ncp

ന്യൂഡൽഹി: പാലാ സീറ്റിൽ വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന് എൻ സി പി ദേശീയ നേതൃത്വം. തോറ്റ പാർട്ടിക്ക് സിറ്റിംഗ് സീറ്റ്‌ വിട്ടു നൽകാനാവില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ നേരിട്ടറിയിച്ചു. കേരള നേതാക്കളുമായി പവാർ ഡൽഹിയിൽ നടത്തിയ ചർച്ചയിലേക്ക് യെച്ചൂരിയും എത്തിയത്. അപ്രതീക്ഷിതമായാണ് യെച്ചൂരി ചർച്ചയിൽ പങ്കെടുക്കാനായി എത്തിയത്. എൻ സി പിയെ മുന്നണിയിൽ ഉറപ്പിച്ചു നിറുത്താനുളള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു യെച്ചൂരിയുടെ കൂടിക്കാഴ്‌ച.

നാല് തവണ മത്സരിച്ച് ഒടുവിൽ വിജയിച്ച പാലാ സീറ്റ് വിട്ടുനൽകണമെന്ന് സംസ്ഥാന ഘടകത്തോട് എങ്ങനെ ആവശ്യപ്പെടുമെന്ന് യെച്ചൂരിയോട് പവാർ ആരാഞ്ഞതായാണ് വിവരം. പാലാ നൽകില്ലെങ്കിൽ പകരം വിജയ സാദ്ധ്യതയുളള മറ്റൊരു സീറ്റും രാജ്യസഭാ സീറ്റും വേണമെന്ന് ചർച്ചയിൽ എൻ സി പി യെച്ചൂരിയോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ തീരുമാനം ഒന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും എൻ സി പി മുന്നണി വിടുന്നത് തടഞ്ഞ് സമവായത്തിലേക്ക് എത്തിക്കാനാണ് സി പി എം ശ്രമിക്കുന്നത്.

എൻ സി പി സംസ്ഥാന അദ്ധ്യക്ഷൻ ടി പി പീതാംബരൻ, മന്ത്രി എ കെ ശശീന്ദ്രൻ, മാണി സി കാപ്പൻ എന്നിവരാണ് ശരദ് പവാറിനെ കണ്ടത്. എൻ സി പി മുന്നണി വിടുന്നതിനെ തടയിടാൻ സി പി എം കേന്ദ്ര നേതൃത്വം നടത്തിയ ഇടപെടലുകൾ കാരണം എൻ സി പി ദേശീയ നേതാക്കൾ ആശയക്കുഴപ്പത്തിലായിരുന്നു. ഒപ്പം തുടർഭരണ സാദ്ധ്യതകളുണ്ടെന്ന് എ കെ ശശീന്ദ്രൻ കേന്ദ്ര നേതാക്കളെ അറിയിച്ചതും പരിഗണിച്ചാണ് മുന്നണിയിൽ തുടരാൻ ദേശീയ നേതാക്കൾ ആവശ്യപ്പെട്ടതെന്നാണ് വിവരം.

അതേസമയം, സിറ്റിംഗ് സീറ്റുകൾ വിട്ടു കൊടുത്തിട്ട് മുന്നണിയിൽ തുടരേണ്ടെന്ന ശരദ് പവാറിന്റെ നിലപാടിലാണ് മാണി കാപ്പൻ അനുകൂലികളുടെ പ്രതീക്ഷ. എന്നാൽ എൻ സി പിയെ കിട്ടിയില്ലെങ്കിലും കാപ്പനെയെങ്കിലും മുന്നണിയിലെത്തിക്കാനുളള ശ്രമമാണ് യു ഡി എഫ് നടത്തുന്നത്.