മൂന്നാമത് അവസരം നൽകേണ്ടയെന്നാണ് സംസ്ഥാന സമിതിയിലെ തീരുമാനം. മണ്ഡലം നിലനിർത്താൻ അനിവാര്യമെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ ഇളവ് നൽകേണ്ടതുളളൂ. സ്ഥാനാർത്ഥി നിർണയ മാനദണ്ഡങ്ങൾ സംബന്ധിച്ച് എ കെ ജി സെന്ററിൽ നടക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ ചർച്ച തുടരുകയാണ്. തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവും പ്രചാരണ തന്ത്രങ്ങളും ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന സമിതി യോഗം ചർച്ച ചെയ്യും.

കഴിഞ്ഞ തവണ സി പി എം സ്വതന്ത്രൻമാർ‌ ഉൾപ്പടെ മത്സരിച്ച 92 സീറ്റുകളിൽ ചിലത് മറ്റ് കക്ഷികൾക്ക് വിട്ടു നൽകേണ്ടി വരുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തുന്നു. ഏതൊക്കെ സീറ്റുകൾ വിട്ടു നൽകണമെന്ന കാര്യവും സംസ്ഥാനകമ്മിറ്റി വിശദമായി ചർച്ച ചെയ്യും.