 
മാതൃകാ ഗദ്യത്തിന്റെ പ്രയോക്താവ് എന്ന നിലയിലുള്ള പ്രശസ്തി സൂര്യനെപ്പോലെ ജ്വലിച്ചുയർന്നപ്പോൾ മനോജ്ഞമായ പദ്യത്തിന്റെ; അതെ, കവിതയുടെ തന്നെ; രചയിതാവ് എന്ന നിലയ്ക്കുള്ള പ്രശസ്തിക്കു മങ്ങലേറ്റോ? സി.വി. കുഞ്ഞുരാമന്റെ ഓർമ്മ തെളിഞ്ഞുവരുമ്പോഴൊക്കെ, അതിന് അനുബന്ധമായി ഈ ചോദ്യവും മനസ്സിലേക്കു കടന്നുവരാറുണ്ട്. ഏതായാലും ഒന്നു വ്യക്തം. സി.വി കുഞ്ഞുരാമന്റെ വ്യക്തിത്വത്തെ സമഗ്രതയിൽ വിലയിരുത്തണമെങ്കിൽ അദ്ദേഹത്തിന്റെ കാവ്യകവിത്വത്തെ സൂക്ഷ്മതയിൽ അറിഞ്ഞേ പറ്റൂ.
'ഒരു ഭാഗത്തിലൗന്നത്യം കലരും മലയാചലം, മറുഭാഗത്ത് ഗംഭീര പാരാവാരം ഭയാനകം' എന്നീ വരികളിലൂടെ മലയാളിയുടെ മനസ്സിൽ സി.വി കോറിയിട്ട കേരളചിത്രത്തിന് എന്നെങ്കിലും മങ്ങലുണ്ടാവുമെന്നു തോന്നുന്നില്ല. തന്റെ സാഹിത്യ ജീവിതത്തിന്റെ പ്രാരംഭ ഘട്ടങ്ങളിൽ മാത്രമേ കവിതാ രചനയിയിൽ സി.വി കേന്ദ്രീകരിച്ചുള്ളു എന്നത് ഒരു നഷ്ടം. ആശാന്റെ നളിനി വായിച്ചിട്ട്, ഇനി കവിതയെഴുതില്ല എന്നു പറഞ്ഞ് തൂലിക അദ്ദേഹം താഴെവച്ചു എന്നതു മറ്റൊരു നഷ്ടം!
സാമുദായികമായ ഉച്ചനീചത്വങ്ങൾക്കെതിരായ പോരാട്ടമായിരുന്നു സി.വിക്ക് ജീവിതം. അദ്ദേഹത്തിന് സാഹിത്യജീവിതവും മറ്റൊന്നായിരുന്നില്ല. അതുകൊണ്ടുതന്നെ ആ കാവ്യസഞ്ചയത്തിലാകെ ഭേദചിന്തകൾക്ക് അതീതമായ മാനുഷികതയുടെ സത്ത ഓളംവെട്ടുന്നതു കാണാനാവുന്നതിൽ അദ്ഭുതമില്ല. അതിനൊപ്പം തന്നെ തിളങ്ങിവിളങ്ങുന്നുണ്ട് സി.വിയുടെ സൗന്ദര്യസങ്കല്പങ്ങളും. സത്യത്തിൽ ഇവ രണ്ടിന്റെയും സമ്യക്കായ സമ്മേളനമാണ് സി.വി കവിതകൾ. 
'കാർത്തികോദയം " എന്ന കവിതയിലെ  കേരളവർണനയുടെ ചാരുത അറിയുംതോറും അതു പൂർണമായി വായിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന മോഹം ശക്തിപ്പെട്ടുവരും.
'നെല്ലിൻ പാടങ്ങളിൽക്കൂടി വളഞ്ഞൊഴുകുമാറുകൾ
കേരളോർവിയുടുക്കുന്ന പുടവക്കസവല്ലയോ...
അവൾക്കു നിത്യനീരാട്ടു കുളിയ്ക്കെത്ര മനോജ്ഞമായ്
സരോവരങ്ങൾ നിർമിച്ചു നൽകീ പ്രകൃതിദേവിയാൾ' എന്നൊക്കെയുള്ള ഭാഗങ്ങളിൽ കേരളത്തിന്റെ നിത്യഹരിതമായ പ്രകൃതിരമണീയത എത്ര ഭാവാർദ്രമാം വിധം വാങ്മയചിത്രങ്ങളായി മാറുന്നു!
മഹാകവി ഉള്ളൂരിന്റെ ഉമാകേരളത്തിലെ 'നെടിയമല കിഴക്കും നേരെഴാത്താഴിമേക്കും, വടിവിലെലുകയായിത്തഞ്ചിടും വഞ്ചിനാടേ..."എന്ന ഭാഗമുണ്ടല്ലോ- കൃത്യമായും അതിനൊപ്പമുള്ള ഉയർന്ന നിലവാരത്തിലെത്തി നിൽക്കുന്നുണ്ട് സി.വിയുടെ 
'കേരളം"എന്ന ഭാഗത്തിന്റെ തുടക്കം.
ആശാനുള്ളപ്പോൾ താൻ എന്തിനു കവിതയെഴുതണമെന്ന മട്ടിൽ സി.വി കവിതയെ കൈവിടേണ്ടിയിരുന്നില്ല. മലർമാത്, പുരുഷത്വം തുടങ്ങിയ കവിതകൾ ശുദ്ധസൗന്ദര്യത്തിന്റേതാണെങ്കിൽ നരലോകം, സ്വാഗതഗാനം, ഓണപ്പാട്ട് തുടങ്ങിയവ സാമൂഹ്യപ്രതിബദ്ധതയുടേതാണ്.
എടുത്തുപറയേണ്ട കവിതയാണ് 'ശ്രീപത്മനാഭ സന്നിധിയിൽ ഈഴവ നിവേദനം' എന്നത്. ഹൈന്ദവ- ഹൈന്ദവേതര ദൈവസങ്കല്പങ്ങളെ വണങ്ങിക്കൊണ്ട് മതനിരപേക്ഷമായ ഒരു ആത്മീയതയെ ഉണർത്തിയെടുക്കുന്ന വിധത്തിലാണ് അതിന്റെ തുടക്കം തന്നെ. ഈ കവിതയുടെ ഒരു ഘട്ടത്തിൽ ശ്രീപത്മനാഭനെ ദർശിച്ച് സങ്കടമുണർത്താൻ രാത്രിസമയത്ത് എത്തുന്നവരോട്, എന്തുകൊണ്ട് രാത്രിയിൽ വരുന്നു എന്നു ചോദിക്കുന്ന ഒരു ഭാഗമുണ്ട്. രാത്രിയിൽ അടുത്തു വരുവാൻ തടസ്സമില്ല. പകലാണെങ്കിലോ? എങ്കിൽ ഗാത്രം അടികൊണ്ടുടയും എന്നാണു മറുപടി.
ജാതിപ്പിശാചിന്റെ നൃശംസതയെ ക്ഷേത്രപ്രവേശന വിരോധത്തിന്റെ പശ്ചാത്തലത്തിൽ എത്ര ഹൃദയാവർജ്ജകമായാണ് സി.വി ആവിഷ്കരിച്ചത്! ഭക്തി അടികൊള്ളാൻ കാരണമാവുമെങ്കിൽ ആ ഭക്തി വേണ്ട എന്നുവെക്കാതെ തരമില്ലല്ലൊ എന്ന ധീര നിലപാടിലേക്കാണ് ആ കവിത വളരുന്നത്. വഴി നടക്കാനനുവാദമില്ല. ചേർ നനയാനല്ലാതെ കുളിക്കാൻ പാടില്ല. നെഞ്ചുപിളർത്തുന്ന നീതിയാണ് നടപ്പാവുന്നത്. പാമ്പിനും പരുന്തിനും കുരങ്ങിനും ഭഗവാനു മുന്നിൽ വന്നുനിൽക്കാം. പാവപ്പെട്ട ഞങ്ങൾ കുമ്പിടാൻ മുമ്പിലെത്തിയാലോ? ബ്രാഹ്മണർ പുലികളെപ്പോലെ ചീറിയെത്തും. ഇതാണവസ്ഥ എന്ന് ആ കവിതയിൽ സി.വി വിശദീകരിച്ചു.
ഈ കവിതയിൽ തെളിഞ്ഞുനിൽക്കുന്നത് ആത്മാഭിമാനമാണ്.